കെ റെയില്‍: ശക്തമായ സമരവുമായി മുന്നോട്ടെന്ന് കോണ്‍ഗ്രസ്; ജനങ്ങളെ ബോധവത്കരിക്കും

തിരുവനന്തപുരം>>കെ റെയില്‍ പദ്ധതിക്കെതിരെ താഴേത്തട്ടില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനും കോണ്‍ഗ്രസ് തീരുമാനിച്ചു. മധ്യകേരളത്തിലെ നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാര്‍ വരെയുള്ള ഭാരവാഹികളുടെ സംയുക്ത കണ്‍വെന്‍ഷനാണ് തീരുമാനം എടുത്തത്

സമരത്തിന്റെ അടുത്ത ഘട്ടം എങ്ങിനെ വേണം, ഏതൊക്കെ തരത്തിലുള്ള പ്രചാരണങ്ങള്‍ വേണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കോണ്‍ഗ്രസ് കൊച്ചിയില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചത്. മധ്യകേരളത്തിലെ മണ്ഡലം പ്രസിഡന്റുമാര്‍ മുതല്‍ ഡിസിസി പ്രസിഡന്റ് വരെയുള്ള ഭാരവാഹികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.

കെ റെയില്‍ പദ്ധതിക്കെതിരെ താഴെത്തട്ടില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുക, പരിസ്ഥിതി പ്രവര്‍ത്തകരും പ്രകൃതിസ്നേഹികളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരുമായി സംവാദങ്ങള്‍ സംഘടിപ്പിക്കുക, പദ്ധതിയുടെ ദുരന്ത ഫലങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുക, വിദഗ്ദരെയും ഇതിനായി രംഗത്തിറക്കാനും കണ്‍വെന്‍ഷനിഷ തീരുമാനിച്ചതായി യോഗ ശേഷം കെപിസിസി പ്രസിഡന്‌റ് കെ സുധാകരന്‍ പറഞ്ഞു

സിപിഎം – ബിജെപി അവിശുദ്ധ ബന്ധത്തിന്റെ വ്യക്തമായ ഉദാഹരണമാണ് കെ റെയില്‍ പദ്ധതിയെന്ന് കണ്‍വെന്‍ഷന്‍ ആരോപിച്ചു. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതിയുണ്ടെന്ന് റെയില്‍വേ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത് ഇതിന്റെ വ്യക്തമായ തെളിവാണെന്നും കോണ്‍ഗ്രസ് പറയുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →