അടിച്ചു പൂസാവാന്‍ കള്ളില്‍ കഞ്ചാവ്: സംസ്ഥാനമാകെ വില്‍പ്പന സജീവം

ന്യൂസ് ഡെസ്ക്ക് -

തൃശൂര്‍>>> അടിച്ചു പൂസാവാന്‍ കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന തൃശൂരിലും. എക്‌സൈസ് ശേഖരിച്ച സാമ്പിളുകളിലാണ് കള്ളില്‍ കഞ്ചാവ് കലര്‍ത്തിയെന്നത് തെളിഞ്ഞത്.

കഴിഞ്ഞ ദിവസം ലാബ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലയില്‍ ഇത് ആദ്യമായാണ് കള്ളില്‍ കഞ്ചാവ് കലര്‍ത്തിയത് സംബന്ധിച്ച് കേസെടുക്കുന്നത്. കള്ളിന്റെ വീര്യം കൂട്ടാന്‍ കഞ്ചാവിന്റെ ഇല അരച്ചുചേര്‍ക്കുകയോ അല്ലെങ്കില്‍ കഞ്ചാവ് കിഴി ഉപയോഗിക്കുകയോ ചെയ്യുകയാണ്.

ലോക്ഡൗണ്‍ കാലത്ത് വ്യാജമദ്യ വില്‍പനയും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെയും വരവും വില്‍പനയും വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഷാപ്പുകളില്‍ കള്ളിന്റെ ക്ഷാമവും ആവശ്യക്കാരുടെ എണ്ണവും കുറഞ്ഞതാണ് കള്ളിന് വീര്യം കൂട്ടാനുള്ള കൃത്രിമ മാര്‍ഗങ്ങളിലേക്ക് കടക്കുന്നതിന് കാരണമായി എക്‌സൈസ് ചൂണ്ടിക്കാണിക്കുന്നത്.

നേരത്തേ മറ്റ് രാസപദാര്‍ഥങ്ങളായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. ഇപ്പോഴാണ് കഞ്ചാവും കലര്‍ത്തുന്നത്. ഏറെ അപകട സാധ്യതയുള്ള ലഹരി ഉപയോഗമാണിത്. ഷാപ്പുകളില്‍ മതിയായ പരിശോധനകള്‍ കൃത്യമായി നടക്കാത്തതും ഉദ്യോഗസ്ഥരുമായുള്ള ഷാപ്പുടമകളുടെ വഴിവിട്ട സൗഹൃദവും വ്യാജന്മാര്‍ക്ക് സൗകര്യമാകുന്നു. ആവശ്യത്തിന് ജീവനക്കാരും സൗകര്യങ്ങളുമില്ലെന്ന് എക്‌സൈസും ഇതിന് വിശദീകരണം നല്‍കുന്നു. കഞ്ചാവും നിരോധിത പുകയില ഉല്‍പന്നങ്ങളും വ്യാജമദ്യവും തുടങ്ങി കണ്ണുതെറ്റിച്ച് കടത്തുന്ന നൂറുകണക്കിന് കിലോ ലഹരിവസ്തുക്കളാണ് എക്‌സൈസ് നിരന്തര ശ്രമത്തിലൂടെ പിടികൂടുന്നത്. എന്നാല്‍, ഷാപ്പുകളിലൂടെ വീര്യം കൂട്ടാന്‍ നിരോധിത വസ്തുക്കളുപയോഗിച്ചുള്ള വില്‍പനയെ തടയുന്നതില്‍ എക്‌സൈസ് പരാജയപ്പെടുകയാണ്.

നിരന്തരമായ കര്‍ശന പരിശോധനകളും നിയമനടപടികളും ശക്തമായ ബോധവത്കരണവുമാണ് ഇതിനുള്ള പരിഹാരമായി എക്‌സൈസ് അധികൃതരും പറയുന്നത്.പക്ഷേ ഈ നടപടികളൊന്നും സംസ്ഥാനത്ത് നടപ്പാവുന്നില്ലെന്നാണ് എക്‌സൈസ് പറയുന്നത്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →