LOADING

Type to search

പരാതിക്കാരനായ പൊലീസുകാരന്‍ തന്നെ തെളിവുകള്‍ നശിപ്പിച്ചു; ഹണിട്രാപ് കേസില്‍ വീണ്ടും ട്വിസ്റ്റ്

Latest News Local News News

തിരുവനന്തപുരം>>>ഹണിട്രാപ്പ് കേസില്‍ പരാതിക്കാരനായ പൊലീസുകാരന്‍ തെളിവുകള്‍ നശിപ്പിച്ചെന്ന് സംശയം. പൊലീസുകാരന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതില്‍ വാട്സ്ആപ്പ് ചാറ്റുകളടക്കം നശിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ ഒത്തുതീര്‍പ്പ് സംശയവും ഇതോടെ ബലപ്പെട്ടു.

പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടായി മാറിയ ഹണി ട്രാപ്പ് കേസില്‍ ട്വിസ്റ്റുകള്‍ തുടരുകയാണ്. ഹണി ട്രാപ്പില്‍ കുടുക്കി അഞ്ചല്‍ സ്വദേശിയായ യുവതി പണം തട്ടിയെന്നായിരുന്നു കൊല്ലം റൂറലിലെ എസ്.ഐയുടെ പരാതി. അന്വേഷണത്തിന് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തി.

ഉദ്യോഗസ്ഥരെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ പൊലീസുകാരന്‍ തന്നെ നിര്‍ദ്ദേശിച്ചെന്ന് പ്രതിയായ യുവതി വെളിപ്പെടുത്തിയതായിരുന്നു കേസിലെ ആദ്യ ട്വിസ്റ്റ്. എന്നാലിപ്പോള്‍ പരാതിക്കാരനായ പൊലീസുകാരന്‍ തന്നെ തെളിവുകള്‍ നശിപ്പിച്ചെന്ന സംശയമാണ് അന്വേഷണത്തിന് തിരിച്ചടിയായിരിക്കുന്നത്. ആദ്യം രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും മൊഴി നല്‍കാന്‍ ഹാജരാകാതിരുന്ന ഉദ്യോഗസ്ഥന്‍ അടുത്തിടെ യുവതിക്കെതിരെ മൊഴി നല്‍കിയിരുന്നു.

ഇതിനിടെ അന്വേഷണ സംഘം ഇയാളുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരിശോധനയില്‍ ഫോണിലെ കോണ്‍ടാക്ടുകള്‍ ഒഴികെ വാട്‌സ്ആപ്പ് ചാറ്റുകളടക്കം എല്ലാം ഡിലീറ്റ് ചെയ്‌തെന്ന് കണ്ടെത്തിയതോടെയാണ് തെളിവുകള്‍ പൊലീസുകാരന്‍ തന്നെ നശിപ്പിച്ചെന്ന സംശയം ബലപ്പെട്ടത്.

ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രതിയായ യുവതിയെ ചോദ്യം ചെയ്യാന്‍ നീക്കം ആരംഭിച്ചതിന് പിന്നാലെ ഇവര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കി. ഇതോടെ കേസില്‍ ഒത്തു തീര്‍പ്പ് നീക്കം നടക്കുന്നതായുള്ള സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.