നിര്‍മ്മാണ ഘട്ടത്തില്‍ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടാമെന്നും ഡിപിആറില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം>>രാഷ്ട്രീയ, പാരിസ്ഥിതിക എതിര്‍പ്പുകള്‍ ശക്തമായി തുടരുന്നതിനിടെയാണ് സില്‍വര്‍ലൈന്‍ പദ്ധതിയുടെ സമ്പൂര്‍ണ പദ്ധതി രേഖ സര്‍ക്കാര്‍ പുറത്തുവിട്ടത്.

2025 – 26 സാമ്ബത്തിക വര്‍ഷം കമ്മിഷന്‍ ചെയ്യാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. നിര്‍മ്മാണ ഘട്ടത്തില്‍ ഉണ്ടാവാനിടയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ഡിപിആര്‍ എടുത്തു പറയുന്നുണ്ട്.

63,940 കോടി രൂപയാണ് പദ്ധതിച്ചെലവ്. 33,699 കോടി രൂപ വായ്പയെടുക്കും. ആകെ ചെലവിന്റെ പകുതിയിലേറെയും വായ്പയാണ്. സര്‍ക്കാരിനും റെയില്‍വേയ്ക്കും ഓഹരി പങ്കാളിത്തമുണ്ട്. സര്‍ക്കാര്‍ ഭൂമിയേക്കാളും സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുക്കുക. ആകെ പദ്ധതിയുടെ 80 ശതമാനവും സ്വകാര്യ ഭൂമിയിലായിരിക്കും.

ആറ് വോള്യങ്ങളായി 3773 പേജുള്ളതാണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് . പരിസ്ഥിതി ആഘാത പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ടും ഡി.പി.ആറിലുണ്ട്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലെപ്‌മെന്റ് ആണ് ഈ പരിസ്ഥിതി ആഘാത പഠനം നടത്തിയത്. സ്റ്റേഷനുകളുടെ രൂപരേഖയും ഡി.പി.ആറിലുണ്ട്.

ട്രാഫിക് സര്‍വേ, ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്, ടോപ്പോഗ്രാഫിക് സര്‍വേ എന്നിവയും ഡി.പി.ആറിന്റെ ഭാഗമാണ്. പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദമായ കണക്കും, ദേവാലയങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നതാണ് രണ്ടര വര്‍ഷമെടുത്ത് തയ്യാറാക്കിയ ഡി.പി.ആര്‍.

620 പേജുള്ള സാധ്യതാ പഠനവും ഡി.പി.ആറിന്റെ ഭാഗമായുണ്ട്. പദ്ധതി നടപ്പിലായാല്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചാണ് ഈ രൂപരേഖയില്‍ പറയുന്നത്. 203 പേജുള്ളതാണ് ട്രാഫിക് സര്‍വേ. പദ്ധതി നടപ്പിലാക്കിയതിലൂടെയുണ്ടാവുന്ന ഇന്ധനലാഭം, സമയ ലാഭം എന്നിവയെല്ലാം ട്രാഫിക് സര്‍വേയില്‍ ഉള്‍പ്പെടുന്നു.

സില്‍വര്‍ലൈന്‍ നിര്‍മ്മാണഘട്ടത്തില്‍ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടാമെന്നു ഡിപിആറില്‍ മുന്നറിയിപ്പുണ്ട്. ഇത് ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണമാവും. പ്രവര്‍ത്തനം തുടങ്ങിയാല്‍ പ്രശ്നങ്ങളുണ്ടാവില്ലെന്നും ഡിപിആര്‍ പറയുന്നു.

സര്‍ക്കാര്‍ വെബ്സൈറ്റിന് പുറമേ, നിയമസഭയുടെ വെബ്സൈറ്റിലും ഡിപിആര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമ്ബൂര്‍ണ പദ്ധതിരേഖ പുറത്തുവിടാത്തതിനെതിരെ അന്‍വര്‍ സാദത്ത് എംഎല്‍എ അവകാശലംഘന നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തിടുക്കപ്പെട്ടുള്ള നടപടി.

2025 – 26ല്‍ പദ്ധതി കമ്മിഷന്‍ ചെയ്യും. ആറരലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നു. ഒരു ട്രെയിനില്‍ ഒന്‍പതു കോച്ചുകളിലായി 675 പേര്‍ക്ക് യാത്ര ചെയ്യാം. യാത്രക്കാര്‍ക്ക് ബിസിനസ്, സ്റ്റാന്‍ഡേഡ് എന്നീ രണ്ടു ക്ലാസുകളുണ്ടാകും. രാവിലെ അഞ്ചുമുതല്‍ രാത്രി 11 മണിവരെയാണ് ട്രെയിന്‍ സര്‍വീസ്.

