പുതുവര്‍ഷത്തില്‍ ദക്ഷിണേന്ത്യന്‍ സംന്യാസിസംഗമവും പൂര്‍ണ്ണാനദി ആരതിയും കാലടിയില്‍

കാലടി>> ലോകശാന്തിയും കൊവിഡ് മഹാമാരിയില്‍ നിന്നുള്ള മോചനവും
ലക്ഷ്യമിട്ട് ദക്ഷിണേന്ത്യയിലെ സംന്യാസിമാര്‍ ജനുവരി 13ന് കാലടിയില്‍ ഒത്തുകൂടുന്നു. കാലടി ശൃംഗേരി മഠം, ആദിശങ്കര അദ്വൈത അഖാഡ, കേരളത്തിലെ വിവിധ ഹിന്ദുധര്‍മ്മ പ്രസ്ഥാനങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഈ ആദ്ധ്യാത്മിക സത്സംഗം നടക്കുന്നത്.

അദ്വൈതഭൂമിയിലെ പൂര്‍ണ്ണാനദി ആരതിയും പ്രകൃതിയുടെ തുലനാവസ്ഥ പുന:സ്ഥാപിക്കുന്നതിന് നദീസംരക്ഷണം ലക്ഷ്യമാക്കി ഉത്തരേന്ത്യയിലെ കുംഭമേള മാതൃകയില്‍ ലഘു പുഷ്‌കറും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. ഭാവിയില്‍ എല്ലാവര്‍ഷവും മകരവിളക്കിനു തലേദിവസമായ ജനുവരി 15ന് ആദിശങ്കര ജന്മഭൂമിയില്‍ ലഘു പുഷ്‌കര്‍ സംഘടിപ്പിക്കുമെന്ന് ആദിശങ്കര അദ്വൈത അഖാഡ ജനറല്‍ സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ സരസ്വതി, അയ്യപ്പ സേവാസംഘം അധ്യക്ഷന്‍ കാലടി മോഹന്‍ദാസ്, വീരഹനുമാന്‍ കോവില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഗോപന്‍ ചെങ്ങമനാട് എന്നിവര്‍ അറിയിച്ചു. 13ന് രാവിലെ 9 മുതല്‍ 11 വരെ ആലുവ അത്താണി വീരഹനുമാന്‍ കോവിലില്‍ വിഷ്ണു സഹസ്രനാമജപവും നാരായണീയപാരായണവും ഉണ്ടാകും.

തുടര്‍ന്ന് നടക്കുന്ന സംന്യാസി സമ്മേളനത്തില്‍ ആഞ്ജനേയ തത്വപ്രഭാഷണം, ചര്‍ച്ച എന്നിവ ഉണ്ടായിരിക്കും. പരിപാടിയുടെ ഉദ്ഘാടനം ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ സ്വാമി ബ്രഹ്‌മാനന്ദ സരസ്വതി നിര്‍വ്വഹിയ്ക്കും. കാശി മഠാധിപതി സ്വാമി രാഘവേന്ദ്ര തീര്‍ത്ഥ മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് 3ന് കാലടി ആദിശങ്കര സ്തൂപത്തില്‍ ലോകശാന്തി സമാധാന പ്രാര്‍ത്ഥന, 3.30 മുതല്‍ 5.30 വരെ ശൃംഗേരി മഠത്തില്‍ ശങ്കരാചാര്യസ്വാമികളുടെ ജീവിതചരിത്ര ചര്‍ച്ചയും സംന്യാസി സമ്മേളനവും ശ്രീരാമാനന്ദാശ്രമം മാനേജിംഗ് ഡയറക്ടര്‍ സ്വാമി ഡോ. ധര്‍മ്മനന്ദയുടെ പ്രഭാഷണം എന്നിവയുണ്ടാകും. 5.45ന് പൂര്‍ണ്ണാനദിയിലെ മുതലക്കടവില്‍ പ്രതിജ്ഞ, ആരതി, ദേശീയഗാനം എന്നിവയോടെ സമാപിക്കും.

അദ്വൈതഭൂമിയിലെ ചരിത്രപ്രസിദ്ധമായ മുതലക്കടവ്. ഇവിടെയാണ് പൂര്‍ണ്ണാനദി ആരതി സംഘടിപ്പിച്ചിരിക്കുന്നത്.

About കൂവപ്പടി ജി ഹരികുമാർ

View all posts by കൂവപ്പടി ജി ഹരികുമാർ →