പോപ്പുലര്‍ ഫ്രണ്ടിന്റെ താലിബാനിസത്തിന് മുന്നില്‍ കേരളം മുട്ടുമടക്കില്ലെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്>> ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ . കേവലം ബിജെപി-ആര്‍എസ്എസ് നേതാക്കളെ മാത്രം ലക്ഷ്യം വെച്ചുള്ള അക്രമമല്ല, മറിച്ച് ഒരു സമൂഹത്തിന് നേരെ തിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. ഉന്നത നേതാക്കളുടെ അറിവോടെയാണ് ഗൂഢാലോചന നടന്നിരിക്കുന്നതെന്നും ജനങ്ങളെ ചേരിതിരിച്ച് കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണെന്നും സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന അതിക്രമങ്ങളെ തടയാന്‍ പൊലീസിന് സാധക്കുന്നില്ലെങ്കില്‍ അത് വ്യക്തമാക്കണം. അക്കാര്യം കേന്ദ്രത്തെ അറിയിക്കണം. പോപ്പുലര്‍ ഫ്രണ്ട് ഒരു പൊതുവിപത്താണ്. അവരെ ഒറ്റപ്പെടുത്താന്‍ സമൂഹം തയ്യാറാവണം. പിഎഫ്‌ഐ ഭീകരവാദത്തിന് മുമ്പില്‍ കേരളം മുട്ടുമടക്കില്ല. വര്‍ഗീയ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പോപ്പുലര്‍ ഫ്രണ്ട് കഴിഞ്ഞ ഏതാനും നാളുകളായി കേരളത്തില്‍ പ്രവര്‍ത്തിക്കുകയാണ്. വലിയ തോതിലുള്ള ഭീകരപ്രവര്‍ത്തനവും ആയുധ പരിശീലനവും പോപ്പുലര്‍ഫ്രണ്ട് കേരളത്തില്‍ നടത്തുന്നുണ്ട്. സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ഗൂഢ ഉദ്ദേശ്യമാണ് ഇതിന് പിന്നിലുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ നടന്ന ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി ഇപ്പോള്‍ ആലപ്പുഴയില്‍ രണ്ട് കൊലപാതകങ്ങള്‍ സംഭവിച്ചപ്പോള്‍ അപലപിച്ച് എത്തിയിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെയും ആര്‍എസ്എസിനെയും ഒരുപോലെ ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ ശ്രമം. വര്‍ഗീയ ശക്തികള്‍ക്കെതിരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കില്‍ പല നഗരസഭകളിലുമുള്ള സിപിഎം-എസ്ഡിപിഐ സഖ്യം അവസാനിപ്പിക്കാന്‍ ആദ്യം തയ്യാറാകണമെന്നും ബിജെപി അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു.

ആഭ്യന്തര വകുപ്പിന്റെ പൂര്‍ണപരാജയമാണ് സംസ്ഥാനത്ത് കുറേ മാസങ്ങളായി നടന്നുവരുന്ന അക്രമസംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഭീകരപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. സിപിഎമ്മിന്റെയും പൊലീസിന്റെയും സഹായം ലഭിക്കുന്നതുകൊണ്ടാണ് ഇവര്‍ക്ക് ഇത്തരം അക്രമസംഭവങ്ങള്‍ നടത്താന്‍ ധൈര്യം ലഭിക്കുന്നത്. വലിയ തോതിലുള്ള ഗൂഡാലോചനയും ആസൂത്രണവും രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിലുണ്ട്. ഒരു ക്രിമിനല്‍ കേസില്‍ പോലും പ്രതിയല്ലാത്ത, നാട്ടിലെ ജനസ്വാധീനമുള്ള ബിജെപി നേതാക്കളില്‍ ഒരാളായ രഞ്ജിത്തിനെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുകയാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്തത്. അക്രമത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളുമായി ബിജെപി മുന്നോട്ടുപോകും.

എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ്സിനോ ബിജെപിക്കോ പങ്കില്ല. ആലപ്പുഴയില്‍ എസ്ഡിപിഐ-സിപിഎം സംഘര്‍ഷമാണ് നിലനിന്നിരുന്നത്. സംയമനം പാലിച്ചാണ് ബിജെപി മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →