Type to search

ആദ്യ ഡോസ് പൂര്‍ത്തിയാക്കാന്‍ ലോകം നെട്ടോട്ടമോടുമ്പോള്‍ നാലാമത്തെ ഡോസിനുള്ള തുടക്കവുമായി ഇസ്രയേല്‍

News

ടെല്‍ അവീവ് >>>ഭാവിയില്‍ ഒരു പക്ഷെ ഈ കോവിഡ് വാക്‌സിനേഷന്‍ എന്നത് ഒരു നിരന്തര പ്രക്രിയയായി മാറിയേക്കാം എന്നുള്ള സൂചനയുമായി ഇസ്രയേല്‍ മുന്നോട്ടു വന്നിരിക്കുകയാണ്. ഇപ്പോള്‍, തങ്ങളുടെ പൗരന്മാര്‍ക്ക് വാക്‌സിന്റെ നാലാം ഡോസ് കൊടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേല്‍.

ബൂസ്റ്റര്‍ ഡോസിനു ശേഷം, പുതിയ വകഭേദങ്ങളെ നേരിടാന്‍ ഉതകുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയ വാക്‌സിനായിരിക്കും നാലാം ഡോസായി നല്‍കുക എന്നാണ് നാഷണല്‍ കൊറോണ വൈറസ് കമ്മിറ്റി തലവന്‍ സല്മാന്‍ സാര്‍ക്ക പറയുന്നത്.

രോഗവ്യാപനം തടയാനായാല്‍ പോലും വൈറസ് ഇവിടം വിട്ടുപോകുന്നില്ല. അതുകൊണ്ട് തുടര്‍ന്നും രോഗവ്യാപനം തടയുവാന്‍ നാലാം ഡോസും തയ്യാറായിരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇനിയുള്ള മനുഷ്യജീവിതം കൊറോണ തരംഗത്തില്‍ ആടിയുലഞ്ഞുള്ള ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വകഭേങ്ങളെ തടയുവാന്‍ കൂടുതല്‍ വാക്‌സിനുകള്‍ സ്വീകരിക്കാനായി ഇസ്രയേല്‍ ജനത തയ്യാറായി ഇരിക്കണമെന്ന് കഴിഞ്ഞമാസം തന്നെ അദ്ദേഹം പ്രസ്താവിച്ചിരുന്നു.

ഇനിയും ഒരു തരംഗത്തില്‍ ഒതുങ്ങുന്നതല്ല കൊറോണയുടെ പ്രഭാവം. ഇനിയും അനേകം തരംഗങ്ങളായി അത് ആഞ്ഞടിച്ചേക്കും. കരുതല്‍ വേണ്ടത് മനുഷ്യര്‍ക്കാണ്. വാക്‌സിന്‍ ഒരു നിശ്ചിത കാലയളവിന് ശേഷം ദുര്‍ബലമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അതിന്റെ ശക്തി വീണ്ടെടുക്കാന്‍ വീണ്ടും വാക്‌സിന്‍ നല്‍കണം.

അതായത് വര്‍ഷത്തില്‍ ഒരിക്കലോ അല്ലെങ്കില്‍ ആറുമാസത്തില്‍ ഒരിക്കലോ കോവിഡ് വാക്‌സിന്‍ എടുത്തുകൊണ്ടിരിക്കണം എന്നും അദ്ദേഹം പറയുന്നു. 2021 അവസാനത്തോടെ തന്നെ അല്ലെങ്കില്‍ 2022 ആരംഭത്തോടെ പുതിയ വകഭേദങ്ങളെ തടയുവാനുള്ള വാക്‌സിന്‍ നല്‍കിത്തുടങ്ങാന്‍ ഇസ്രയേലിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ വാക്‌സിന്‍ എടുത്തതിനു ശേഷവും കോവിഡ് ബാധിക്കുന്നുണ്ടെങ്കിലും വാക്‌സിന്‍ പ്രഭാവത്തിന് മരണനിരക്ക് ഏകദേശം പകുതിയോളമായി കുറയ്ക്കാന്‍ ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ കോവിഡ് വാക്‌സിനേഷന്‍ ഇനിയുള്ള കാലത്ത് മനുഷ്യ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. ഇടയ്ക്കിടെ വാക്‌സിന്‍ എടുത്ത് മുന്നോട്ടുപോകുന്ന ഒരു വിഭാഗമായി മാറും മനുഷ്യകുലം.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.