സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി നാളെ ഗവര്‍ണറുടെ ഉപവാസ സമരം

ന്യൂസ് ഡെസ്ക്ക് -

തിരുവനന്തപുരം>>>സ്ത്രീകള്‍ക്കെതിരേ സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരേ പരസ്യ പ്രതിഷേധവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ വൈകിട്ട് നാലര മുതല്‍ ആറു മണി വരെ തിരുവനന്തപുരം ഗാന്ധിഭവനിലാണ് ഗവര്‍ണറുടെ ഉപവാസം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗവര്‍ണര്‍ പരസ്യ പ്രതിഷേധത്തിന് തയാറെടുക്കുന്നത്.

സ്ത്രീ സുരക്ഷിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഗാന്ധി സംഘടനകള്‍ നാളെ ഉപവാസ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഉപവാസം. കേരള ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിലാണ് സമരം. സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന വ്യാപകമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗാന്ധിയന്‍ സംഘടനകള്‍ സീയുക്തമായി നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും നാളെ ഗവര്‍ണര്‍ നിര്‍വഹിക്കും.

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് ഗവര്‍ണര്‍ സന്ദര്‍ശിച്ചിരുന്നു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ഗവര്‍ണര്‍ വൈകാരികമായാണ് അന്ന് സംസാരിച്ചത്. വിസ്മയ തനിക്ക് മകളെപ്പോലെയാണ്.

തന്നെ സംബന്ധിച്ച് കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും മകളെപ്പോലെയാണ്. വിസ്മയയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ താന്‍ ഏറെ വികാരാധീനനായെന്നും അന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. സ്ത്രീധനത്തിനെതിരെ കേരളത്തില്‍ കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണം. സ്ത്രീധനം എന്ന സാമൂഹിക തിന്മ തുടച്ചു മാറ്റപ്പെടണം. ഇതിനായി യുവാക്കള്‍ തന്നെ രംഗത്തിറങ്ങണം.

വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം തുടങ്ങി എല്ലാ രംഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്. സ്ത്രീധനം പോലുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണം. സ്ത്രീധനം ആവശ്യപ്പെടുന്നതും നല്‍കുന്നതും ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.

സ്ത്രീധനം കൊടുക്കുന്നു എന്നറിഞ്ഞാല്‍ വിവാഹത്തിന് പങ്കെടുക്കുന്ന സാഹചര്യം ഉണ്ടാകരുത്. ആണ്‍ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചാല്‍ ആ ബന്ധവുമായി പെണ്‍വീട്ടുകാര്‍ മുന്നോട്ടുപോകരുതെന്നും ഗവര്‍ണര്‍ വികാരാധീനനായി പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സമരം എന്നാണ് വിലയിരുത്തല്‍.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →