ചരിത്രപ്രസിദ്ധമായ കാഞ്ഞൂര്‍ പള്ളിയിലേക്ക് തീര്‍ത്ഥാടകപ്രവാഹം;ബിജ്നോര്‍ ആര്‍ച്ച് ബിഷപ്പ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി

-

കാലടി>> പെരുന്നാളടുത്തതോടെ ചരിത്രപ്രസിദ്ധമായ കാഞ്ഞൂര്‍ പള്ളിയിലേയ്ക്ക് തീര്‍ത്ഥാടകപ്രവാഹം തുടങ്ങി. എല്ലാവര്‍ഷവും ജനുവരി 19, 20 തീയതികളില്‍ പെരുന്നാളും 26നും 27നും എട്ടാമിടാചരണവുമായാണ് ഇവിടത്തെ ആഘോഷങ്ങള്‍. എറണാകുളം – അങ്കമാലി അതിരൂപതയിലെ കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുരൂപം വിശ്വാസികള്‍ക്ക് ‘വിളിച്ച് വിളികേട്ട’ പുണ്യവാളനാണ്.

കാഞ്ഞൂര്‍ സെന്റ്മേരീസ് ഫൊറോനാപ്പള്ളിയുടെ ആകാശദൃശ്യം.

ഇതിനു പിന്നിലൊരു ഐതിഹ്യ കഥയുണ്ട്. 1790-ല്‍ ടിപ്പു സുല്‍ത്താന്‍ കാഞ്ഞൂര്‍ പള്ളി അക്രമിക്കുവാന്‍ പടയുമായി എത്തി. ടിപ്പുവിന്റെ പട വരുന്നതറിഞ്ഞ ഇടവക ജനങ്ങള്‍ ഓടിക്കൂടി വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപത്തിനു മുന്നില്‍ നിന്ന് കരഞ്ഞു പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. പള്ളിയെ അക്രമിക്കുവാന്‍ ടിപ്പു കല്പന കൊടുത്തപ്പോള്‍ പുണ്യവാന്റെ അത്ഭുത ശക്തിയെക്കുറിച്ച് ഭക്തജനങ്ങള്‍ സുല്‍ത്താനോട് പറഞ്ഞു. അതു കേട്ട സുല്‍ത്താന്‍ പറഞ്ഞു

. ‘ഈ കളിമണ്‍ പ്രതിമക്ക് അത്ഭുത ശക്തി ഉണ്ടെങ്കില്‍ പുണ്യവാന്‍ നമ്മോട് നേരിട്ട് സംസാരിക്കട്ടെ’ എന്ന് .അപ്പോള്‍ ഭക്തജനങ്ങള്‍ കൂട്ട നിലവിളിയോടെ ‘ കാഞ്ഞൂര്‍ പുണ്യവാനേ….! ഞങ്ങളെ കാത്തുകൊള്ളണേ ….’ എന്ന് വിളിച്ചപേക്ഷിച്ചു. ‘എനിക്ക് ഇവിടെ ഇരുന്നുകൂടെ’ എന്ന് ഉച്ചത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപത്തില്‍ നിന്ന് ശബ്ദം പുറത്തേയ്ക്ക് വന്നുവത്രെ.

ഇതു കേട്ട് അത്ഭുതപ്പെട്ട ടിപ്പു സുല്‍ത്താന്‍ കാഞ്ഞൂര്‍ പള്ളിയെ ആക്രമിക്കാതെ തിരിച്ചു പോയന്നാണ് പഴമക്കാരുടെ ഭാഷ്യം. പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലാണ് പള്ളിയെങ്കിലും വിശുദ്ധ പുണ്യവാളന്റെ അത്ഭുതപ്രവൃത്തികളുടെ വിശ്വാസകഥകള്‍ കെട്ടാന്‍ നാനാജാതിമതസ്ഥര്‍ കാഞ്ഞൂരില്‍ എത്തുന്നത്. ഭാരതത്തില്‍ മറ്റെങ്ങും കാണാത്ത ഉദയസൂര്യനോളം തേജസ്സുറ്റ ഇവിടത്തെ സെബസ്ത്യാനോസിന്റെ പുണ്ണ്യരൂപം ഇറ്റലിയിലെ മീലാനില്‍ നിര്‍മ്മിച്ച് എ.ഡി. 600-ല്‍ പോര്‍ച്ചുഗീസ് മിഷനറിമാര്‍ കാഞ്ഞൂര്‍ പള്ളിയില്‍ കൊണ്ടുവന്നു സ്ഥാപിച്ചതാണ്. വലിയ അത്ഭുതശക്തിയുള്ള തിരുരൂപം, രൂപക്കൂട്ടില്‍നിന്നും പുറത്തിറക്കാറില്ല.


ബിജ്നോര്‍ ആര്‍ച്ച് ബിഷപ്പ് ഫാ. വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ പള്ളിയിലെ
ഒറ്റക്കല്ലില്‍ തീര്‍ത്ത മാമ്മോദീസ തൊട്ടില്‍ നോക്കിക്കാണുന്നു.

പോര്‍ച്ചുഗീസില്‍ നിന്നും കപ്പലില്‍ മൂന്ന് രൂപങ്ങളാണ് കൊണ്ടുവന്നത്. ഒന്ന് കാഞ്ഞൂരിലേക്കും, രണ്ടാമത്തേത് അര്‍ത്തുങ്കല്‍ പള്ളിയിലേക്കും പിന്നെ അതിരമ്പുഴ പള്ളിയിലേക്കും.ഏതു സ്വരൂപമാണ് കാഞ്ഞൂര്‍ പള്ളിയിലേക്കെന്ന ചിന്താ കുഴപ്പത്തില്‍ കപ്പലില്‍ വെച്ചു തന്നെ ഒരു രൂപം കാഞ്ഞൂരിനെ ലക്ഷ്യമാക്കി വടക്കു കിഴക്കായി സ്വയം തിരിഞ്ഞെന്നും വാമൊഴി. കാഞ്ഞൂര്‍ പള്ളിയിലെ തിരുന്നാള്‍ പ്രദക്ഷിണം വളരെയേറെ പ്രസിദ്ധമാണ്. ഏഷ്യയിലെ ഏറ്റവും വലിയ 3 പ്രദക്ഷിണങ്ങളില്‍ ഒന്നാണ് ഇവിടത്തേത്. ചരിത്ര സ്മാരകമായി നിലകൊള്ളുന്ന കാഞ്ഞൂര്‍ പള്ളികാണാന്‍ വിദേശികളടക്കമുള്ളവര്‍ എത്താറുണ്ട്. എ.ഡി.1001-ലാണ് കാഞ്ഞൂര്‍ ഫൊറോനാ പള്ളി സ്ഥാപിച്ചത് എന്ന് ക്രിസ്തവ ഡയറക്ടറികളിലും എറണാകുളം – അങ്കമാലി അതിരൂപതാ ആസ്ഥാ
നത്തെ ചരിത്രരേഖകളിലും കാണുന്നു. അപൂര്‍വ്വങ്ങളായ പല താളിയോലഗ്രന്ഥങ്ങളും പതിനെട്ടാം നൂറ്റാണ്ടില്‍ പണിത ഇവിടത്തെ പള്ളിമേടയില്‍ സൂക്ഷിക്കപ്പെട്ടിണ്ട്. തീര്‍ത്ഥാടകരെ അത്ഭുതപ്പെടുത്തുന്ന കൊത്തുപണികളുള്ള പ്രസംഗപീഠം ഇവിടത്തെ മറ്റൊരു വിസ്മയ കാഴ്ചയാണ്. ഒറ്റക്കല്ലില്‍ തീര്‍ത്ത ഒരു മാമ്മോദീസ തൊട്ടിലു
ണ്ടിവിടെ. അതുപോലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കല്‍ക്കുരിശും

. പള്ളിയെ ചുറ്റിപ്പറ്റി ശക്തന്‍തമ്പുരാനുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം കൂടി ഉണ്ട്.
ശക്തന്‍ തമ്പുരാന്‍ ജനിച്ചത് കാഞ്ഞൂര്‍ പള്ളിയില്‍ നിന്ന് ഒരു വിളിപ്പാടകലെയുള്ള വെള്ളാരപ്പിള്ളി കോവിലകത്താണ്.ഒരിക്കല്‍ തമ്പുരാന്‍ പള്ളിയുടെ മുന്‍പിലൂടെ കുതിരപ്പുറത്ത് എഴുന്നെള്ളുമ്പോള്‍ പള്ളിയുടെ പടിപ്പുരയില്‍ ഇരുന്ന ഒരാള്‍ തമ്പുരാനെ എഴുന്നേറ്റ് വണങ്ങിയില്ല. ഇതില്‍ കോപിഷ്ടനായ തമ്പുരാന്‍പള്ളിയുടെ പടിപ്പുര പൊളിച്ച് കളയുവാന്‍ ഉത്തരവ് നല്‍കി. ഭൃത്യന്‍മാര്‍ പടിപ്പുര പൊളിക്കുവാന്‍ തുടങ്ങിയപ്പോള്‍, കോവിലകത്തെ ആന കോവിലകത്തെ പടിപ്പുര തകര്‍ക്കുവാന്‍ തുടങ്ങി. കാഞ്ഞൂര്‍ പള്ളിയിലെ സെബസ്ത്യാനോസ് പുണ്യവാന്‍ അത്ഭുതശക്തിയുള്ള ദിവ്യനാണന്നും, അവിടത്തെ കോപമാണ് ഇതിനു കാരണമെന്നും വെളിച്ചപ്പാട് തമ്പുരാനെ ബോധിപ്പിച്ചു. ഇതു കേട്ട തമ്പുരാന് വിശ്വാസം വരികയും പ്രായശ്ചി
ത്തമായി ഒരു ആനവിളക്ക് പുണ്ണ്യവാന് സമര്‍പ്പിച്ചുവെന്നുമാണ് ചരിത്രം. നരസിം
ഹത്തിന്റെ തലയോടു കൂടിയ തുടല്‍ വിളക്കിന്റെ തട്ടില്‍ ആനയും ആനപ്പുറത്ത് പൂണൂല്‍ ധരിച്ച പൂജാരിയും ആയിട്ടുള്ളതാണ് കാഞ്ഞൂര്‍ പള്ളിയിലെ പ്രസിദ്ധമായ ആനവിളക്ക്. തിരുന്നാളിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഇത്തവണ ബിജ്നോര്‍ ആര്‍ച്ച്ബിഷപ്പ് വിന്‍സന്റ് നെല്ലായിപ്പറമ്പില്‍ കഴിഞ്ഞ ദിവസം കാഞ്ഞൂര്‍ പള്ളിയില്‍ എത്തിയിരുന്നു. ചരിത്രസ്മാരകങ്ങള്‍ കാണാനായെത്തിയ ബിഷപ്പിനെ, പള്ളി വികാരി ഫാ. ജോസഫ് കണിയാംപറമ്പിലും ഇടവക ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.


കൊത്തുപണികളാല്‍ അലംകൃതമായ കാഞ്ഞൂരിലെ വി. സെബാസ്ത്യാനോസ് പുണ്ണ്യവാളന്റെ അള്‍ത്താര.

About കൂവപ്പടി ജി ഹരികുമാർ

View all posts by കൂവപ്പടി ജി ഹരികുമാർ →