LOADING

Type to search

ഗുലാബ് ചുഴലിയുടെ സഞ്ചാരപഥത്തില്‍ ഇല്ലാതിരുന്നിട്ടും കേരളത്തില്‍ രാത്രി മുഴുവന്‍ മഴ

Latest News Local News News

തിരുവനന്തപുരം>>> ആന്ധ്രാതീരത്തെ ഗുലാബ് ചുഴലിക്കാറ്റ് കേരളത്തിലും മഴ എത്തിച്ചു. ഇന്നലെ രാത്രി മുഴുവന്‍ നല്ല മഴയാണ് കേരളത്തില്‍ പെയ്തത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് കലിംഗപ്പട്ടണത്തേക്ക് കയറിയ ഗുലാബ് ചുഴലിയാണ് കേരളത്തില്‍ മഴയായി മാറിയത്. നാളെ വരെ മഴ തുടരുമെന്നാണ് പ്രവചനങ്ങള്‍.

ഗുലാബ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും ചൊവ്വാഴ്ചവരെ ശക്തമോ അതിശക്തമായതോ ആയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട് എന്നായിരുന്നു പ്രവചനം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്തനിവാരണ അഥോറിറ്റിയും അറിയിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ് കേരളത്തില്‍ മുഴുവന്‍. ചുഴലിക്കാറ്റിന്റെ പ്രഭാവം കുറയുമ്‌ബോള്‍ മഴയ്ക്കും ശമനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ആന്ധ്രയിലും ഓഡീഷയിലും തീരം തൊട്ട് ഗുലാബ് ചുഴലിക്കാറ്റ്. മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗതയോടെ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ചുഴലിക്കാറ്റ് ആന്ധ്രയിലെ കലിംഗപട്ടണം- ഒഡീഷയിലെ ഗോപാല്‍പുര്‍ തീരം കടക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് മാസത്തിനിടെ ഒഡീഷയില്‍ വീശുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഗുലാബ്. നേരത്തെ യാസ് ചുഴലിക്കാറ്റ് സംസ്ഥാനത്ത് നാശനഷ്ടം വിതച്ചിരുന്നു.

നിലവില്‍ അതീവ അപകടസാധ്യതയുള്ള നാല് ജില്ലകളില്‍ എല്ലാ സുരക്ഷ മുന്‍കരുതലുകളും എടുത്തിട്ടുള്ളതായി ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് വ്യക്തമാക്കി. ഒഡീഷ ദുരന്ത നിവാരണ സേനയിലെ 42 ടീമിനെയും ദേശീയ ദുരന്ത നിവാരണ സേനയിലെ 24 സ്‌ക്വാഡിനെയും ഈ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ സംസ്ഥാനത്തെ പൊലീസും ഫയര്‍ഫോഴ്‌സും പ്രവര്‍ത്തന സജ്ജരായി രംഗത്തുണ്ട്. ചുഴലിക്കാറ്റ് പ്രദേശം കടന്ന് പോകുന്നത് വരെ ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അഭ്യര്‍ത്ഥിച്ചു.

നിലവിലെ സ്ഥിതിയില്‍ ചൊവ്വാഴ്ച വരെ കേരളത്തില്‍ മഴ തുടരുമെന്നാണ് അറിയിപ്പ്. ഗുലാബിന്റെ സ്വാധീനം തീര്‍ന്നാലുടന്‍ തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ദ്ധര്‍ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ സെപ്റ്റംബര്‍ മാസത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമര്‍ദ്ദമായിരിക്കും. അഒരു ചുഴലിക്കാറ്റും മൂന്ന് ന്യൂനമര്‍ദ്ദവുമാണ് കഴിഞ്ഞ 26 ദിവസത്തിനിടെ ബംഗാള്‍ കടലില്‍ രൂപപ്പെട്ടത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം ഉണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ചൊവ്വാഴ്ച വരെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരി മേഖലകളിലും മാലിദ്വീപ് പ്രദേശത്തും സമാനമായ കാലാവസ്ഥ ആയിരിക്കും. ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് സൗത്ത് ഒഡീഷയിലും ആന്ധ്രപ്രദേശിലെ തീരപ്രദേശങ്ങളിലും പല ഭാഗങ്ങളിലായി നേരിയ മഴയില്‍ തുടങ്ങിയ അതിശക്തമായ മഴയ്ക്ക് വരെ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.