സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ സുഹൃത്ത് റമീസിന്റെ അപകട മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചയാള്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചു

രാജി ഇ ആർ -

കണ്ണൂര്‍>>>സ്വണക്കടത്ത് കേസില്‍ പിടിയിലായ പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തായ റമീസിന്റെ അപകട മരണത്തിനിടയായ കാര്‍ ഓടിച്ചിരുന്നയാള്‍ മരിച്ചു. തളാപ്പ് സ്വദേശിയായ അശ്വിന്‍ പി.പിയാണ് രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8 മണിയോടെ മരിച്ചത്. ഇയാളെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായും സംഭവത്തില്‍ ദുരൂഹത ഇല്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. ആന്തരിക രക്തസ്രാവമാണ് മരണകാരണം.

സ്വര്‍ണക്കടത്ത് കേസില്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയായിരുന്നു ജൂലായ് 23ന് അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തായ റമീസ് അപകടത്തില്‍ മരിച്ചത്. അശ്വിന്‍ ഓടിച്ച ടൊയോട്ട കാറിലേക്ക് റമീസ് ഓടിച്ച ബൈക്ക് വന്നിടിക്കുകയായിരുന്നു. ഓസ്ട്രേലിയയില്‍ ജോലി നോക്കുന്ന അശ്വിന്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അപകടമുണ്ടായത്.