മെഴ്‌സിഡസ് ബെന്‍സ് ഇടിച്ച് മയില്‍ ചത്തു; മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

രാജി ഇ ആർ -

ഗുരുഗ്രാം>>> ഹരിയാന ജില്ലയിലെ ഗുരുഗ്രാമില്‍ അതിവേഗതയില്‍ വന്ന കാര്‍ ഇടിച്ച് മയില്‍ ചത്ത സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഗുരുഗ്രാമിലെ സെക്ടര്‍ 43 ഡിഎല്‍എഫ് ഫേസ് 5 ന് സമീപം തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവം. മൂന്ന് വയസ്സ് പ്രായമുള്ള ആണ്‍ മയിലാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മയില്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സുശാന്ത് ലോക് പൊലീസ് സ്ഥലത്തെത്തി മൃതദേഹം നീക്കം ചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കും കഴുത്തിനും ഇടിയേറ്റാണ് മയില്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമായിരുന്നു.

ചൊവ്വാഴ്ച്ചയാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. തിങ്കളാഴ്ച്ച വൈകിട്ട് 6.45 ഓടെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. അതിവേഗതയില്‍ എത്തിയ മെഴ്‌സിഡസ് ബെന്‍സ് കാറാണ് പക്ഷിയെ ഇടിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഡി എല്‍ എഫ്-5 ലെ ഗോള്‍ഫ് ഡ്രൈവില്‍ നിന്ന് കാമെലിയാസ് റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലേക്കുള്ള വളവ് തിരിയുന്നതിനിടയിലാണ് കുറകേ വന്ന മയിലിനെ മെഴ്‌സിഡസ് ഇടിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവ സ്ഥലത്തു വെച്ചു തന്നെ മയില്‍ കൊല്ലപ്പെട്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ഇടിയുടെ ആഘാതത്തില്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മയില്‍ കൊല്ലപ്പെട്ടെങ്കിലും തൂവലുകള്‍ക്കൊന്നും കേടുപാടുകള്‍ പറ്റിയിട്ടില്ല. സുല്‍താന്‍പൂര്‍ ദേശീയ പാര്‍ക്കില്‍ എല്ലാ ബഹുമതികളോടും കൂടി ചൊവ്വഴാച്ചയായിരുന്നു മയിലിനെ സംസ്‌കരിച്ചതെന്ന് വൈല്‍ഡ് ലൈഫ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ചഹല്‍ അറിയിച്ചു.

ഇന്ത്യയുടെ ദേശീയ പക്ഷിയാണ് മയില്‍. 1963 ലാണ് മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കുന്നത്. വംശനാശം നേരിടുന്ന ജീവിയായതിനാല്‍ 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ 1 ലാണ് മയില്‍ ഉള്‍പ്പെടുന്നത്.

മയിലിനെ കൊല്ലുന്നത് ഇന്ത്യയില്‍ മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയോ 25,000 രൂപ പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷയാണ്.

എന്നാല്‍, ഗുരുഗ്രാമില്‍ മയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. കൂടാതെ, മയില്‍ കൊല്ലപ്പെട്ട വിവരം അറിയിച്ച വ്യക്തിയെ പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് പറയുന്നു. അതിനാല്‍ തന്നെ ഇയാളുടെ മൊഴി രേഖപ്പെടുത്താനും സാധിച്ചിട്ടില്ല.

ഇയാളുടെ മൊഴി ലഭിച്ചാല്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കാമെന്നാണ് പൊലീസ് നിലപാട്.