വനപാലകരെ വിട്ടുപിരിഞ്ഞു കാട്ടില്‍ പോകാന്‍ കൂട്ടാക്കാതെ സുന്ദരിയെന്ന മ്ലാവ്

-

പാലക്കാട് >>ഏകദേശം 2 മാസം പ്രായമുള്ളപ്പോഴാണ് കുറുക്കന്റെ ആക്രമണത്തില്‍ നിന്നും പരിക്കേറ്റ് അവശയായ മ്ലാവ് കുഞ്ഞിനെ പാലക്കാട് ജില്ലയിലെ മംഗലം ഡാം കരിങ്കയം ഫോറെസ്റ്റ് ഡിവിഷന് കീഴിലുള്ള വനത്തില്‍ നിന്നും വനപാലകര്‍ക്കു ലഭിക്കുന്നത്.

പരുക്ക് ഗുരുതരമായതിനാലും കുഞ്ഞായിരുതിനാലും മരുന്നും ഭക്ഷണവും നല്‍കി കരിങ്കയം ഫോറസ്റ്റ് ഓഫീസില്‍ തന്നെ മ്ലാവിനെ സംരക്ഷിച്ചു.
വലുതായി പൂര്‍ണമായും ആരോഗ്യം കൈവരിക്കുമ്പോള്‍ തിരിച്ചു കാട്ടിലയക്കാനായിരുന്നു വനപാലകരുടെ പദ്ധതി.

പക്ഷെ വളര്‍ന്നു 8 മാസം കഴിഞ്ഞിട്ടും കാട്ടിലേക്കു മടങ്ങുവാന്‍ മ്ലാവ് തയ്യാറായില്ല. ഇതിനകം സുന്ദരി എന്ന പേരും വനപാലകര്‍ അവര്‍ക്ക് നല്‍കി. ഫോറെസ്റ്റ് ഓഫീസിനു ചുറ്റുമുള്ള കാട്ടിലൂടെ മേഞ്ഞു നടന്നാലും വനപാലകരുടെ സുന്ദരി എന്ന വിളി കേട്ടാല്‍ ഓടിയെത്തും.

ദോശയും പഴവുമാണ് ഇഷ്ടഭക്ഷണം. വനപാലകരുടെ ക്വാര്‍ട്ടേഴ്സില്‍ സുന്ദരിക്കായി ഒരു പങ്ക് ഭക്ഷണം എപ്പോഴും മാറ്റി വച്ചിരിക്കും. പക്ഷെ പഴം മാത്രം തൊലി കളഞ്ഞു കൊടുത്താല്‍ മാത്രമേ കഴിക്കൂ. ഇതിനകം ഫോറെസ്റ്റ് ഓഫീസില്‍ എത്തുന്ന എല്ലാവരുടെയും അരുമയായി മാറിക്കഴിഞ്ഞു സുന്ദരി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →