LOADING

Type to search

ആര് നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചാലും നടപടി സ്വീകരിക്കും; കൊച്ചി കോര്‍പ്പറേഷനോട് ഹൈക്കോടതി

Kerala

കൊച്ചി>>പാതയോരങ്ങളിലെ കൊടിതോരണങ്ങള്‍ സംബന്ധിച്ച് കൊച്ചി കോര്‍പ്പറേഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി . നിയമവിരുദ്ധമായി കൊടികള്‍ സ്ഥാപിച്ചത് ആരാണ് എന്നത് ഹൈക്കോടതിക്ക് വിഷയമല്ല. ആര് നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാത്തതിലാണ് കോര്‍പറേഷന്‍ സെക്രട്ടറിക്ക് നേരെ വിമര്‍ശനം.

ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് പ്രത്യേക താല്‍പര്യങ്ങളില്ല. കോര്‍പറേഷന്‍ അനുമതിക്ക് വിരുദ്ധമായി ഫുട്പാത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിച്ചത് എങ്ങനെയാണ്. നിയമലംഘനങ്ങളുടെ നേരെ കോര്‍പറേഷന്‍ കണ്ണടച്ചത് എങ്ങനെയാണ്. നടപടിയെടുക്കാന്‍ പേടിയാണെങ്കില്‍ കോര്‍പറേഷന്‍ സെക്രട്ടറി തുറന്ന് പറയണം. പേടിയില്ലാത്ത ഉദ്യോഗസ്ഥര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

സിപിഎം സമ്മേളനത്തിനായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിച്ചതിനെതിരെ ദിവസങ്ങള്‍ക്ക് മുമ്പേയും കോടതിയുടെ വിമര്‍ശനം ഉണ്ടായിരുന്നു. കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും നിയമം പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് അന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഫുട്പാത്തുകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികള്‍ സ്ഥാപിച്ചിരിക്കുന്നു. ഉത്തരവുകള്‍ നടപ്പാക്കാന്‍ , ഒരു അപകടമുണ്ടായി ജീവന്‍ നഷ്ടമാകണോ. കൊച്ചി നഗരത്തില്‍ നിറഞ്ഞിരിക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നാണോ കരുതുന്നത്. വിമര്‍ശനമുന്നയിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ വക്താവായി തന്നെ ആക്ഷേപിക്കുകയാണ്. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടക്കുന്നു. പാവപ്പെട്ടവര്‍ ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നു. ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതിയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നു. റോഡില്‍ നിറയെ ഭരണ കക്ഷിയുടെ കൊടികള്‍ ആണെന്ന് അമിക്കസ് ക്യൂരി കോടതിയെ അറിയിക്കുകയായിരുന്നു.

റോഡ് അരികിലെ ഫ്‌ലെക്‌സ് ബോര്‍ഡുകളുടെ പേരില്‍ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയ്ക്ക് എതിരെയും ഹൈക്കോടതി വിമര്‍ശനം ഉണ്ടായിരുന്നു. അനധികൃത ബോര്‍ഡ് നീക്കാന്‍ ആയില്ലെങ്കില്‍ എങ്ങനെ സെക്രട്ടറി ആ സ്ഥാനത്ത് ഇരിക്കും. കലൂരില്‍ അടക്കം ഇപ്പോഴും നിരവധി ബോര്‍ഡുകള്‍ കാണാം. ഹൈക്കോടതി നോക്ക് കുത്തി ആണെന്ന് ധരിക്കരുത്. കഴിഞ്ഞ 3 വര്‍ഷം ആയി കോടതി ഇക്കാര്യം പറയുന്നു. നിയമലംഘനത്തിന് എതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.

നഗരസഭകള്‍ക്ക് ഈ നിയമലംഘനത്തിനെതിരെ മിണ്ടാന്‍ ധൈര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ സിപിഎമ്മിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് കൊച്ചി കോര്‍പറേഷന്‍ മറുപടി നല്‍കി. അഞ്ചാം തിയതിക്ക് ശേഷം എല്ലാ കൊടിതോരണങ്ങളും നീക്കം ചെയ്യുമെന്നും കൊച്ചി കോര്‍പറേഷന്‍ പറഞ്ഞിരുന്നു.

റോഡ് സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചുള്ള കൊടിതോരണങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കണമെന്ന് കോടതി പറഞ്ഞു. പൊതുസ്ഥലങ്ങളിലെ അനധികൃത കൊടിതോരണങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ നഗരസഭകള്‍ക്ക് നിര്‍ദേശം നല്‍കി. കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ നല്‍കിയ അനുമതി ഹാജരാക്കാന്‍ കൊച്ചി കോര്‍പറേഷനോടും നിര്‍ദേശിച്ചു. ചട്ടവിരുദ്ധമായി കൊടിതോരണങ്ങളും ഇന്‍സ്റ്റലേഷനുകളും സ്ഥാപിക്കാന്‍ അനുമതി നല്‍കിയതില്‍ കടുത്ത അതൃപ്തിയെന്ന് കോടതി അറിയിച്ചു. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനം നടത്തേണ്ടതെന്നും കോടതി പറഞ്ഞു. സമ്മേളന ശേഷം കൊടിതോരണങ്ങള്‍ നീക്കം ചെയ്തതിന്റെ പുരോഗതി അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.

 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.