LOADING

Type to search

സുരേന്ദ്രനും ശോഭയ്ക്കും ഇന്ന് നിര്‍ണായകം; ബി.ജെ.പി കോര്‍ കമ്മിറ്റി കൊച്ചിയില്‍

Latest News Local News News

കൊച്ചി>>>ബിജെപി കോര്‍ കമ്മിറ്റി ഇന്ന് കൊച്ചിയില്‍ ചേരും. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ച ചെയ്യും.

കൊടകര കുഴല്‍പ്പണകേസ്, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പ്രതിയായ ബത്തേരി, മഞ്ചേശ്വരം കോഴക്കേസുകള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ചയാകും . കൃഷ്ണദാസ് ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ സമഗ്രമായ നേതൃമാറ്റം ആവശ്യപ്പെടും.

35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ബി ജെ പിക്ക് വലിയ തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിച്ച സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

പാര്‍ട്ടിയുടെ ഏക എം എല്‍ എയായിരുന്ന രാജഗോപാലിന്റെ പ്രസ്താവനകളും ദോഷം ചെയ്തതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത്തരത്തില്‍ നേതൃത്വത്തിന്റെ വീഴ്ച്ചകള്‍ അക്കമിട്ട് നിരത്തുന്ന റിപ്പോര്‍ട്ട് ഇന്നത്തെ കോര്‍കമ്മിറ്റിയില്‍ വലിയ ചര്‍ച്ചയാകും.

നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനാണ് കൃഷ്ണദാസ് ശോഭാസുരേന്ദ്രന്‍ പക്ഷങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മണ്ഡലം, ജില്ലാ, മേഖല കമ്മിറ്റികള്‍ പുനഃക്രമീകരിച്ചു സംസ്ഥാന ഭാരവാഹിത്വത്തിലെ ഒഴിവുകള്‍ നികത്തി പുനസംഘടന നടത്താനാണ് ഔദ്യോഗിക പക്ഷത്തിന്റെ നീക്കം.

എന്നാല്‍ തൊലിപ്പുറത്തു ചികിത്സ നടത്തി മുഖം മിനുക്കാന്‍ അനുവദിക്കില്ല എന്ന ഉറച്ച നിലപാടിലാണ് കൃഷ്ണദാസ് ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍. സംസ്ഥാന അധ്യക്ഷന്‍ മാറാതെ ഒരു മാറ്റത്തിനും പ്രസക്തിയില്ലെന്ന നിലപാടിലാണ് ഇരു പക്ഷങ്ങളും.

കെ.സുരേന്ദ്രനെ മാറ്റണമെന്ന നിലപാടിലാണ് കേരളത്തിലെ ആര്‍ എസ് എസ്സും. സംസ്ഥാനത്ത് 14 ജില്ലകളിലും 140 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് നടന്ന അവലോകന ചര്‍ച്ചയില്‍ നേതൃത്വം പൂര്‍ണ്ണമായി മാറാതെ ബിജെപിക്ക് രക്ഷയില്ലെന്ന വികാരമാണ് ഉയര്‍ന്നത്.

തിരുവനന്തപുരം, പാലക്കാട്, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലാ കമ്മിറ്റികളും 117 നിയോജകമണ്ഡലം കമ്മിറ്റികളും സംസ്ഥാന അധ്യക്ഷന്‍ മാറണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ അനുകൂല സമീപനം ഉണ്ടായില്ലെങ്കില്‍ പഞ്ചായത്ത്, നിയോജകമണ്ഡലം തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം പൂര്‍ണ്ണമായി നിശ്ചലമാകാനാണ് സാധ്യത.

സുരേന്ദ്രനെ മാറ്റണമെന്ന കൃഷ്ണദാസ് ശോഭ സുരേന്ദ്രന്‍ പക്ഷങ്ങളുടെ ആവശ്യത്തോട് ദേശീയ നേതൃത്വം അനുഭാവപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചത്. അതിനെ മറികടക്കാനാണ് ഇപ്പോള്‍ ഔദ്യോഗിക വിഭാഗം അടിയന്തിര കോര്‍ കമ്മിറ്റി വിളിച്ചതെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.

അതേസമയം കൊടകര കുഴല്‍പ്പണകേസ്, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പ്രതിയായ ബത്തേരി, മഞ്ചേശ്വരം കോഴക്കേസുകളും യോഗത്തില്‍ ചര്‍ച്ചയാകും . ഈ കോഴക്കേസുകള്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയെന്ന വികാരത്തിലാണ് ഭൂരിഭാഗം നേതാക്കളും പ്രവര്‍ത്തകരും. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണനും കോര്‍ കമ്മറ്റിയോഗത്തില്‍ പങ്കെടുക്കും.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.