അന്വേഷണ സംഘത്തിന് മുന്നില്‍ സുരേന്ദ്രന്‍, ഒന്നേകാല്‍ മണിക്കൂര്‍, 108 ചോദ്യങ്ങള്‍

ന്യൂസ് ഡെസ്ക്ക് -

തൃശൂര്‍: കൊടകരയില്‍ പിടികൂടിയ പണവുമായി പാര്‍ട്ടിക്കോ തനിക്കോ ബന്ധമില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ അറിവോടെ പാര്‍ട്ടി തൃശൂരിലേക്ക് പണമെത്തിച്ചിട്ടില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കവര്‍ച്ച കേസില്‍ ഇന്നലെ രാവിലെ 11നാണ് സുരേന്ദ്രന്‍ തൃശൂര്‍ പൊലീസ് ക്ലബില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായത്. പണവുമായി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ പങ്കുണ്ടാകില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. പരാതിക്കാരനായ ധര്‍മ്മരാജനെ പാര്‍ട്ടി പ്രചാരണത്തിനിടെ കണ്ടിട്ടുണ്ടെന്നും അങ്ങനെയുളള പരിചയം മാത്രമാണുള്ളതെന്നും പറഞ്ഞു.

സുരേന്ദ്രനോട് അന്വേഷണസംഘം ആരാഞ്ഞത് 108 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍. ഒരു മണിക്കൂര്‍ 20 മിനിറ്റ് കൊണ്ട് വിവരശേഖരണം പൂര്‍ത്തിയാക്കി. കേസില്‍ ബി.ജെ.പിക്ക് ബന്ധമുണ്ടോ എന്നറിയാന്‍ 100 ചോദ്യങ്ങള്‍ തയ്യാറാക്കിയിരുന്നു. ചോദ്യങ്ങള്‍ക്ക് കിട്ടുന്ന മറുപടിയെ അടിസ്ഥാനമാക്കി തത്സമയം അനുബന്ധ ചോദ്യങ്ങള്‍ തയ്യാറാക്കി. അങ്ങനെ 108 ചോദ്യങ്ങള്‍.

സംഘര്‍ഷസാദ്ധ്യത കണക്കിലെടുത്ത് പൊലീസ് ക്ളബിന് മുന്നില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന, ജില്ലാ നേതാക്കളുടെ വന്‍നിര തൃശൂരിലെത്തിയിരുന്നു. ജില്ലാ പ്രസിഡന്റിനൊപ്പമാണ് കെ. സുരേന്ദ്രന്‍ പൊലീസ് ക്ലബില്‍ ഹാജരായത്.

സുരേന്ദ്രന്റെ വാഹനം മാത്രമേ കടത്തി വിടുകയുള്ളൂവെന്ന് പൊലീസ് നിര്‍ബന്ധം പിടിച്ചുവെങ്കിലും പിന്നീട് സംസ്ഥാന നേതാക്കള്‍ക്ക് വരാനുള്ള ഒരു വാഹനം കൂടി അനുവദിച്ചു. ചോദ്യം ചെയ്യലിനിടെ സരേന്ദ്രന്റെ പി.എയ്ക്ക് ചെല്ലാനുള്ള അനുമതി നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഉള്ളിലേക്ക് പോയില്ല. 12.20ന് പൊലീസ് ക്ലബില്‍ നിന്ന് സുരേന്ദ്രന്‍ പുറത്തിറങ്ങിയപ്പോള്‍ നൂറിലേറെ ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയുമായെത്തി.

കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ നടക്കുന്നത് രാഷ്ട്രീയ നാടകമാണ്. രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താനുള്ള വിചിത്രമായ അന്വേഷണമാണ് പൊലീസിന്റേത്. ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്ന് അറിഞ്ഞുകൊണ്ടാണ് അന്വേഷണവുമായി സഹകരിക്കുന്നത്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →