LOADING

Type to search

ഭര്‍ത്താവിന്റെ കുത്തേറ്റു ഭാര്യ മരിച്ചു;വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് അതീവ ഗുരുതരാവസ്ഥയില്‍

Latest News Local News News


കടുത്തുരുത്തി>>> കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ കുത്തേറ്റു ഭാര്യ മരിച്ചു. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയാംകുടി നാലുസെന്റ് കോളനിയില്‍ ഇല്ലിപ്പടിക്കല്‍ രത്നമ്മയാണ് (57) ഭര്‍ത്താവ് ചന്ദ്രന്റെ കുത്തേറ്റു മരിച്ചത്. റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരനായ ചന്ദ്രനെ(69) വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്.

ആയാംകുടി നാലുസെന്റ് കോളനിയിലെ വീട്ടില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്ന് മണിയോടെയാണ് സംഭവം. ചന്ദ്രനും ഭാര്യ രത്നമ്മയും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ പറഞ്ഞ് വഴക്കുണ്ടായി. വീട്ടിലുണ്ടായിരുന്ന ഇളയ മകള്‍ അരുണിമ ഇരുവരെയും സമാധാനിപ്പിച്ചു. വഴക്ക് അവസാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അരുണിമ സമീപത്തുള്ള വീട്ടിലേക്കു പോയ സമയം വീടിനുള്ളില്‍ കടന്ന ചന്ദ്രന്‍ മുറി പൂട്ടിയ ശേഷം ഭാര്യ രത്നമ്മയെ കത്തി ഉപയോഗിച്ച് പല തവണ കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

കുത്തേറ്റ് രത്നമ്മ നിലവിളിച്ചതോടെ ഓടിയെത്തിയ അരുണിമ നിലവിളിച്ച് ആളെ കൂട്ടിയെങ്കിലും മുറി പൂട്ടിയിരുന്നതിനാല്‍ ഉള്ളിലേക്കു കടക്കാനായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ജനലിന്റെ ചില്ലു തകര്‍ത്തതോടെ, കുത്തേറ്റ് കട്ടിലില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ രത്നമ്മയെ കണ്ടെത്തി. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന നാട്ടുകാര്‍ ചന്ദ്രനെ വിഷം കഴിച്ച നിലയിലും കണ്ടെത്തി. പൊലീസ് സംഘമാണ് രത്നമ്മയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. രത്നമ്മ മരിച്ച നിലയില്‍ ആയിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

വിഷം കഴിച്ച് അബോധാവസ്ഥയിലായ ചന്ദ്രനെ ആദ്യം മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചന്ദ്രന്റെ നില ഗുരുതരമാണ്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ, വൈക്കം ഡിവൈഎസ്പി എ.ജെ. തോമസ്, കടുത്തുരുത്തി എസ്എച്ച്ഒ കെ.ജെ. തോമസ്, എസ്ഐ ബിബിന്‍ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ചന്ദ്രന്‍ വിഷം കഴിക്കാന്‍ ഉപയോഗിച്ച കുപ്പിയും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും വീട്ടില്‍ നിന്നു പൊലീസ് കണ്ടെടുത്തു. വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഇന്ന് പൊലീസും വിരലടയാള വിദഗ്ധരും വീട്ടില്‍ വിശദമായ പരിശോധന നടത്തും.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.