കാട മുട്ടയുടെ വലിപ്പത്തില്‍ കോഴി മുട്ട..!

തിരൂരങ്ങാടി>> മുന്തിരി വലിപ്പത്തിലുള്ള കോഴിമുട്ടകളാണ് മലപ്പുറം എ ആര്‍ നഗര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പുകയൂര്‍ അങ്ങാടിയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. പുതിയപറമ്പന്‍ വീട്ടില്‍ സമദിന്റെ വീട്ടിലെ നാടന്‍ കോഴിയാണ് കുഞ്ഞന്‍ കോഴിമുട്ടകള്‍ ഇടുന്നത്. അഞ്ച് വര്‍ഷത്തോളമായി സമദിന്റെ വീട്ടില്‍ കോഴികളെ വളര്‍ത്തുന്നുണ്ട്. എല്ലാ പ്രാവശ്യവും സാധാരണ വലിപ്പമുള്ള മുട്ടയാണ് ഇടാറുള്ളത്. വീട്ടാവശ്യത്തിന് വളര്‍ത്തുന്ന അഞ്ച് കോഴികളില്‍ ഒരു കോഴിയാണ് ഇപ്പോള്‍ ഈ രീതിയില്‍ കുഞ്ഞന്‍ മുട്ടയിടുന്നതെന്ന് സമദ് പറഞ്ഞു.

കോഴി ഒമ്പത് മുട്ടകള്‍ ഇട്ടെങ്കിലും നാല് മുട്ടകള്‍ കാക്കകള്‍ നശിപ്പിച്ചു. അഞ്ചെണ്ണം വീട്ടുടമ സൂക്ഷിച്ച് വെച്ചിട്ടുമുണ്ട്. കോഴികള്‍ക്ക് വീട്ടിലെ സാധാരണ ഭക്ഷണമാണ് നല്‍കുന്നതെന്നും വലിപ്പ കുറവിന്റെ കാരണമറിയില്ലെന്നും സമദ് പുകയൂര്‍ പറയുന്നു. കിട്ടിയ കുഞ്ഞന്‍ കോഴിമുട്ടകളെ കാണാന്‍ നിരവധി പേരാണ് സമദിന്റെ വീട്ടിലെത്തുന്നത്. സോഷ്യല്‍ മീഡിയകളിലും കുഞ്ഞന്‍ കോഴിമുട്ടകള്‍ ഇതിനകം താരമായി കഴിഞ്ഞിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →