LOADING

Type to search

മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യാ സഹോദരി പെരുവഴിയില്‍

Latest News Local News News

കൊല്‍ക്കത്ത>>>മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യാ സഹോദരി ഇറ ബസു ഇപ്പോള്‍ താമസിക്കുന്നത് കൊല്‍ക്കത്തയിലെ ഡണ്‍ലോപ് പ്രദേശത്തെ നടവഴിയിലാണെന്ന് റിപ്പോര്‍ട്ട്. കുറച്ച് ദിവസം മുന്‍പ് ബസുവിന്റെ നിലവിലെ ജീവിത സാഹചര്യങ്ങള്‍ വിശദീകരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അധികൃതര്‍ ഖര്‍ദാ മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ആംബുലന്‍സ് അയക്കുകയും അവരെ ഡണ്‍ലോപ്പില്‍ നിന്ന് ബരനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയുംചെയ്തിരുന്നു. പിന്നീട് വിദഗ്ധ പരിശോധനക്കും ചികിത്സക്കുമായി കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി.

എന്നാല്‍, ലുംബിനി പാര്‍ക്ക് മാനസിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇറ ബസു ഖര്‍ദയിലേക്ക് തന്നെ തിരിച്ചു കൊണ്ടു പോകണമെന്ന് ആവര്‍ത്തിച്ച് പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് പനിഹാതി വാര്‍ഡ് കോര്‍ഡിനേറ്ററും മറ്റു ചിലരും ചേര്‍ന്ന് അവരുടെ ആഗ്രഹം നിറവേറ്റി കൊടുക്കുകയായിരുന്നു.

ഖര്‍ദ പ്രിയനാദ് ഗേള്‍സ് സ്‌കൂളിലെ മുന്‍ ഇംഗ്ലീഷ് അധ്യാപികയായിരുന്ന ബസു ഒരു രേഖയില്‍ ഒപ്പുവച്ച ശേഷം ചൊവ്വാഴ്ച പനിഹാതിയിലേക്ക് നടന്നു. മാനസികാശുപത്രിയില്‍ താമസിക്കുന്ന സമയത്ത് തന്റെ ബന്ധുക്കള്‍ സന്ദര്‍ശിക്കാന്‍ വരുമെന്ന് ബസു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആരും വരാതിരിക്കുന്നത് കാരണം ദുഃഖമുണ്ടെങ്കിലും ശക്തയായ ഈ സ്ത്രീ ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതല്‍ വേവലാതിപ്പെട്ടിട്ട് കാര്യമില്ല എന്നാണ് പറയുന്നത്.

മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ബട്ടാചാര്യയുടെ ഭാര്യാ സഹോദരിയായ ഇറ ശിഷ്ട കാലം തന്റെ സമ്ബാദ്യത്തില്‍ നിന്ന് ചെലവഴിച്ച് ജീവിക്കാനാണ് താല്‍പര്യപ്പെടുന്നത്. എന്നാല്‍ സര്‍ക്കാറില്‍ നിന്ന് യാതൊരു ആനുകൂല്യവും കൈപറ്റാന്‍ ഇറക്ക് താല്‍പര്യമില്ല. ബുദ്ധദേവ് ബട്ടാചാര്യയുടെ പേരുമായോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഭാര്യ മീര ബട്ടാചാര്യയുടെ പേരുമായോ ബന്ധിപ്പിച്ച് തന്നെ ‘പീഡിപ്പിക്കുന്നവര്‍ക്കെതിരെ’ ഇറ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്.

1976 ലാണ് ഇറ ബസു പിയനാദ് ഗേള്‍സ് സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. 2009 ജൂണ്‍ 28 ന് അവര്‍ ജോലിയില്‍ നിന്ന് വിരമിച്ചു. ആദ്യം ബറനഗറില്‍ താമസിച്ചിരുന്ന ഇവര്‍ പിന്നീട് ഖര്‍ദയിലേക്ക് താമസം മാറുകയായിരുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം ഇവരെ കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊല്‍ക്കത്തയില്‍ അധികം അകലെയല്ലാത്ത ഡണ്‍ലോപ്പിലെ റോഡരികില്‍ കണ്ടെത്തിയത്.

മുന്‍പ് ഇറയെ കുറിച്ച് ബുദ്ധദേവിന്റെ ഭാര്യ മീരാ ബട്ടാചാര്യ പറഞ്ഞതിങ്ങനെയായിരുന്നു, ‘ഇറ ബസു എന്റെ സ്വന്തം സഹോദരിയാണ്. എന്റെ കുടുംബത്തിലെ അംഗമാണവര്‍. ഉന്നത വിദ്യാഭ്യാസം നേടിയ അവര്‍ ഒരു സ്‌കൂള്‍ അധ്യാപിക കൂടിയായിരുന്നു. സ്വന്തം ഇഷ്ടത്തിനാണ് അവര്‍ ഇത്തരം ലളിത ജീവിതം നയിക്കുന്നത്. സാള്‍ട്ട്‌ലെയ്ക്കില്‍ ഇവര്‍ക്ക് സ്വന്തമായി വീടുണ്ട്. അവര്‍ വേണമെങ്കില്‍ ആ വീട്ടില്‍ തന്നെ താമസിക്കാം. സ്വതന്ത്രയായ ഒരു സ്ത്രീയാണവള്‍. അവള്‍ ഇഷ്ടമുള്ളത് ചെയ്യും. മറ്റാരും പറയുന്നത് കേള്‍ക്കില്ല. ‘

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.