
കട്ടപ്പന>>> അണക്കരയിലെ ആഡംബര ഹോട്ടലില്‍ കുടുംബസമേതം താമസിച്ചശേഷം വാടക നല്‍കാതെ മുങ്ങി നടന്നിരുന്ന യുവാവ് ഗോവയില്‍ നിന്നും പിടിയിലായി. പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ മനുഭവനില്‍ മനു മോഹന്‍(29) ആണ് അറസ്റ്റിലായത്. ഇയാള്‍ നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
അണക്കരയിലെ ആഡംബര ഹോട്ടലില്‍ കുടുംബസമേതം താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത വകയില്‍ 3,17,000 രൂപ നല്‍കാതെ മുങ്ങിയ കേസിലാണ് ഇയാള്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തില്‍ ഗോവയില്‍ നിന്നാണ് മനു മോഹനെ പിടികൂടിയത്. ഗോവയിലും സമാന തട്ടിപ്പ് നടത്തി മുങ്ങാന്‍ ശ്രമിക്കവെയാണ് കേരളാ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
2020 ഡിസംബര്‍ 18 മുതല്‍ മാര്‍ച്ച് 9 വരെയാണ് അണക്കരയിലെ ഹോട്ടലില്‍ ഗുജറാത്ത് സ്വദേശിനിയായ ഭാര്യയ്ക്കൊപ്പം പ്രതി താമസിച്ചത്. ബിസിനസ് ആവശ്യത്തിനാണെന്നു വിശ്വസിപ്പിച്ചാണ് ഇവിടെ താമസിച്ചിരുന്നത്. ശേഷം പണം കൊടുക്കാതെ ഹോട്ടലില്‍ നിന്നും മുങ്ങുകയായിരുന്നു.
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് ഹോട്ടലുടമ വണ്ടന്മേട് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇയാള്‍ നടത്തിയ തട്ടിപ്പു കഥകള്‍ പുറത്തു വരുന്നത്. ഗോവ കലാംഗട്ടെയിലെ ഫ്ളാറ്റില്‍ താമസിക്കവേയാണ് പ്രതി പിടിയിലായത്.
ഗോവയില്‍ താമസിച്ചിരുന്ന സ്ഥലത്തും പണം നല്‍കാനുണ്ട്. മാസം 45,000 രൂപ വാടക വരുന്ന ഫ്ളാറ്റിലായിരുന്നു താമസം. കൂടാതെ കാറും വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചിരുന്നു. ഫ്ളാറ്റ് വാടക ഇനത്തില്‍ 65,000 രൂപ നല്‍കാനുണ്ട്. പണം നല്‍കാതെ മുങ്ങാന്‍ തയ്യാറെടുക്കുമ്പോഴാണ് പിടിയിലായത്.
നിരവധി സാമ്പത്തികത്തട്ടിപ്പു കേസുകളും പ്രതിക്കെതിരെ നിലവിലുണ്ട്. അഞ്ച് ലക്ഷം രൂപ വായ്പ ലഭ്യമാക്കി നല്‍കാമെന്നു വിശ്വസിപ്പിച്ച് മുനമ്പം സ്വദേശിയുടെ കയ്യില്‍ നിന്ന് പണം കൈപ്പറ്റി നടത്തിയ തട്ടിപ്പിലും മുനമ്പം സ്വദേശിയുടെ സുഹൃത്തുക്കളായ ഒട്ടേറെ പേര്‍ക്ക് ബാങ്ക് വായ്പ നല്‍കാമെന്നു പറഞ്ഞ് പ്രോസസിങ് ഫീസ് ആയി പണം വാങ്ങി നടത്തിയ തട്ടിപ്പിലും പ്രതിയാണ്.
ഈ കേസിലെ പരാതിക്കാരന് സാമ്ബത്തിക പ്രശ്നത്തെത്തുടര്‍ന്ന് ജീവനൊടുക്കിയിരുന്നു. തോപ്പുംപടി പൊലീസ് സ്റ്റേഷനിലും സമാനരീതിയിലുള്ള കേസുണ്ട്. വിദേശത്തേക്ക് വീസ തരപ്പെടുത്തി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പൊന്‍കുന്നം പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്.
കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എസ്ഐ സജിമോന്‍ ജോസഫ്, എഎസ്ഐ ബേസില്‍ പി.ഐസക്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ടോണി ജോണ്‍, വി.കെ.അനീഷ് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Follow us on