സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ പോര്‍വിളിച്ച് നടത്താനാകില്ലെന്ന് ഹൈക്കോടതി

-

തിരുവനന്തപുരം>>സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ പോര്‍വിളിച്ച് നടത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടത്.

വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ല. സര്‍വേ നിയമപ്രകാരം സര്‍വേ നടത്തുന്നതിന് എതിരല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീഡക്ഷിച്ചു. സില്‍വര്‍ലൈനില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ കുറിച്ച് വ്യക്തതയില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. അതേസമയം, പദ്ധതിക്കുള്ള സ്ഥലമെടുപ്പുമായി മുന്നോട്ടുപോകാന്‍ കേന്ദ്രാനുമതി ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചിന്തയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.

അതിനിടയില്‍ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ കെ – റെയിലിന്റെ തീവ്ര പ്രചാരണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ എല്ലാ വീടുകളിലും എത്തിക്കാനായി പ്രചാരണ പത്രിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. പ്രചാരണ പത്രികയായുള്ള കൈപ്പുസ്തകത്തിന്റെ 50 ലക്ഷം കോപ്പിയാണ് അച്ചടിക്കുന്നത്.

‘സില്‍വര്‍ ലൈന്‍ അറിയേണ്ടതെല്ലാം’ എന്ന പേരില്‍ 50 ലക്ഷം മള്‍ട്ടിക്കളര്‍ കൈപ്പുസ്തകങ്ങള്‍ അച്ചടിച്ച് പൊതുജനത്തിന് വിതരണം ചെയ്യും. 36 പേജുകളുള്ള കൈപ്പുസ്തകം അച്ചടിക്കുന്നതിന് പബ്ലിക് റിലേഷന്‍ വകുപ്പ് ടെന്‍ഡര്‍ വിളിച്ചു. ആധുനിക സൗകര്യമുള്ള അച്ചടിശാലകളില്‍നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.

സിപിഎം സംഘടനാ സംവിധാനം വഴിയാകും കൈപ്പുസ്തകം വീടുകളില്‍ എത്തിക്കുക. അതേസമയം പുസ്തകം അച്ചടിക്കാനുള്ള തുക വകയിരുത്തിയിട്ടില്ല. ടെന്‍ഡര്‍ ക്ഷണിച്ച ശേഷമേ ഇതിനായി എത്രതുക വേണ്ടിവരുമെന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ.

സര്‍ക്കാര്‍ പ്രചാരണ പരിപാടികള്‍ക്ക് നീക്കിവെച്ച അക്കൗണ്ടില്‍ നിന്നായിരിക്കും ഇതിനായി തുക ചെലവഴിക്കുക. കടുത്ത സാമ്ബത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ പരസ്യം നല്‍കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പുതുവര്‍ഷത്തിലാണ് ഇതില്‍ മാറ്റംവന്നത്.

നേരത്തെ ജില്ലകളില്‍ പൗരപ്രമുഖരുടെ യോഗം വിളിച്ച് മുഖ്യമന്ത്രിയും സംവാദങ്ങള്‍ സംഘടിപ്പിച്ച് സിപിഎം സംഘടനാ തലത്തിലും കെ-റെയില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനൊപ്പമാണ് പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ എല്ലാ വീടുകളിലേക്കും എത്തിക്കാന്‍ കൈപ്പുസ്തകം തയ്യാറാക്കാനുള്ള സര്‍ക്കാര്‍ നീക്കം.

കേരളത്തിനകത്ത് ആസ്ഥാന ഓഫിസും സ്വന്തമായി പ്രസുമുള്ള സ്ഥാപനത്തെയാണ് പരിഗണിക്കുന്നത്. ജനുവരി 28 ആണ് ഇ ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി. 29ന് ഇ ടെണ്ടര്‍ തുറക്കും.

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ വലിയ തോതിലുള്ള എതിര്‍പ്പുയരുന്ന സാഹചര്യത്തിലാണ് പദ്ധതിയുടെ ഗുണഫലങ്ങള്‍ വിവരിച്ചുകൊണ്ടുള്ള കൈപ്പുസ്തകം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് യോഗങ്ങള്‍ വിളിച്ചു കൂട്ടി പദ്ധതിയെക്കുറിച്ചു വിശദീകരിച്ചിരുന്നു. പിന്നാലെയാണ് പദ്ധതിയുടെ ഗുണവശങ്ങള്‍ ജനങ്ങിലേക്ക് എത്തിക്കാന്‍ കൈപ്പുസ്തകം പുറത്തിറക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനു പുറമേ സിപിഎം വീടുകള്‍ കയറി ലഘുലേഖ വിതരണം ചെയ്യാനും തീരുമാനിച്ചിരുന്നു. ഇതു കൂടാതെയാണ് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വന്‍ പ്രചാരണം ആരംഭിക്കുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →