സ്വര്‍ണപ്പണിക്കാരനെ ആക്രമിച്ച്‌ നാല്‍പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ഡി വൈ എഫ് ഐ നേതാവിനെ പുറത്താക്കി

രാജി ഇ ആർ -

വടകര>>> സ്വര്‍ണപ്പണിക്കാരനെ അക്രമിച്ച് പണം കവര്‍ന്ന കേസില്‍ ആരോപണ വിധേയനായ ഡി വൈ എഫ് ഐ നേതാവിനെ സി പി എം പുറത്താക്കി. സി.കെ നിജേഷിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. സ്വര്‍ണപ്പണിക്കാരനില്‍ നിന്ന് നാല്‍പത്തിയാറ് ലക്ഷം രൂപ കവര്‍ന്നെന്നാണ് ആരോപണം. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം.

ഡി വൈ എഫ് ഐ കല്ലാച്ചി മേഖല സെക്രട്ടറിയായിരിക്കെ നിജേഷും സുഹൃത്ത് നിഖിനും ചേര്‍ന്ന് രാജേന്ദ്രന്‍ എന്നയാളെ കബളിപ്പിച്ച് നാല്‍പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ രാജേന്ദ്രനെ കൂട്ടിക്കൊണ്ടുപോയി അക്രമിച്ച് പണം തട്ടിയെടുത്തുവെന്നാണ് ആരോപണം.

തന്റെ പരാതിയില്‍ നിജേഷിനെ സ്റ്റേഷനില്‍ വിളിച്ച് കാര്യം ചോദിച്ചതല്ലാതെ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് നേരത്തെ രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. അതേസമയം നിജേഷിന്റ ആസ്തി ഉള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.