
തിരുവനന്തപുരം>>>സര്‍ക്കാരും പൊലീസ് മേധാവിയും പതിനെട്ട് അടവും പയറ്റിയിട്ടും പൊലീസിലെ മര്ദ്ദകവീരന്മാരെ ഒതുക്കാനാവുന്നില്ല. പൊതുജനത്തെ അസഭ്യം പറഞ്ഞും കൈയേറ്റം ചെയ്തും പരിശോധനയുടെ പേരില്‍ വഴിപോക്കരെ പിടിച്ചുപറിച്ചുംകൈയൂക്ക് കാണിച്ചും ഒരു ഡസനിലേറെ പൊലീസുകാര്‍ സസ്പെന്‍ഷനിലാണ്.
എന്നിട്ടും പൊലീസിന്റെ കൈയൂക്ക് കാട്ടലിന് ഒരു കുറവുമില്ല. പൂവാറില്‍ ഭാര്യയെ റോഡില്‍ കയറ്റിവിട്ട ശേഷം റോഡരികില്‍ നിന്ന ഓട്ടോറിക്ഷാ തൊഴിലാളി സുധീര്‍ഖാനെ റോഡിലും സ്റ്റേഷനിലും വച്ച് ക്രൂരമായി തല്ലിച്ചതച്ച എസ്.ഐ ജെ.എസ്. സനല്‍ സസ്പെന്‍ഷനിലായതാണ് ഒടുവിലത്തെ സംഭവം.
ജനങ്ങളോട് കൈക്കരുത്ത് കാട്ടരുതെന്നും സഭ്യേതര പദപ്രയോഗം പാടില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിട്ടും കാര്യങ്ങള്‍ക്ക് മാറ്റമില്ല. എന്തുതെറ്റ് കാട്ടിയാലും ആറുമാസത്തെ സസ്പെന്‍ഷനാണ് പരമാവധി ശിക്ഷ.സസ്പെന്ഷന് മാത്രമുള്ളത് കൊണ്ട് പോലീസ് ഏമാന്മാര്ക്ക് ഇതൊന്നും വല്യ കാര്യമല്ല.
കഴക്കൂട്ടത്ത് വീടിനടുത്തുനിന്ന യുവാവിനെ തല്ലിച്ചതച്ച എസ്.ഐയെ സസ്പെന്‍ഡ് ചെയ്തെങ്കിലും ഒരാഴ്ചയ്ക്കകം തിരിച്ചെടുത്ത് ക്രമസമാധാന ചുമതല നല്‍കുകയായിരുന്നു. ചടയമംഗലത്ത് വാഹനപരിശോധനയ്ക്കിടെ എഴുപതുകാരനെ കരണത്തടിച്ച് ജീപ്പിലേക്കെറിഞ്ഞ എസ്.ഐക്കുള്ള ശിക്ഷ കഠിന പരിശീലനത്തില്‍ ഒതുക്കി. സസ്പെന്‍ഷനിലാവുന്നവര്‍ക്ക് മുന്‍പ് ക്രമസമാധാന ചുമതല നല്‍കില്ലായിരുന്നു. ഇപ്പോള്‍ അങ്ങനെയുമില്ല. ഇത് ജനങ്ങളോട് അതിക്രമം കാട്ടാന്‍ പ്രേരണയാവുകയാണെന്നാണ് ആക്ഷേപം.
പൊലീസുകാരുടെ ചെറിയ പിഴവിനും വിശദീകരണം തേടണമെന്നും ഡിവൈ.എസ്.പിമാരും ജില്ലാ പൊലീസ് മേധാവികളും സ്റ്റേഷനുകളില്‍ മിന്നല്‍പ്പരിശോധന നടത്തണമെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെല്ലാം അട്ടിമറിച്ചു. പൊലീസിന്റെ സഭ്യതയില്ലാത്തതും അതിരുവിട്ടതുമായ പെരുമാറ്റം ജനങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചാലോ മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നാലോ ഉടന്‍ നടപടി കൈക്കൊള്ളുമെന്ന ഡി.ജി.പി അനില്‍കാന്തിന്റെ മുന്നറിയിപ്പും വകവയ്ക്കാതെയാണ് ഇത്തരം കാര്യങ്ങള്‍ അരങ്ങേറുന്നത്.ഡിജിപിയുടെ വാക്കുകള്‍ക്ക് പുല്ലുവില.പൊലീസ് ആക്ടിലെ 86-സി പ്രകാരം ധാര്‍ഷ്ഠ്യം കാട്ടുകയും പരാതികള്‍ അവഗണിക്കുകയും ചെയ്യുന്ന പൊലീസുകാരെ പിരിച്ചുവിടാനാവും.

ഹൈക്കോടതി പറഞ്ഞാലും വകവയ്ക്കില്ല. മലപ്പുറത്ത് വാഹനപരിശോധനയ്ക്കിടെ ലോറിഡ്രൈവര്‍ ഫൈസലിനെ മര്‍ദ്ദിച്ചു. രേഖകളെല്ലാമുണ്ടായിട്ടും 500 രൂപ പിഴയടയ്ക്കാനാവശ്യപ്പെട്ടപ്പോള് പണമില്ലെന്നും 250 രൂപ അടയ്ക്കാമെന്നും പറഞ്ഞതായിരുന്നു പ്രകോപനം.ഹൈക്കോടതി ഉത്തരവ് മറികടന്ന് കൊല്ലം എഴുകോണില്‍ വിമുക്തഭടനെ രാത്രിയില്‍ വീട്ടില്‍ക്കയറി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിന് സി.ഐ ശിവപ്രകാശിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.
കൊല്ലം ചിന്നക്കടയില്‍ ഓട്ടോഡ്രൈവര്‍ നിതീഷിനെ പൊലീസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നിതീഷാണ് ആക്രമിച്ചതെന്നാണ് പൊലീസിന്റെ വാദം.കോട്ടയത്ത് മാസ്ക് ധരിച്ചില്ലെന്ന കാരണത്താല്‍ യുവാവിനെ കൈയേറ്റം ചെയ്ത കണ്ട്രോള് റൂം ഗ്രേഡ് എസ്.ഐ രാജു സസ്പെന്‍ഷനിലായി.അട്ടപ്പാടിയിലെ ഊരുമൂപ്പനെ പിടികൂടാനെത്തിയ പൊലീസ് അദ്ദേഹത്തിന്റെ 17കാരനായ മകനെ മര്‍ദ്ദിക്കുകയും സ്ത്രീകളെയടക്കം ഉപദ്രവിക്കുകയും ചെയ്തതായി പരാതി.

Follow us on