സ്വര്‍ണം കടത്താന്‍ ഒത്താശ ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍; കണ്ണൂര്‍ വിമാനത്താവളത്തില്‍ പിരിച്ചുവിട്ടത് മൂന്നു പേരെ

രാജി ഇ ആർ -

കണ്ണൂര്‍>>>സ്വര്‍ണകടത്തിന് കൂട്ടുനിന്ന മൂന്ന് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടത് കള്ളക്കടത്ത് സംഘങ്ങളും കസ്റ്റംസും തമ്മിലുള്ള ബന്ധമാണ് വെളിച്ചത്തുകൊണ്ടുവന്നത്. രാജ്യമെമ്പാടുമുള്ള വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണം കടത്തുന്നതിന് ഒത്താശ ചെയ്യുന്നതിന് കസ്റ്റംസിന് അകത്തുനിന്നു തന്നെ ഒരു സംഘം പ്രവര്‍ത്തിക്കുന്നതിന്റെ വിവരങ്ങളും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്സിന് ലഭിച്ചിട്ടുണ്ട്.

കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിന് ഒത്താശ നല്‍കിയ മൂന്ന് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പിരിച്ചുവിട്ടത്. രോഹിത് ശര്‍മ, സാകേന്ദ്ര പസ്വാന്‍, കൃഷന്‍ കുമാര്‍ എന്നിവര്‍ക്ക് എതിരെയാണ് നടപടി.

പ്രിവന്റീവ് വിഭാഗം കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെതാണ് ഉത്തരവ്. ഡല്‍ഹി സ്വദേശിയായ രോഹിത് ശര്‍മയ്ക്കും ബിഹാര്‍ സ്വദേശിയായ സാകേന്ദ്ര പാസ്വാനും ഉത്തര്‍പ്രദേശ് സ്വദേശിയായ കൃഷന്‍ കുമാറിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് മറ്റൊരു ഉദ്യോഗസ്ഥനായ രാഹുല്‍ പണ്ഡിറ്റാണ്.

2019 ഓഗസ്റ്റ് 19ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ 4.5 കിലോഗ്രാവുമായി മൂന്ന് കാരിയര്‍മാര്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പതിനൊന്ന് കിലോ സ്വര്‍ണം കണ്ണൂര്‍ വിമാനത്താവളം വഴി കടത്തിയിട്ടുണ്ട് എന്ന് വ്യക്തമായത്.

കള്ളക്കടത്തിന് വേണ്ട ഒത്താശ ഉദ്യോഗസ്ഥര്‍ ചെയ്തു. അന്ന് കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇന്‍സ്‌പെക്ടറായിരുന്ന രാഹുല്‍ പണ്ഡിറ്റിന്റെ നിര്‍ദേശാനുസരണമാണ് കണ്ണൂരിലെ മൂന്ന് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നും അന്വേഷണസംഘം കണ്ടെത്തി.

2019 ഓഗസ്റ്റില്‍ തന്നെ നാല് ഉദ്യോഗസ്ഥരും അറസ്റ്റിലായിരുന്നു. രാഹുല്‍ പണ്ഡിറ്റ് ആണ് വിവിധ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണക്കടത്തിന് വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുന്നത് എന്ന് ബോധ്യപ്പെട്ടതോടെ കഴിഞ്ഞവര്‍ഷം ഇയാളെ പിരിച്ചുവിട്ടു.

കണ്ണൂര്‍ വിമാനത്താവളത്തിലെ മൂന്ന് ഉദ്യോഗസ്ഥരും സസ്‌പെന്‍ഷന്‍ കാലാവധിക്കു ശേഷം കൊച്ചിയില്‍ പ്രിവന്റീവ് വിഭാഗം ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു. ഇവര്‍ക്ക് കള്ളക്കടത്തില്‍ വ്യക്തമായ പങ്കുണ്ട് എന്ന് ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍ നടപടി.