
ഇടുക്കി: രാജ്യത്ത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇടമലക്കുടി പഞ്ചായത്തില്‍ ഇതാദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ നാല്‍പതുകാരി, ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരന്‍ എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇടമലക്കുടിയില്‍ ഒരാള്‍ക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല.

സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്ത് കൂടിയാണ് ഇടമലക്കുടി. പുറമേ നിന്ന് ആരേയും പ്രവേശിപ്പിക്കാതെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവിടുത്തെ ജനങ്ങള്‍. ഭക്ഷണസാധനങ്ങടക്കം എത്തിക്കാന്‍ ഇടയ്ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ എത്തിയിരുന്നു. ഇവരില്‍ നിന്നാകാം രോഗബാധയെന്നാണ് പ്രാഥമിക നിഗമനം.
ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയപ്പോഴാണ് 40 വയസുകാരിയായ വീട്ടമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചത്. 24കാരന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

രണ്ടാഴ്ച മുമ്പ് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിനൊപ്പം ഒരു ബ്ലോഗര്‍ ഇടമലക്കുടിയില്‍ പ്രവേശിച്ചത് വിവാദമായിരുന്നു. ആരോഗ്യവകുപ്പ് അനുമതി നിഷേധിച്ചതിന് ശേഷമാണ് എം പിയും സുഹൃത്തുക്കളും ഇത്തരമൊരു യാത്ര നടത്തിയതെന്നായിരുന്നു വിമര്‍ശനം. ഇത് സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
Follow us on