LOADING

Type to search

ഇന്ന് അന്താരാഷ്ട്ര സാക്ഷരതാദിനം;ഇന്ത്യയിലെ ആദ്യ സാക്ഷരതാ ഗ്രാമമായി തലയെടുപ്പോടെ പോത്താനിക്കാട്

Latest News Local News News

കോതമംഗലം>>>ഇന്ന് ലോക സാക്ഷരതാ ദിനം. നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപെടുത്താനാണ് ഈ ദിനാചാരണം നടത്തുന്നത്. ഓരോ മനുഷ്യരും സാക്ഷരരാകേണ്ടതിന്റെ ആവശ്യകത വിളിച്ചോതിയാണ് വീണ്ടുമൊരു സാക്ഷരത ദിനം കടന്ന് വരുന്നത്.

ഈ ദിനം ആചരിക്കുമ്പാള്‍, അക്ഷരവെളിച്ചം തെളിക്കാന്‍ നാന്ദി കുറിച്ചതിന്റെ നിര്‍വൃതിയിലാണ് എറണാകുളം ജില്ലയിലെ പോത്താനിക്കാട് ഗ്രാമം . ഇന്ത്യയിലെ ആദ്യസമ്പൂര്‍ണ സാക്ഷരത ഗ്രാമമാണിത്. നിരക്ഷരതയെ തുടച്ചുനീക്കാന്‍ ഒരു ഗ്രാമം ഒന്നായി ശ്രമിച്ചതിന്റെ ഓര്‍മ നിലനിര്‍ത്തി പോത്താനിക്കാട് സ്റ്റാന്‍ഡില്‍ സാക്ഷരത സ്തൂപവും നിലകൊള്ളുന്നു.

1990 മാര്‍ച്ച് 17ന് പോത്താനിക്കാട് ചേര്‍ന്ന സമ്മേളനത്തില്‍ ഹൈകോടതി ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണനാണ് സമ്പൂര്‍ണ സാക്ഷരത നേടിയ വിവരം പ്രഖ്യാപിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്ത് സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗമായത്.

നിരക്ഷരായി ഉണ്ടായിരുന്ന 487 പേരെ സാക്ഷരരാക്കാന്‍ 1989 മേയ് 21ന് ആരംഭിച്ച യജ്ഞമാണ് ഒരു ഗ്രാമത്തെ മുഴുവന്‍ സാക്ഷരരാക്കി മാറ്റിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പൈലി ചെയര്‍മാനായി സാക്ഷരത സമിതി, നിരക്ഷരെ ക്ലാസിലെത്തിക്കാന്‍ കലാജാഥ, സിനിമ പ്രദര്‍ശനം, കണ്ണ് പരിശോധന ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിച്ചു. ഒരു മാസത്തെ കഠിനപ്രയത്‌നത്തിലൂടെ പഠിതാക്കള്‍ സ്വയം പേരെഴുതി ഒപ്പിടുന്നതിനും പൊതുവിജ്ഞാനം ആര്‍ജിക്കുകയും ചെയ്തു.

1989 ജൂണ്‍ 26 ജില്ല കലക്ടര്‍ ‘പോത്താനിക്കാട് പഞ്ചായത്ത് ഇന്ത്യയിലെ ആദ്യസമ്പൂര്‍ണ സാക്ഷരത കൈവരിച്ച ഗ്രാമം’ എന്ന് സാക്ഷ്യപ്പെടുത്തി. പ്രഖ്യാപനത്തെ ചോദ്യംചെയ്ത് ചിലര്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് വീണ്ടും പഠിതാക്കളെ പരീക്ഷക്ക് വിധേയമാക്കി പ്രഖ്യാപനം അംഗീകരിക്കുകയായിരുന്നു.

സമ്പൂര്‍ണ സാക്ഷരതക്ക് നിത്യസ്മാരകം വേണമെന്ന ചെയര്‍മാന്റെ താല്‍പര്യമാണ് ഭൂഗോളത്തിനു മുകളില്‍ മലയാള അക്ഷരങ്ങളിലേക്ക് വെളിച്ചം തെളിച്ചുനില്‍ക്കുന്ന തൊഴിലാളി സ്ത്രീയുടെ ശില്‍പം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.