ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ള യാത്രാവിലക്ക് തുടരുമെന്ന് യു.എ.ഇ

രാജി ഇ ആർ -

ന്യൂഡല്‍ഹി>>>ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് തുടരുമെന്ന് യു.എ.ഇ. എമിറേറ്റ്‌സ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ നിലവിലെ സ്ഥിതി തുടരുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ജൂലൈ 25 വരെ സര്‍വീസില്ലെന്ന് എമിറേറ്റ്‌സും 31 വരെ സര്‍വീസില്ലെന്ന് ഇത്തിഹാദും അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് യു.എ.ഇ സിവില്‍ ഏവിയേഷന്റെ സ്ഥിരീകരണം. ഇതോടെ, പെരുന്നാള്‍ കഴിഞ്ഞ് മടങ്ങിയെത്താമെന്ന പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും മങ്ങലേറ്റു.

ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് വിലക്ക്. ഈ രാജ്യങ്ങളിലെ യാത്രക്കാരുടെ വിലക്ക് അനിശ്ചിത കാലത്തേക്കായിരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം വീണ്ടും ഉറപ്പിച്ചാണ് പുതിയ സര്‍ക്കുലര്‍.

ഈ രാജ്യങ്ങളിലെ കോവിഡിന്റെ അവസ്ഥ യു.എ.ഇ സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നും അതിനനുസരിച്ചായിരിക്കും തുടര്‍തീരുമാനമെന്നും സര്‍ക്കുലറില്‍ പറയുന്നു. നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസ, ഇന്‍വസ്റ്റര്‍ വിസ എന്നിവയുള്ളവര്‍ക്ക് യു.എ.ഇയില്‍ വരുന്നതിന് തടസമില്ല.

ഖത്തര്‍ ഓണ്‍അറൈവല്‍ വിസ അനുവദിച്ചതോടെ പുതിയൊരു ഇടത്താവളം കൂടി പ്രവാസികള്‍ക്ക് തുറന്നുകിട്ടുകയാണ്. നിലവില്‍ ഉസ്‌ബെകിസ്താന്‍, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് യു.എ.ഇയിലേക്ക് ഇന്ത്യക്കാര്‍ എത്തുന്നത്. കൂടിയ ചെലവും അനിശ്ചിതാവസ്ഥയും മൂലം ഇവ തെരഞ്ഞെടുക്കാന്‍ പലരും മടിക്കുന്ന സാഹചര്യവും ഉണ്ട്.