ശബ്ദ സാമ്പിള്‍ പരിശോധനക്ക് വിധേയന്റെ സമ്മതം വേണ്ട;ഹൈക്കോടതി

-

തിരുവനന്തപുരം>> ശബ്ദ സാമ്പിള്‍ പരിശോധനക്ക് വിധേയന്റെ സമ്മതം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

പരിശോധനക്കായി പ്രതിയോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ശരിവച്ചു കൊണ്ടാണ് ക്രിമിനല്‍ ജസ്റ്റിസ് ഡെലിവറി സിസ്റ്റത്തില്‍ നാഴികക്കല്ലായ വിധിന്യായം ജസ്റ്റിസ്. ആര്‍.നാരായണ പിഷാരടി പുറപ്പെടുവിച്ചത്. അന്വേഷണ ഏജന്‍സി ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയും ആധുനിക അന്വേഷണ രീതികളും സ്വീകരിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കി നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെയും സുനിയെയും വകവരുത്താന്‍ നടന്‍ ദിലീപ് പദ്ധതിയിട്ടതായ ഫോണ്‍ രേഖ സംവിധായകന്‍ ബാല ചന്ദ്രകുമാര്‍ പുറത്തു വിട്ടതിനെ തുടര്‍ന്ന് ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്ത് ആലുവ മജിസ്ട്രേട്ട് കോടതിയില്‍ ജനുവരി 10 ന് എഫ് ഐ ആര്‍ സമര്‍പ്പിച്ചു. ഈ കേസില്‍ ദിലീപിന്റെ ശബ്ദ സാമ്ബിള്‍ എടുക്കാനിരിക്കെ ഹൈക്കോടതി വിധിന്യായം നിര്‍ണ്ണായകമായി. ഈ വിധിന്യായത്തോടെ ദിലീപിന് കുരുക്കു മുറുകിയ അവസ്ഥയിലായി.

തൃശൂര്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത അഴിമതി കേസില്‍ രണ്ടാം പ്രതിയായ ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ ഓവര്‍സിയര്‍ മഹേഷ് ലാല്‍ സമര്‍പ്പിച്ച ക്രിമിനല്‍ മിസലേനയസ് കേസ് തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഉത്തരവ്.

ഒന്നാം പ്രതിയായ കരാറുകാരന്‍ ഓവര്‍സിയറെയും ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് സര്‍ട്ടിഫിക്കറ്റ് നേടാന്‍ പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടു. അപ്രകാരം 2021 ഫെബ്രുവരി 16 ന് വൈകിട്ട് 5 മണിക്ക് തൃശൂര്‍ കേച്ചേരി ശങ്കര ഷോപ്പിങ് കോംപ്ലക്സിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് ഒന്നാം പ്രതി പരാതിക്കാരനില്‍ നിന്നും 25,000 രൂപ വാങ്ങി. അപ്രകാരം ഒന്നാം പ്രതിയും രണ്ടാം പ്രതിയും അഴിമതി നിരോധന നിയമത്തിലെ 7 എ , ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തുവെന്നാണ് വിജിലന്‍സ് കേസ്.

അന്വേഷണ ഘട്ടത്തില്‍ രണ്ടാം പ്രതിയായ ഓവര്‍സിയര്‍ ശബ്ദ സാമ്ബിളുകള്‍ എടുക്കാന്‍ തൃക്കാക്കര ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ 2021 ജൂലൈ 27 ന് രാവിലെ 9 മണിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് തൃശൂര്‍ വിജിലന്‍സ് കോടതി ഓവര്‍സിയര്‍ക്ക് നോട്ടീസയച്ചു. ഈ നോട്ടീസ് റദ്ദാക്കണമെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് വിചാരണക്കോടതി ഉത്തരവെന്നും കാണിച്ച് ഓവര്‍സിയര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കരുത്തു പകരുന്ന വിധിന്യായം പുറപ്പെടുവിക്കുകയും ചെയ്തു.

അന്വേഷണ ഘട്ടത്തില്‍ വിജിലന്‍സ് പിടിച്ചെടുത്ത ഓവര്‍സിയറുടെ മൊബൈല്‍ ഫോണില്‍ കൈക്കൂലി ആവശ്യപ്പെട്ടുള്ള ഓവര്‍സിയറുടെയും പരാതിക്കാരന്റെയും സംഭാഷണം ഉള്ളതായി വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൈക്കൂലി ആവശ്യപ്പെടല്‍ തെളിയിക്കാന്‍ ഇരുവരുടെയും ശബ്ദ സാമ്ബിള്‍ എടുത്ത് ഫോണിലെ ശബ്ദവുമായി താരതമ്യം ചെയ്തുള്ള പരിശോധന അത്യന്താപേക്ഷിതമാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് നാരായണ പിഷാരടിയുടെ ഉത്തരവ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →