ഭര്‍ത്താവിനെ വെട്ടിക്കൊന്ന സംഭവം; ബിരിയാണി നല്‍കിയില്ല, ബാക്കി സഹോദരന്റെ വീട്ടിലേക്ക് നല്‍കി: യുവതിയുടെ മൊഴി പുറത്ത്

-

കോട്ടയം>>ഉറക്കത്തില്‍ ഭര്‍ത്താവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി റോസന്നയെ പുതുപ്പള്ളി പെരുങ്കാവിലെ ഇവരുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് പോലീസ് തെളിവെടുപ്പിനെത്തിച്ചത്. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാമിനെ(കൊച്ച്-48) ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് റോസന്ന പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മദ്യപാനത്തിനും ദുര്‍നടപ്പിനും പുറമേ സ്വന്തം വീട്ടിലേക്കാള്‍ സഹോദരന്റെ വീട്ടിലേക്ക് മാത്യു സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നുവെന്നുമുള്ള ആക്ഷേപങ്ങളാണ് റോസന്ന പോലീസിനോടു പറഞ്ഞത്. ഇതുമൂലം നാളുകളായി ഭര്‍ത്താവിനോട് വൈരത്തിലായിരുന്നു.

വഴക്കിട്ട് മൂന്നുദിവസമായി വീട്ടില്‍ ആഹാരം വെച്ചിരുന്നില്ല. ഈ സമയം സഹോദരന്റെ വീട്ടില്‍നിന്ന് ആഹാരം കൊണ്ടുവന്ന് മകനും ഭര്‍ത്താവും കഴിക്കും. സംഭവദിവസം രാത്രി ബിരിയാണി കൊണ്ടുവന്ന് റോസന്നയ്ക്ക് നല്‍കാതെ ഇരുവരും കഴിച്ചു. മിച്ചമുണ്ടായിരുന്നത് സമീപത്തുള്ള സഹോദരന്റെ വീട്ടിലേക്ക് നല്‍കിയതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

മൃതദേഹപരിശോധനയ്ക്കുശേഷം വൈകീട്ട് വീട്ടിലെത്തിച്ച മൃതദേഹം അരമണിക്കൂര്‍ പൊതുദര്‍ശനത്തിന് വെച്ചു. ആറുമണിയോടെ വെള്ളൂക്കുട്ട പള്ളിയില്‍ സംസ്‌കരിച്ചു.കൊലനടത്തിയ ശേഷം വീട്ടില്‍നിന്നുപോയ മാത്യുവിന്റെ ഭാര്യ റോസന്നയെ മണര്‍കാട്ടുനിന്നാണ് പോലീസ് പിടിച്ചത്. റോസന്നയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. ഇവരുടെ മകന്‍ ജോയലിനെ മാത്യുവിന്റെ സഹോദരന്റെ വീട്ടിലേക്ക് മാറ്റി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →