ഗള്‍ഫിലേക്കുപോയ ഭര്‍ത്താവ് മെസേജിന് മറുപടി നല്‍കിയില്ല; നവവധു ജീവനൊടുക്കി

-

ഹൈദരാബാദ്>> വിവാഹശേഷം വിദേശത്തേക്ക് പോയ ഭര്‍ത്താവ് മെസേജുകള്‍ക്ക് മറുപടി നല്‍കാത്തതില്‍ മനംനൊന്ത് നവവധു ജീവനൊടുക്കിയെന്ന് ബന്ധുക്കള്‍. 24കാരിയായ ഖനേജ ഫാത്തിമ്മയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. ഹൈദരാബാദിലെ ചന്ദനഗറിലാണ് സംഭവം.
സൗദി അറേബ്യയില്‍ റിസര്‍ച്ച് അനലിസ്റ്റായ സയ്യിദ് ഹമീദുമായി കഴിഞ്ഞ ജൂലായിലായിരുന്നു ഫാത്തിമ്മയുടെ വിവാഹം. രണ്ട് മാസങ്ങള്‍ക്ക് ശേഷം ഹമീദ് സൗദിയിലേക്ക് മടങ്ങി. ഇതിനുശേഷം ഭാര്യയുമായി ഹമീദ് ബന്ധപ്പെട്ടിരുന്നില്ല. നിരന്തരം മെസേജുകള്‍ അയച്ചെങ്കിലും ഒന്നിനുപോലും ഭര്‍ത്താവ് മറുപടി നല്‍കാത്തതില്‍ ഫാത്തിമ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.
ഭര്‍തൃമാതാവായ മെഹ്റുന്നീസ ഉള്‍പ്പെടെയുള്ളവരോട് ഫാത്തിമ്മ തന്റെ സങ്കടം പങ്കുവെച്ചിരുന്നു. സമാധാനത്തോടെ ഇരിക്കാനും ഹമീദ് ചില ആരോഗ്യപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നുമാണ് ഇവരെല്ലാം ഫാത്തിമ്മയെ അറിയിച്ചത്. തുടര്‍ന്നും ഭര്‍ത്താവിന് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്ന ഫാത്തിമ വിഷാദത്തിലേക്ക് വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ അസ്വഭാവിക മരണത്തിന് ചന്ദനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →