പാലക്കാട്>>> കൊവിഡ് പ്രതിസന്ധി മൂലം സര്‍ക്കാര്‍ നീട്ടിക്കൊടുത്ത വാഹനങ്ങളുടെ ഫിറ്റ്നസ് കാലാവധി അവസാനിച്ചതോടെ ടാക്സി ഡ്രൈവര്‍മാര്‍ ദുരിതത്തില്‍. ലോക്ക് ഡൗണ്‍ ഇളവുകള്‍ക്കു ശേഷം നിലവില്‍ ടാക്സികള്‍ നിരത്തിലിറങ്ങി കരകയറി വരുന്നതിനിടെയാണ് ഫിറ്റ്നസ് കാലാവധി ഇന്നലെ അവസാനിച്ചത്.
ഇതോടെ ഫിറ്റ്നസിന് വേണ്ടിയുള്ള തുക കൊടുക്കാനാകാതെ ടാക്സി ഡ്രൈവര്‍മാര്‍ നെട്ടോട്ടത്തിലാണ്. ഇതിനു പുറമെ ജി.പി.എസ് ഘടിപ്പിക്കണമെന്നുള്ള നിര്‍ബന്ധവും ഏറെ ദുരിതത്തിലാക്കുന്നു. ജി.പി.എസ് സംവിധാനം ആര്.ടി.ഒ ഓഫീസുകളില്‍ ഇതുവരെ പ്രവര്‍ത്തനക്ഷമമാകാത്ത സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കിയതെന്നാണ് ടാക്സി ഡ്രൈവര്‍മാരുടെ പരാതി.
കൊവിഡ് രണ്ടാംതരംഗ വ്യാപനത്തെ തുടര്‍ന്ന് പല ടാക്സികളും വലിയ സാമ്ബത്തിക പ്രതിസന്ധിയിലാണ്. ബസുകളും കാറുകളും ഉള്‍പ്പടെ ടൂറിസ്റ്റ് മേഖലയെ ആശ്രയിക്കുന്ന ഇരുപതിനായിരത്തോളം വാഹനങ്ങളാണ് ജില്ലയിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ലോക്ക് ഡൗണില്‍ നിറുത്തിയിട്ട വാഹനങ്ങളില്‍ പലതും നിരത്തിലിറങ്ങിയിട്ടേയുള്ളൂ. ഭൂരിഭാഗം ഉടമകളും വായ്പയെടുത്താണ് പിടിച്ച് നില്‍ക്കുന്നത്.
ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിനോദ സഞ്ചാര മേഖല ഉണര്‍ന്നതോടെ ചെറിയ തോതില്‍ വാഹനങ്ങള്‍ക്ക് വരുമാനം ലഭിച്ചു തുടങ്ങിയിരുന്നു. അതിനിടയിലാണ് രണ്ടാംതരംഗമുണ്ടായത്. ശബരിമല മണ്ഡലകാല സീസണുകളിലെ ബുക്കിംഗ്, വിവാഹ ഓട്ടങ്ങള്‍, കര്‍ക്കടകത്തിലെ ക്ഷേത്രദര്‍ശന യാത്രകള്‍ എന്നിവയെല്ലാം കൊവിഡ് മൂലം നഷ്ടമായി. ഇതെല്ലാം കൂടുതല്‍ പ്രതിസന്ധിയിലാക്കി. 30% വാഹനങ്ങള്‍ മാത്രമാണ് നിലവില്‍ ജി ഫോം നല്‍കിയിട്ടുള്ളത്.
ലോക്ക്ഡൗണ്‍ മൂലം നിറുത്തിയിട്ട വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ മിനിമം 20,000 രൂപയോളമെങ്കിലും ചെലവ് വന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഫിറ്റ്നസ് കാലാവധി 2022 മാര്‍ച്ച് 31 വരെ നീട്ടി തരണമെന്നുള്ള അപേക്ഷ ഗതാഗത മന്ത്രിക്കും മുഖ്യമന്ത്രിക്കും നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
Follow us on