കൊച്ചി>>> പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം റോയ് വിടവാങ്ങി. പത്രപ്രവര്ത്തകന്, നോവലിസ്റ്റ്, അധ്യാപകന് എന്നീ നിലയില്‍ പ്രസിദ്ധിയാര്‍ജിച്ച ബഹുമുഖ പ്രതിഭയായിരുന്നു. ദീര്‍ഘനാളായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചി കടവന്ത്രയിലെ വസതിയില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അന്ത്യം. കേരളപ്രകാശം എന്ന പത്രത്തിലൂടെയാണ് ആദ്യമായി മാധ്യമപ്രവര്‍ത്തനത്തിലേക്ക് പ്രവേശിച്ചത്.
പിന്നീട് കേരള ഭൂഷണം, ദേശ ബന്ധു, ദി ഹിന്ദു, എകണോമിക് ടൈംസ് എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയില്‍ നിന്നുമാണ് അദ്ദേഹം സജീവ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും വിരമിക്കുന്നത്. കേരള പത്രപ്രവര്‍ത്തക യൂനിയന്റെ പ്രസിഡന്റായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്‍ഡ്യന്‍ ഫെഡറേഷന് ഒഫ് വര്‍കിംഗ് ജേര്‍ണലിസ്റ്റിന്റെ സെക്രടറി ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിരവധി മാധ്യമ പുരസ്കാരങ്ങള്‍ക്കും ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്. സംസ്ഥാന സര്‍കാരിന്റെ ഉന്നത മാധ്യമപുരസ്ക്കാരമായ സ്വദേശാഭിമാനി-കേസരി, സഹോദരന് അയ്യപ്പന് പുരസ്കാരം തുടങ്ങിയ ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
അതേസമയം കെ എം റോയിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
‘പല പതിറ്റാണ്ടുകള്‍ ഇന്ഗ്ലീഷ് പത്രപ്രവര്‍ത്തനത്തിനും മലയാള പത്രപ്രവര്‍ത്തനത്തിനും കനപ്പെട്ട സംഭാവനകള്‍ നല്കിയ പ്രഗത്ഭ മാധ്യമപ്രവര്‍ത്തകനെയാണ് കെഎം റോയിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. ശ്രദ്ധേയനായ വാര്‍ത്താ ഏജന്‍സി റിപോര്ടര്, പംക്തികാരന്, സാംസ്കാരിക പ്രവര്ത്തകന് എന്നീ നിലകളിലെല്ലാം കെ എം റോയ് നല്കിയ സംഭാവനകള്‍ കേരളത്തിന് പൊതുവില്‍ വിലപ്പെട്ടതായിരുന്നു. പൊതു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സംശുദ്ധി നിലനിര്‍ത്തണമെന്ന കാര്യത്തില്‍ നിഷ്കര്‍ഷ ഉണ്ടായിരുന്ന കെ എം റോയ്, തന്റെ ആ നിലപാട് എഴുത്തുകളില്‍ ഏറെ പ്രതിഫലിപ്പിച്ചു. അത് സമൂഹത്തിന് ഏറെ മാര്ഗനിര്ദേശമാവുകയും ചെയ്തു.
അപഗ്രഥനാത്മകമായ അദ്ദേഹത്തിന്റെ റിപോര്‍ടുകള്‍ ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യത്തെ വലിയതോതില്‍ ശക്തിപ്പെടുത്തുന്ന രീതിയിലുള്ളതായിരുന്നു. നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്’- മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Follow us on