സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍; ഒരാഴ്ചക്കിടെ കുറഞ്ഞത് 1320 രൂപ

രാജി ഇ ആർ -

തിരുവനന്തപുരം>>> സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില തുടരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയാണ് ഇന്നത്തെ വില. തിങ്കളാഴ്ച പവന് 400 രൂപ കുറഞ്ഞ് 34,680 രൂപയും ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 4335 രൂപയുമായിരുന്നു.

സംസ്ഥാനത്ത് ഒരാഴ്ചക്കിടെ 1320 രൂപയാണ് പവന്റെ വിലയില്‍ കുറവുണ്ടായത്. ശനിയാഴ്ചമാത്രം പവന്റെ വില 600 രൂപയാണ് താഴെപ്പോയത്. ആഗോളതലത്തില്‍ വന്‍തോതില്‍ വിറ്റൊഴിയല്‍ തുടര്‍ന്നതാണ് സ്വര്‍ണവിലയെ ബാധിച്ചത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് തിങ്കളാഴ്ച പതിച്ചിരുന്നു. 10 ഗ്രാം സ്വര്‍ണത്തിന്റെ വില 1.3ശതമാനം കുറഞ്ഞ് 46,029 രൂപയിലെത്തിയെങ്കില്‍ ഇന്ന് ഇത് 46,085 രൂപയായി.

തൊഴില്‍ സാധ്യതാ സൂചിക ഉയര്‍ന്നതോടെ യുഎസ് ഫെഡ് റിസര്‍വ് പ്രതീക്ഷിച്ചതിലും നേരത്തെ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന സൂചനയാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തെ ബാധിച്ചത്. ഇതോടെ തിങ്കളാഴ്ച സ്പോട് ഗോള്‍ഡ് വില 4.4ശതമാനം താഴ്ന്ന് ട്രോയ് ഔണ്‍സിന് 1,722.06 ഡോളര്‍ നിലവാരത്തിലെത്തി. ചൊവ്വാഴ്ച 1737.22 ഡോളറിനാണ് വ്യാപാരം നടക്കുന്നത്.