ചൂട് കൂടുന്നു:സജീവമായി വഴിയോര വിപണികള്‍


കോട്ടയം>> വേനല്‍ കനക്കും മുമ്പേ ജില്ലയിലെ വിവിധയിടങ്ങളില്‍ നൊങ്ക് വില്പന സജീവമായി.പാതയോരങ്ങളിലും കൂള്‍ബാറുകളിലുമാണ് പനനൊങ്ക് വില്പന പൊടിപൊടിക്കുന്നത്.രാത്രി മഞ്ഞുണ്ടെങ്കിലും പകല്‍ സമയത്ത് താപനില 35 ഡിഗ്രിയാണ്.ഇതോടോപ്പം തണ്ണിമത്തന്‍, ഇളനീര്‍, കരിമ്പിന്‍ ജ്യൂസ് വില്പനയും തകൃതിയാണ്.വഴിയോരങ്ങളിലും പെട്ടി ഓട്ടോകളിലുമാണ് ഇങ്ങനെ കൂടുതലും കച്ചവടം പൊടിപൊടിക്കുന്നത്.യുവാക്കളാണ് വഴിയോര കച്ചവടത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്.

ഒരു കുല പനനൊങ്കിന് നൂറ്റിമുപ്പത് രൂപയാണ് വില.കൊഴിഞ്ഞാമ്പാറയില്‍ നിന്നുമാണ് കച്ചവടക്കാര്‍ നൊങ്ക് വാങ്ങുന്നത്.ആയിരം രൂപ വണ്ടി വാടക ആകും.എന്നാലും അയ്യായിരം രൂപയുടെ വരെ കച്ചവടം നടക്കാറുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.അതിനാല്‍തന്നെ കച്ചവടക്കാര്‍ക്ക് ഇത് ലാഭമാണ്.

കരിക്ക് മുപ്പതു രൂപക്കാണ് വില്‍ക്കുന്നത്.പ്രതിദിനം അഞ്ഞൂറു കരിക്കു വരെ വില്‍ക്കുന്നുണ്ടെന്ന് കച്ചവടക്കാരനായ കൃഷ്ണന്‍ പറയുന്നു.വേലന്താവളം, ചിറ്റൂര്‍,കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളില്‍ നിന്നാണ് കരിക്ക് ശേഖരിക്കുന്നത്.

തമിഴ്‌നാട്ടിലെ ദണ്ഡി വനത്തില്‍ നിന്നുമാണ് തണ്ണി മത്തന്‍ കൊണ്ടുവരുന്നത്.ലോറി വാടക ഇരുപത്തി മുവ്വായിരം രൂപ വരും. കണക്കാക്കിയാല്‍ കിലോക്ക് ഇരുപതു രൂപ അസ്സല്‍വരും.അമ്പത് രൂപക്കാണ് വില്‍പ്പന.ഒരുമാസം മുന്‍പുവരെ പതിനഞ്ചു രൂപയായിരുന്നു ഒരു കിലോ തണ്ണിമത്തന്റെ വില.ചൂട് കൂടുന്നതിനനുസരിച്ച് തണ്ണിമത്തന്റെ വിലയും കൂടുക്കൊണ്ടിരിക്കുകയാണ്.ദിനംപ്രതി അഞ്ഞൂറു കിലോ വരെ വില്‍ക്കാറുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.

വേനല്‍ കനക്കുന്തോറും ഇത്തരം ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരും ഏറെയാണ്.കുപ്പികളില്‍ വരുന്ന ജൂസുകള്‍ വാങ്ങുന്നതിനേക്കാള്‍ ആളുകള്‍ക്ക് എന്നും ഇഷ്ടം രാസപദാര്‍ത്ഥങ്ങളില്ലാത്ത ,പ്രകൃതിദത്തമായ ഇത്തരം പഴങ്ങളുമാണ്.അതിനാല്‍ത്തന്നെ
തണ്ണി മത്തനും ഇളനീരും പന നൊങ്കും കരിമ്പിന്‍ ജൂസും നാരങ്ങ വെളളവും മോരു വെള്ളവുംകുടിക്കാന്‍ ആളുകളുടെ തിരക്കാണ് വഴിയോരങ്ങളില്‍.ചൂട് കൂടുന്തോറും കച്ചവടക്കാരുടെ എണ്ണവും ഇനിയും വര്‍ധിക്കും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →