‘ഇവിടെ ചുംബിക്കരുത്: കമിതാക്കളുടെ സ്‌നേഹ പ്രകടനം വര്‍ധിച്ചതോടെ ഹൗസിംഗ് സൊസൈറ്റിയുടെ ബോര്‍ഡ്

രാജി ഇ ആർ -

പൊതുവിടങ്ങളിലെ സ്‌നേഹപ്രകടനങ്ങള്‍ നിയമവിരുദ്ധമാണെന്ന് പറയാന്‍ സുപ്രീം കോടതി പോലും വിസമ്മതിച്ചിട്ടുണ്ട്. സ്‌നേഹപ്രകടനം ‘അശ്ലീല’ പ്രവൃത്തി ആവുകയും മറ്റുള്ളവര്‍ക്ക് ശല്യമാവുകയും ചെയ്യുമ്പോഴാണ് ഇത് കുറ്റകൃത്യമാകുന്നത്. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ മുന്നോട്ട് വന്നിരിക്കുകയാണ് മുംബൈയിലെ ബൊറിവാലി മേഖലയിലുള്ള ഒരു ഹൗസിംഗ് സൊസൈറ്റി.

മദ്യപിക്കരുത്, പുകവലിക്കരുത്, അമിത വേഗതയില്‍ വാഹനം ഓടിക്കരുത് തുടങ്ങിയ സൂചനാ ബോര്‍ഡുകള്‍ക്ക് സമാനമായി ‘ഇവിടെ ചുംബനം അരുത്’ എന്ന ബോര്‍ഡാണ് ബൊറിവാലി മേഖലയിലെ ഹൗസിംഗ് സൊസൈറ്റി സ്ഥാപിച്ചിരിക്കുന്നത്. സൊസൈറ്റിയുടെ ഗേറ്റിന് മുന്‍വശത്തായി റോഡിനോട് ചേര്‍ന്നാണ് ഇത്തരം ഒരു ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. തങ്ങള്‍ കമിതാക്കള്‍ക്ക് എതിരല്ലെന്നും വീടിന് തൊട്ടു മുന്നില്‍ നടക്കുന്ന അശ്ലീല പ്രവൃത്തിയെയാണ് എതിര്‍ക്കുന്നത് എന്നും ബൊറിവാലിയിലെ താമസക്കാരനായ സത്യം ശിവം സുന്ദരം പറയുന്നു.

മേഖലയില്‍ താമസക്കാരായ കരണ്‍ – രുചി പ്രകാശ് ദമ്ബതികളാണ് ഇക്കാര്യം ആദ്യം ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഇവരുടെ വീടിന് മുന്നിലായുള്ള റോഡില്‍ രണ്ട് കമിതാക്കാള്‍ ഇഴുകിചേര്‍ന്ന് സ്‌നേഹപ്രകടനം നടത്തിയിരുന്നു. ഇത് മൊബൈലില്‍ ചിത്രീകരിച്ച ഇവര്‍ ലോക്കല്‍ കോര്‍പ്പറേറ്റര്‍ക്ക് അയച്ച് നല്‍കി നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.

പൊലീസിനെ അറിയിക്കാനുള്ള നിര്‍ദേശമാണ് ഇവര്‍ നല്‍കിയത്. എന്നാല്‍ കാര്യം പൊലീസിനെ അറിയിച്ചിട്ടും കാര്യമായ ഇടപെടലുകള്‍ ഉണ്ടായില്ല. തുടര്‍ന്നാണ് ഹൗസിംഗ് സൊസൈറ്റിയിലെ ആളുകള്‍ കൂടിയാലോചിച്ച് ഇത്തരം പ്രവണതകള്‍ നിയന്ത്രിക്കാനായി സൂചനാ ബോര്‍ഡ് സ്ഥാപിക്കാനായി തീരുമാനിച്ചത്.

ലോക്ക്ഡൗണ്‍ സമയത്തുപോലും ബൈക്കിലും കാറിലുമായി ധാരാളം കമിതാക്കാള്‍ ഇവിടെ എത്തി ഏറെ വൈകിയാണ് മടങ്ങാറുള്ളത് എന്ന് പ്രദേശവാസികള്‍ പറയുന്നു. താമസക്കാര്‍ക്ക് ഇതൊരു ശല്യമായി മാറിയതോടെയാണ് ഇത്തരം തീരുമാനങ്ങളുമായി ഹൗസിംഗ് സൊസൈറ്റി മുന്നോട്ട് വന്നത്. സൂചനാ ബോര്‍ഡ് വച്ചതിന് ശേഷം വരുന്ന കമിതാക്കളുടെ എണ്ണം വലിയ രീതിയില്‍ കുറഞ്ഞിട്ടുണ്ട് എന്നും വരുന്നവരാകട്ടെ സെല്‍ഫി എടുത്ത് മടങ്ങാറാണ് എന്നും പ്രദേശവാസികള്‍ പറഞ്ഞു.

‘ഞങ്ങള്‍ കമിതാക്കള്‍ക്ക് എതിരല്ല, വീടിന് തൊട്ടു മുന്നില്‍ നടക്കുന്ന അശ്ലീല പ്രവര്‍ത്തനങ്ങളെയാണ് എതിര്‍ക്കുന്നത്. ഞങ്ങളുടെ കൂട്ടത്തില്‍ കുട്ടികളും പ്രായമായവരും ഉണ്ട്. രണ്ട് മാസം മുന്നെയാണ് റോഡില്‍ ചുബനം പാടില്ല എന്ന സൂചന ബോര്‍ഡ് വരച്ചത്. പലപ്പോഴും വ്യക്തിപരമായി തന്നെ ഇവിടെ വച്ച് ഇത്തരം പ്രവൃത്തനങ്ങളില്‍ ഏര്‍പ്പെടരുത് എന്ന് നിര്‍ദേശിക്കാറുണ്ട്,’ സൊസൈറ്റി ചെയര്‍മാനായ വിനയ് അന്‍സൂര്‍ക്കര്‍ പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 294ാം വകുപ്പ് പ്രകാരമാണ് പൊതു ഇടങ്ങളിലെ അശ്ലീല പ്രവൃത്തികളോ പദപ്രയോഗങ്ങളോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാകുന്നത്.

അടുത്തിടെ എല്‍ജിബിടിക്യൂ വിഭാഗത്തില്‍പ്പെട്ട ഹോം ഗാര്‍ഡിന്റെ പങ്കാളിയുമൊത്തുള്ള പൊതുവിടത്തിലെ പ്രണയ നിമിഷങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു. എന്നാല്‍ പൊതു ക്രമത്തെ ബാധിക്കാത്തതും അശ്ലീലമല്ലാത്തതും ആയ പ്രവൃത്തിയുടെ പേരില്‍ നടപടി എടുക്കാനാകില്ല എന്ന് വ്യക്തമാക്കിയ സുപ്രീം കോടതി അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.