സാങ്കേതിക പരിശോധനകള്‍ക്കായി അടച്ചിട്ട കാലടി പാലം വീണ്ടും തുറന്നു

-

കാലടി >>സാങ്കേതിക പരിശോധനകള്‍ക്കായി അടച്ചിട്ട കാലടി പാലം വീണ്ടും തുറന്നു.5 ദിവസം മുന്‍പ് അടച്ചിട്ട പാലത്തില്‍ നിശ്ചയിച്ചതിലും മുമ്പ് പരിശോധനകള്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് വാഹന ഗതാഗതത്തിനായി തുറന്നു കൊടുത്തത്.
പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കും.

ഇക്കഴിഞ്ഞ 13 മുതല്‍ 18 വരെയാണ് കാലടി ശ്രീശങ്കര പാലത്തില്‍ ഗതാഗതം നിര്‍ത്തി വച്ച് പരിശോധന നിശ്ചയിച്ചിരുന്നത്. എന്നാല്‍ 17 ന് വൈകീട്ടോടെ തന്നെ പരിശോധനയും മറ്റ് മെയിന്റനന്‍സ് ജോലികളും പൂര്‍ത്തിയായതോടെ പാലം തുറക്കുകയായിരുന്നു.
നിശ്ചിത സമയത്തിനും മുമ്പ് തന്നെ പരിശോധന പൂര്‍ത്തിയാക്കി പാലത്തില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ പ്രയത്നിച്ച റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അഭിനന്ദിച്ചു.പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ നടപടി സ്വീകരിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം.

പാലത്തിന്റെ നിലവിലെ സ്ഥിതി, ഭാരം വഹിക്കുന്നതിനുള്ള ശേഷി, കോണ്‍ക്രീറ്റിന്റെ ബലം, വിവിധ ഘടകങ്ങള്‍ക്കുണ്ടായിട്ടുള്ള കേടുപാടുകള്‍ എന്നിവ സംബന്ധിച്ച് മൊബൈല്‍ ബ്രിഡ്ജ് ഇന്‍സ്പെക്ഷന്‍ യൂണിറ്റ് ഉപയോഗിച്ച് സമഗ്രമായ പഠനമാണ് നടത്തിയത്.
ഡല്‍ഹിയിലെ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ഹൈവെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് പഠനം നടത്തുന്നത്. ഒരു മാസത്തിനുളളില്‍ ഇവര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

1963ല്‍ നിര്‍മിച്ച പാലത്തിന് 13 സ്പാനുകളിലായി 411.48 മീറ്ററാണ് നീളം. പാലത്തിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നും, പുതിയ പാലം നിര്‍മിക്കണമെന്നും നാട്ടുകാരില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. എംസി റോഡിലെ പ്രധാന പാലങ്ങളില്‍ ഒന്നാണ് കാലടി പാലം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →