കെ – റെയില്‍: കാര്യങ്ങള്‍ അത്ര എളുപ്പമല്ല,അവസാനം നടന്ന ഭൂമിയിടപാടുകള്‍ അടിസ്ഥാനമാക്കി അടിസ്ഥാനവില നിശ്ചയിക്കും

തിരുവനന്തപുരം>> കെ- റെയില്‍ പദ്ധതിക്ക് ഏറ്റെടുക്കുന്ന വസ്തുവിന്റെ അടിസ്ഥാനവില നിശ്ചയിക്കുന്നത് ആ പ്രദേശത്ത് അവസാനം നടന്ന ഭൂമിയിടപാടുകള്‍ അടിസ്ഥാനമാക്കി.

ഗ്രാമങ്ങളില്‍ നാലിരട്ടി വില പ്രഖ്യാപിച്ചെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ എല്ലായിടത്തും അത് ലഭിക്കില്ല.

ദൂരത്തിനനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. നഗരാതിര്‍ത്തിയില്‍ നിന്നുള്ള 40 കി മി ദൂരെയുള്ള ഭൂമി ഏറ്റെടുത്താല്‍ മാത്രമേ നാലിരട്ടി വില ലഭിക്കുകയുള്ളൂ. അത്തരം പ്രദേശങ്ങള്‍ കേരളത്തില്‍ കുറവാണ്. പ്രദേശത്ത് അവസാനം നടന്ന വില്‍പ്പനയില്‍ ഏറ്റവുമുയര്‍ന്ന 50 ശതമാനം ഇടപാടുകളുടെ ശരാശരി കണക്കിലെടുക്കും. അതിന് പദ്ധതിയുടെ പ്രാഥമിക വിജ്ഞാപനം വരുന്നതിന് മുമ്പോയുള്ള മൂന്നു വര്‍ഷത്തെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ശേഖരിക്കും.

അഞ്ചു തട്ടുകളായി തിരിച്ചാണ് ഗ്രാമങ്ങളില്‍ ഭൂമിയുടെ വില നിര്‍ണയിക്കുന്നത്. ഗ്രാമങ്ങളില്‍ 1.2 മുതല്‍ 2 വരെയാണ് വിപണി വില കണക്കാക്കാനുള്ള മള്‍ട്ടിപ്ലിക്കേഷന്‍ ഫാക്ടര്‍ നിശ്ചയിച്ചിരിക്കുന്നത്. നഗരസഭയുടെ അതിര്‍ത്തി കഴിഞ്ഞ് 10 കി മീ വരെ 1.2 ആണ് കണക്കാക്കിയിരിക്കുന്ന മള്‍ട്ടിപ്ലിക്കേഷന്‍ ഫാക്ടര്‍. 10 മുതല്‍ 20 കി മി വരെ 1.6, 20 മുതല്‍ 30 വരെ 1.6, 30 മുതല്‍ 40 വരെ 1.8, 40 ന് മുകളിലേക്കാണെങ്കില്‍ 2 എന്നിങ്ങനെയാണ് മള്‍ട്ടിപ്ലിക്കേഷന്‍ ഫാക്ടര്‍. ഭൂമിയുടെ ന്യായവിലയെ ഈ മള്‍ട്ടിപ്ലിക്കേഷന്‍ ഫാക്ടര്‍ കൊണ്ട് ഗുണിച്ച ശേഷം വിപണി വില കണക്കാക്കുകയും ഈ തുകയുടെ 100 ശതമാനം സ്ഥലവിലയായി ഉടമയ്ക്ക് നല്‍കാനുമാണ് തീരുമാനം.

നഗരങ്ങളില്‍ എല്ലായിടത്തും മള്‍ട്ടിപ്ലിക്കേഷന്‍ ഫാക്ടര്‍ 1 ആണ്. അതായത് ഭൂമിക്ക് വില നല്‍കുന്നതിന്റെ മാനദണ്ഡം എല്ലാ നഗരങ്ങളിലും ഒന്നായിരിക്കും. കോര്‍പറേഷനെയും മുനിസിപ്പിലാറ്റികളെയും നഗരങ്ങളായിട്ടാണ് കണക്കാക്കുന്നത്. ഇവിടെ ഭൂമിക്ക് വിപണിവിലയുടെ ഇരട്ടി വില ലഭിക്കും.

ഭൂവുടമകളുമായി സംസാരിച്ച് സ്ഥലവിലയില്‍ സര്‍ക്കാര്‍ സമിതി ധാരണയിലെത്താന്‍ ഒരു വര്‍ഷം സമയം നല്‍കിയിട്ടുണ്ട്. ഗ്രാമങ്ങളില്‍ നഷ്ടപരിഹാരം ലഭിക്കുന്നതില്‍ നല്ല കുറവുണ്ടാകാനാണ് സാദ്ധ്യത. കേരളത്തില്‍ നഗരവും ഗ്രാമങ്ങളും തമ്മില്‍ ദൂരക്കൂടുതലില്ലാത്തതിനാല്‍ കുറഞ്ഞ നഷ്ടപരിഹാരമാകും ലഭിക്കുക എന്നതാണ് പ്രധാനമായും ഉയരുന്ന പരാതി.

അവസാനത്തെ മൂന്ന് വര്‍ഷത്തെ വില കണക്കാക്കിയാലും ഇപ്പോഴത്തെ വില നിലവാരത്തിലേക്ക് എത്തില്ലെന്നും ഭൂവുടമകള്‍ക്ക് ആശങ്കയുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പും ഭൂമിയിലെ മരങ്ങള്‍ക്ക് വനംവകുപ്പുമാണ് വില നിശ്ചയിക്കുക.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →