ഗുരുവായൂരപ്പന്റെ സ്വന്തം കുചേലനായ സഭാപതി ഡോക്ടര്‍

-

കൊച്ചി>>എണ്‍പത്താറു വയസ്സുള്ള ഡോ. എ.കെ. സഭാപതിയ്ക്ക് ജീവിതത്തില്‍ ശുഭാപ്തി വിശ്വാസം നല്‍കുന്ന രണ്ടു വേഷങ്ങളാണുള്ളത്. അതിലൊന്ന് കര്‍മ്മപഥത്തില്‍ ആതുരസേവനത്തിനായി അണിയുന്ന ഡോക്ടറുടെ വേഷം. മറ്റൊന്ന് കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷമായി ഗുരുവായൂരപ്പന് മുമ്പില്‍ അണിയുന്ന കുചേലവേഷം. എറണാകുളം ചിറ്റൂര്‍ റോഡിലെ കൃഷ്ണാ ആശുപത്രി ഡയറക്ടറും മികച്ച സര്‍ജ്ജനുമായ സഭാപതി ഡോക്ടര്‍ ഗുരുവായൂരപ്പന്റെ പരമഭക്തനാണ്. എല്ലാവര്‍ഷവും ഗുരുവായൂരിലെ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ കുചേലദിനാഘോഷം അരങ്ങേറുമ്പോള്‍ ശ്രീകൃഷ്ണസതീര്‍ത്ഥ്യന്റെ വേഷത്തില്‍ കണികള്‍ക്കിടയില്‍ നിന്നും കടന്നുവരുന്നത് ഡോക്ടറായിരിക്കും.

കൃഷ്ണഭക്തി തന്നെ കുചേലഭക്തിയായി കാണുന്ന ഭക്തര്‍ അവിടെ നടക്കുന്ന കൃഷ്ണകുചേലന്മാരുടെ സൗഹൃദത്തിന്റെ ഗാഢമായ ആലിംഗനദൃശ്യാവിഷ്‌കാരം കണ്ട് അഞ്ജലീബദ്ധരാകാറുണ്ട്. ഇത്തവണയും ആ പതിവ് ഗുരുവായൂരില്‍ കാണാനായി. സദനം കൃഷ്ണന്‍കുട്ടി കൃഷ്ണനായും ചിത്ര രാമസ്വാമി രുഗ്മിണിയായും വേദിയില്‍ നില്‍ക്കുമ്പോഴാണ് സഭാപതി ഡോക്ടറുടെ കുചേലന് ‘സദ്ഗതി’ കൈവന്നത്. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേലദിനമായി ആചരിക്കുന്നത്. ദരിദ്രനാരായണനായ സുദാമാവ് അവില്‍ പൊതിയുമായി ദ്വാരകയില്‍ എത്തിച്ചേരുന്ന രംഗം കാഴ്ചക്കാരില്‍ ഭക്തിപാരവശ്യമുളവാക്കി. മൂന്നര പതിറ്റാണ്ടിലേറെയായി ഡോക്ടര്‍ കഥകളി വേഷം കെട്ടാന്‍ തുടങ്ങിയിട്ട്. പതിനഞ്ചു വര്‍ഷത്തോളം കലാമണ്ഡലം ശ്രീകണ്ഠന്‍നായരില്‍ നിന്നും കഥകളി അഭ്യസിച്ച ശേഷമാണ് അദ്ദേഹം വേദിയിലേക്കെത്തിയത്. സന്താനഗോപാലം കഥയിലെ ബ്രാഹ്‌മണവേഷം ഡോക്ടറുടെ മാസ്റ്റര്‍പീസുകളില്‍ ഒന്നാണ്.


ഗുരുവായൂരപ്പന്റെ മാഹാത്മ്യങ്ങള്‍ പാരായണം നടത്തുന്ന ഭാഗവതസത്രവേദികളിലും കുചേലവേഷം കെട്ടാറുണ്ട്. ഡോക്ടറുടെ കുചേലവേഷം കാണാന്‍ തന്നെ ഒരു കൗതുകമാണ്. നൂറു കണക്കിന് അരങ്ങുകളാണ് അദ്ദേഹം ഇതിനോടകം പൂര്‍ത്തിയാക്കിയത്. പച്ച, മിനുക്ക്, കരി, വേഷങ്ങളും കെട്ടിയിട്ടുണ്ടെങ്കിലും ഡോക്ടര്‍ക്ക് ഏറ്റവും ആത്മ സംതൃപ്തി നല്‍കുന്നത് കുചേല വേഷം കെട്ടുമ്പോഴാണ്. മൂന്നു മാസം മുമ്പ് ശക്തമായ ഹൃദായാഘാതത്തെത്തുടര്‍ന്ന് പൂര്‍ണ്ണ വിശ്രമത്തിലായിരുന്നെങ്കിലും ഈ വര്‍ഷവും ഗുരുവായൂരിലെ പതിവ് മുടക്കാന്‍ അദ്ദേഹം തയ്യാറായില്ല. കലാമണ്ഡലം ഗോപാലകൃഷ്ണന്‍, പള്ളിപ്പുറം സന്ദീപ് (പാട്ട് ), കലാനിലയം ഉദയന്‍ നമ്പൂതിരി (ചെണ്ട) ആര്‍ .എല്‍. വി. ജിതിന്‍ (മദ്ദളം) എരൂര്‍ മനോജ് (ചുട്ടി) എന്നിവരാണ് കളിസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.

About കൂവപ്പടി ജി ഹരികുമാർ

View all posts by കൂവപ്പടി ജി ഹരികുമാർ →