Type to search

ചരിത്രനേട്ടവുമായി തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍

Kerala News

പെരുമ്പാവൂര്‍>>> പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ എല്ലാ രംഗത്തും ചരിത്രം രേഖപ്പെടുത്തി മുന്നേറുകയാണ് കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍.

സംസ്ഥാനതലത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യവുമൊരുക്കി അര്‍ഹരായ 230 വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം നടത്താന്‍ ഈ വിദ്യാലയം ഒരുങ്ങി കഴിഞ്ഞു.

സ്‌ക്കൂള്‍ മാനേജ്‌മെന്റ്, പി റ്റി എ, അധ്യാപകര്‍, അനധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്ന് ‘ എഡ്യൂ കെയര്‍ 2021 എന്ന് പേരിട്ട മൊബൈല്‍ ചലഞ്ചിലൂടെ സ്‌കൂള്‍ തല ഡിജിറ്റല്‍ ലൈബ്രറിയിലേക്ക് പതിനൊന്നര ലക്ഷം രൂപയാണ് സമാഹരിച്ചത്.ഈ തുക ഉപയോഗിച്ചാണ് സ്‌ക്കൂളിലെ ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കാന്‍ കഴിയുന്നത്.

2021-22 അധ്യയന വര്‍ഷത്തില്‍ കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയമായി ഈ സ്ഥാപനം മാറി. സ്‌ക്കൂള്‍ തലത്തില്‍ 2370 നഴ്‌സറി തലത്തില്‍ 250, ഹയര്‍ സെക്കണ്ടറി തലത്തില്‍ 480 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 3100 വിദ്യാര്‍ഥികളാണ് ഇവിടെ പഠനം നടത്തുന്നത്.

കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം ക്ലാസ്സില്‍ ഏറ്റവുംകൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കി കുട്ടികളുടെഎണ്ണത്തിലും അപൂര്‍വ്വ നേട്ടം ഈ സ്‌ക്കൂള്‍ കരസ്ഥമാക്കി. ഒന്നാം തരത്തില്‍ 154 വിദ്യാര്‍ഥികള്‍ക്കാണ് ഇവിടെ പ്രവേശനം നല്‍കി ഒന്നാമതെത്തിയത്.

എസ്.എസ്.എല്‍.സി വിജയത്തിലും പരീക്ഷയെഴുതിയ322 വിദ്യാര്‍ഥികളെയും വിജയിപ്പിച്ച് നൂറ് ശതമാനം വിജയക്കൊടി നാട്ടാനും 94 വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനത്തിലൂടെ എല്ലാ വിഷയത്തിലെ ഫുള്‍ എപ്ലസ് നേടാനും 38 വിദ്യാര്‍ഥികള്‍ക്ക് ഒമ്പത് എ പ്ലസ് ലഭിക്കാനും ഈ വിദ്യാലയത്തിനായി.

പൊതു വിദ്യാഭ്യസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒന്നാം തരത്തില്‍
ഏറ്റവുമധികം വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതിന് എം.എല്‍.എ.മെറിറ്റ് അവാര്‍ഡ് നല്‍കി ആദരിക്കുമെന്ന് അഡ്വ: എല്‍ദോസ് കുന്നപ്പിളളി എം.എല്‍.എ.അറിയിച്ചു.

പ്രതിസന്ധി കാലഘട്ടത്തിലും സ്‌ക്കൂളിലെ എന്‍.എസ്.എസ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്‌കൗട്ട് & ഗൈഡ്‌സ്, ഫോറസ്ട്രി നേച്ചര്‍ എന്നിവക്ക് ജില്ലയില്‍ തന്നെ മികച്ച സേവനങ്ങള്‍ അര്‍പ്പിക്കാനും മികച്ച യൂണിറ്റുകള്‍ ആകാനും കഴിഞ്ഞു.ഫോറസ്ട്രി ഡിവിഷന്റെ ‘കുട്ടി വനം’ പദ്ധതിക്ക് ഈ വിദ്യാലയത്തെ ഈ വര്‍ഷം ജില്ലാ തലത്തില്‍ തിരഞ്ഞെടുത്തിരുന്നു.

തണ്ടേക്കാട് മഹല്ല് ജമാഅത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്വാലയത്തിലെ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി മാനേജര്‍ പി.എ.മുഖ്താര്‍, പ്രിന്‍സിപ്പല്‍ കെ.എച്ച് നിസാമോള്‍, പ്രധാന അധ്യാപകന്‍ വി.പി.അബൂബക്കര്‍ , പി റ്റി എ പ്രസിഡന്റ് നിസാര്‍ മുഹമ്മദ്
എന്നിവര്‍ പറഞ്ഞു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.