ആദ്യഘട്ടത്തില്‍ തന്നെ നെടുമ്ബാശേരി എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കും. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തും. ട്രക്കുകള്‍ കൊണ്ടുപോവാന്‍ കൊങ്കണ്‍ മാതൃകയില്‍ റോറോ സര്‍വീസ് ഉണ്ടാകും. ഒരുതവണ 480 ട്രക്കുകള്‍ കൊണ്ടുപോകാം. 30 മീറ്റര്‍ പരിധിയില്‍ മറ്റു നിര്‍മ്മാണങ്ങളുണ്ടാകില്ല.

ആദ്യഘട്ട നിര്‍മ്മാണം കൊച്ചുവേളി മുതല്‍ തൃശൂര്‍ വരെയാണ്. രണ്ടാംഘട്ടം കാസര്‍കോട് വരെയും. ഇതിന് ആകെ വേണ്ടത് 1383 ഹെക്ടര്‍ ഭൂമിയാണ്. ഇതില്‍ 185 ഹെക്ടര്‍ റെയില്‍വേ ഭൂമിയായിരിക്കും. 1198 ഹെക്ടര്‍ സ്വകാര്യ സ്ഥലമായിരിക്കും.

974 പേജുള്ള ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടാണ് ഡി.പി.ആറിലെ പ്രധാനപ്പെട്ട ഭാഗം. 470 പേജുള്ള ട്രോപ്പോഫിക്കല്‍ സര്‍വേയാണ് തുടര്‍ന്നുള്ളത്. സാമൂഹിക ആഘാത പഠനമാണ് മറ്റൊരു പ്രധാന ഭാഗം. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലെപ്‌മെന്റ് ഈ പഠനം നടത്തിയത്. ഡോ. ടി.ആര്‍ വിനോദ് അധ്യക്ഷനായ വദഗ്ധ സംഘമാണ് സാമൂഹിക ആഘാത പഠനത്തിന് നേതൃത്വം നല്‍കിയത്.

സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ മുഴുവന്‍ സസ്യജാലങ്ങള്‍ക്കും എന്ത് സംഭവിക്കാം എന്നുള്ള കണക്കുകള്‍ ഇതിലുണ്ട്. 320 പേജാണ് ഈ പഠനം. പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചാണ് ഫീസിബിള്‍ സ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. 620 പേജാണ് ഈ റിപ്പോര്‍ട്ട്.

ആദ്യഘട്ടത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നാലും പിന്നീട് ഇത് വര്‍ദ്ധിക്കുമെന്നും സാധ്യത പഠനത്തില്‍ പറയുന്നു. വരുമാനത്തിന്റെ കാര്യത്തിലും ഇതേ രീതിയിലുള്ള വര്‍ധനവ് ഉണ്ടാകും. കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് പദ്ധതി ലാഭത്തിലേക്ക് നീങ്ങും. കൊല്ലത്തായിരിക്കും ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റൈടുക്കുക. സ്മാര്‍ട്ട് സിറ്റിക്കും ഇന്‍ഫോ പാര്‍ക്കിനും സമീപത്തായിരിക്കും കൊച്ചിയിലെ സ്റ്റേഷന്‍.

നേട്ടങ്ങള്‍
താരതമ്യപഠനത്തില്‍ മുന്നില്‍ സില്‍വര്‍ ലൈനെന്ന് ഡിപിആര്‍

ഒരു കിലോമീറ്ററില്‍ സില്‍വര്‍ ലൈനിന് വേണ്ടത് 2.4 ഹെക്ടര്‍

റോഡിനും റെയില്‍പാത ഇരട്ടിപ്പിക്കാനും വേണ്ടത് ഒരു കി.മീറ്ററില്‍ 6.1 ഹെക്ടര്‍

ആറുവരിപ്പാതയെങ്കില്‍ വേണ്ടത് ഇതിന്റെ മൂന്നിരട്ടി

തിരൂര്‍ കാസര്‍കോട് ലൈന്‍ നിലവിലുള്ള റെയില്‍പാളത്തിന് സമാന്തരം

കൊച്ചി വിമാനത്താവളത്തില്‍ ഉള്‍പ്പെടെ സ്റ്റേഷന്‍ ഭൂനിരപ്പില്‍

കോഴിക്കോട്ട് ഭൂഗര്‍ഭ സ്റ്റേഷന്‍

കൊച്ചുവേളി, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഭൂനിരപ്പില്‍ നിന്ന് ഉയര്‍ന്ന്

കൊല്ലത്ത് വര്‍ക് ഷോപ്പ്, കാസര്‍കോട്ട് പരിശോധനാകേന്ദ്രം

പരിസ്ഥിതി ആഘാത പഠനം സംസ്ഥാനത്ത് ആരംഭിക്കുന്ന ദിവസം തന്നെയാണ് ഡി.പി.ആറിന്റെ പൂര്‍ണരൂപം പുറത്തുവിട്ടത്. പദ്ധതി പ്രദേശത്തെ പരിസ്ഥിതിയെ കെ-റെയില്‍ എങ്ങനെ ബാധിക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ ഡി.പി.ആറില്‍ വ്യക്തമാകുന്നുണ്ട്.

2025-26ലാണ് പദ്ധതി കമ്മിഷന്‍ ചെയ്യുക. പദ്ധതിയിലൂടെ സര്‍ക്കാരിന് എത്രത്തോളം വരുമാനമുണ്ടാക്കാനാകുമെന്ന വിവരവും ഡി.പി.ആറില്‍ വിശദീകരിക്കുന്നുണ്ട്. ട്രക്കുകള്‍ കൊണ്ടുപോകാന്‍ കൊങ്കണ്‍ മാതൃകയില്‍ റോറോ സര്‍വിസ് ഉണ്ടാകും.

കെ- റെയില്‍ ഡി.പി.ആര്‍ പുറത്തുവിടാനാകില്ലെന്ന നിലപാടായിരുന്നു ഇത്രയും കാലം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം കിട്ടിയ ശേഷമേ ഡി.പി.ആര്‍ പ്രസിദ്ധീകരിക്കുകയുള്ളൂവെന്നായിരുന്നു പറഞ്ഞിരുന്നത്.

സര്‍വേ പൂര്‍ത്തിയായി കഴിഞ്ഞാല്‍ മാത്രമേ ഏതൊക്കെ കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് പറയാനാകൂവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വാദങ്ങളെ തള്ളുന്നതാണ് ഡി.പി.ആറിലെ വിവരങ്ങള്‍.

തിരുവനന്തപുരത്തെ കൊച്ചുവേളിയില്‍ നിന്നും തുടങ്ങി കാസറഗോഡ് വരെ 530.6 കിലോ മീറ്റര്‍ ദൂരത്തില്‍ ഒരുങ്ങുന്ന പദ്ധതിക്കായി 1383 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമായി വരുമെന്നാണ് ഡിപിആര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ 13 കിലോ മീറ്റര്‍ ദൂരം പാത പാലങ്ങളിലൂടെയും 11 കിലോ മീറ്റര്‍ തുരങ്കവും ഉള്‍പ്പെടുന്നു.

അവശ്യമായ ഭുമിയുടെ 1198 ഹെക്ടര്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുക്കേണ്ടി വരുമ്‌ബോള്‍ 185 ഹെക്ടര്‍ റെയില്‍വേയുടെ ഭൂമിയിലൂടെയും കടന്നു പോവുന്നു. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഭൂമി ആവശ്യമായി വരിക. സില്‍വര്‍ ലൈനിന്റെ വര്‍ക്ക് ഷോപ്പും ജില്ലയില്‍ തന്നെയായിരിക്കും.

പാത സജ്ജമാക്കുമ്‌ബോള്‍ പ്രതീക്ഷിക്കുന്ന ദിവസ വരുമാനം ആറ് കോടിയാണെന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം 20 മിനിറ്റ് ഇടവേളയില്‍ 37 സര്‍വീസുകള്‍ നടത്തുമെന്നാണ് ഡിപിആര്‍ പറയുന്നത്. പ്രതിദിനം 80,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത് എന്നും ഡിപിആര്‍ പറയുന്നു. പാതയുടെ ഇരുവശവും പ്രതിരോധ വേലികള്‍ കെട്ടി സുരക്ഷിതമാക്കിയായിരിക്കും പദ്ധതി ഒരുങ്ങുക. സില്‍വല്‍ ലൈനിന് സ്റ്റാന്‍ഡേര്‍ഡ് ഗേജ് പ്രഖ്യാപിച്ചത് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണെന്നും ഡിപിആര്‍ വ്യക്തമാക്കുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →