കെറെയില്‍ സാധ്യത പഠനം;സിസ്ട്രയുടെ ഇന്ത്യന്‍ പങ്കാളിയായ സായി ലോകബാങ്ക് നടപടി നേരിട്ടിരുന്നു;നിഷേധിച്ച് കെ റെയില്‍

-

തിരുവനന്തപുരം>>കെ റെയിലിന്റെ സാധ്യത പഠനം നടത്തിയ സിസ്ട്രയുടെ ഇന്ത്യന്‍ പങ്കാളിയായ സായി,ലോകബാങ്കിന്റെനടപടി നേരിട്ടിരുന്നുവെന്നതിന്റെ രേഖകള്‍ പുറത്ത്. കെ റെയിലിന്റെ ഡിപിആറിന് ആധികാരികത ഇല്ലെന്ന ആക്ഷേപം ഇതോടെ ശക്തമായി. എന്നാല്‍ സിസ്ട്ര അഴിമതി ചെയ്തിട്ടില്ലെന്നും,അവരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്‌സായിയുടെ പേരിലുള്ള ലോകബാങ്ക് നടപടി ഇളവ്‌ചെയ്യപ്പെട്ടതെന്നും കെ റെയില്‍ അധികൃതര്‍ വിശദീകരിച്ചു.

പ്രമുഖ അന്താരാഷ്ട്ര എഞ്ചിനീയറിംഗ്, ഗതാഗത കണ്‍സള്‍ട്ടിംഗ് സ്ഥാപനമാണ് സിസ്ട്ര. ഫ്രഞ്ച് കമ്പനിയായ സിസ്ട്ര 2014ല്‍ ഇന്ത്യന്‍ കമ്പനിയായ സായി കണ്‍സള്‍ട്ടിംഗ് ആന്റ് എഞ്ചിനിയറിങ് ലിമിറ്റഡിന്റെ 65 ശതമാനം ഓഹരികളും വാങ്ങി. 2007നും 2015നും ഇടക്ക്, ആഫ്രിക്കയിലെ മൂന്നു വന്‍കിട പദ്ധതികള്‍ നടപ്പാക്കിയതിന്റെ ബില്ലുകള്‍, പാസാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ,സായി ,പണവും ,സമ്മാനങ്ങളും നല്‍കി. ഈ അഴിമതിയുടെ പേരിലാണ് ലോകബാങ്ക് സായിക്ക് 24 മാസത്തെ ഉപരോധം പ്രഖ്യാപിച്ചത്.2019 ജൂലൈ 10നാണ് ഈ ഉത്തരവ് പുറത്തിറങ്ങിയിത്. എന്നാല്‍ സായിയുടെ ഭൂരിപക്ഷം ഓഹരികളും കൈവശമുള്ള സിസ്ട്ര , ഭാവിയില്‍ ഇത്തരം വീഴ്ച ഉണ്ടാകില്ലെന്ന് ലോക ബാങ്കിന് ഉറപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപരോധം,നിബന്ധനകളോടെയുള്ള നീരീക്ഷണമായി ലോകബാങ്ക് ഇളവ് ചെയ്തു.സിസ്ട്രയാണ് കെ റെയിലിന്റെ ഡിപിആര്‍ തയ്യാറാക്കിയത്. പ്രാഥമിക റിപ്പോര്‍ട്ടിലും അന്തിമ റിപ്പോര്‍ട്ടിലും കാര്യമായ വ്യതിയാനമുണ്ട്. അന്താരഷ്ട്രതലത്തില്‍ അഴിമതി നടത്തിയിട്ടുള്ള സിസ്ട്ര ഇന്ത്യ, കെ റെയിലിന്റെ താത്പര്യമനുസരിച്ച് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയിട്ടുണ്ടാകാമെന്നാണ് വിമര്‍ശനം

സിസ്ട്രക്കെതിരായ ആരോപണങ്ങള്‍ കെ റെയില്‍ അധികൃതര്‍ തള്ളി.ആഫ്രിക്കയിലെ പദ്ധതികളില്‍ അഴിമിതി കാണിച്ചത്, സായി കണ്‍സള്‍ട്ടിംഗ് എഞ്‌നീയറിങ് ലിമിറ്റഡാണ്.ഇത്തരം അഴിമിതി ആവര്‍ത്തിക്കില്ലെന്നും, കോര്‍പറേറ്റ് മര്യാദകള്‍ പാലിക്കാമെന്നും ലോകബാങ്കിന് സിസ്ട്രയും, സായിയും രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ട്. കാലഹരണപ്പെട്ട നടപടികളുടെ പേരില്‍ ആക്ഷേപം ഉന്നയിക്കുന്നതില്‍ അടിസ്ഥാനമില്ലെന്നും കെ റെയില്‍ വിശദീകരിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →