എ വി ജോര്‍ജിന്റെ ദൃശ്യങ്ങള്‍ കണ്ട ദിലീപ് കൊല്ലുമെന്ന് ഭീഷണി മുഴക്കി; തന്നെ കൈവച്ച എസ്പി സുദര്‍ശന്റെ കൈ വെട്ടും; ദിലീപും സംഘവും ഗൂഢാലോചന നടത്തിയത് ബി സന്ധ്യ, സോജന്‍, സുദര്‍ശന്‍, ബൈജു, എ വി ജോര്‍ജ് എന്നിവര്‍ക്കെതിരെ

-

തിരുവനന്തപുരം>>കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ എടുത്ത പുതിയ കേസിന്റെ എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത് .

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ കൂടി ഉള്‍പ്പെടുത്തിയ പുതിയ കേസിലെ ഏറ്റവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ദിലീപിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റിരുന്നു എന്ന് കൂടി സംശയിക്കുന്നതാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ എഫ്ഐആറില്‍ ഉള്ളത്.

ദിലീപ് ഉള്‍പ്പെടെ ആറ് പ്രതികളാണ് കേസിലുള്ളത്. ആറാം പ്രതിയുടെ പേര് എഫ്ഐആറില്‍ ഇല്ല. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുമെന്ന് പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. എ വി ജോര്‍ജിന്റെ ദൃശ്യങ്ങള്‍ യു ട്യൂബില്‍ കണ്ട ദിലീപ് വധഭീഷണി മുഴക്കിയെന്നും തന്റെ ദേഹത്ത് കൈ വച്ച എസ് പി സുദര്‍ശന്റെ കൈ വെട്ടുമെന്ന് ദിലീപ് പറഞ്ഞതായും എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ബി സന്ധ്യ, സോജന്‍, സുദര്‍ശന്‍, ബൈജു, എ വി ജോര്‍ജ് എന്നിവര്‍ക്കെതിരെ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആര്‍ വ്യക്തമാക്കുന്നു.

എഫ്ഐആറിന്റെ ഉള്ളടക്കം: ‘ഒന്നാം പ്രതിയെ നെടുമ്പാശ്ശേരി പി. എസ്. കം. 297/2017 നമ്പര്‍ കേസിലെ 8-ആം നമ്പര്‍ പ്രതിയാക്കി അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ക്ക് വിധേയമാക്കിയതിന്റെ വിരോധത്താല്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ആവലാതിക്കാരനെയും കേസില്‍ മേല്‍നോട്ടം വഹിച്ച മറ്റ് മേലുദ്യോഗസ്ഥരെയും അപായപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി 1 മുതല്‍ 6 വരെ പ്രതികള്‍ ചേര്‍ന്ന് 15.11.2017-ആം തീയതി ആലുവ കൊട്ടാരക്കടവിലുള്ള ഒന്നാം പ്രതിയുടെ പത്മസരോവരം വീട്ടിലെ ഹാളില്‍ വച്ച് കുറ്റകരമായ ഗൂഢാലോചന നടത്തി. കേസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന എസ്പി എവി ജോര്‍ജ്ജിന്റെ വീഡിയോ യൂടൂബില്‍ ഫ്രീസ് ചെയ്തു വച്ച് ദൃശ്യങ്ങളില്‍ ജോര്‍ജ്ജിനു നേരെ ഒന്നാം പ്രതി കൈചൂണ്ടി ‘നിങ്ങള്‍ അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കാന്‍ പോവുകയാണ്. സോജന്‍,സുദര്‍ശന്‍, സന്ധ്യ, ബൈജു പൗലോസ്, പിന്നെ നീ, പിന്നെ ഇതില്‍ എന്റെ ദേഹത്ത് കൈവച്ച സുദര്‍ശന്റെ കൈവെട്ടണം’ എന്ന് ഒന്നാം പ്രതി പറയുന്നതും ബൈജു പൗലോസിനെ നാളെ പോകുമ്പോള്‍ ഏതെങ്കിലും വല്ല ട്രക്കോ അല്ലെങ്കില്‍ വല്ല ലോറിയോ വന്ന് സൈഡിലിടിച്ചാല്‍. ഒന്നരക്കോടി നോക്കേണ്ടിവരും അല്ലേ’ എന്ന് മൂന്നാം പ്രതി പറഞ്ഞും 1 മുതല്‍ 6 വരെ പ്രതികള്‍ ഗൂഢാലോചന നടത്തി ഭീഷണി മുഴക്കുന്നതും ബാലചന്ദ്രകുമാര്‍ എന്നയാള്‍ നേരിട്ട് കാണാനും കേള്‍ക്കാനും ഇടയാക്കി പ്രതികള്‍ മേല്‍ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നുള്ളത്’

വധഭീഷണി മുഴക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് പുതിയ കേസെടുത്തിരിക്കുന്നത്. നടന്‍ ദിലിപിനെക്കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, അനൂപിന്റെ ഭാര്യാ സഹോദരന്‍ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും പ്രതികളാണ്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. അന്വേഷണ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐ ജി എ വി ജോര്‍ജ് അന്വേഷണസംഘത്തെ നയിച്ച എസ് പിമാരായ സോജന്‍, സുദര്‍ശന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് തന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രുകുമാറിന്റെ മൊഴി.

ഇത് സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകളും കൈമാറിയിട്ടുണ്ട്. ഈ മൊഴിയുടെയും ഓഡിയോ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാന്‍ തടസമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നിലവിലെ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിന് ആവശ്യമെങ്കില്‍ ദിലീപിനെ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ നിയമതടസമില്ല. ഗൂഢാലോചനക്കുറ്റം പ്രാഥമികമായി ബോധ്യപ്പെട്ടാല്‍ അറസ്റ്റും രേഖപ്പെടുത്താം. വരുന്ന 12 നാണ് വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. ഇതുകൂടി കിട്ടിയശേഷം ദിലീപിനെ വിളിച്ചുവരുത്താനായിരുന്നു കഴിഞ്ഞ ദിവസത്തെ അന്വേഷണ സംഘത്തിന്റെ യോഗത്തിലെ ധാരണ. എന്നാല്‍ മുന്‍കൂര്‍ ജാമ്യം തേടിയോ എഫ്ഐആര്‍ തന്നെ ചോദ്യം ചെയ്തോ കോടതിയെ സമീപിക്കാന്‍ ദിലീപിന് നിയമതടസമില്ല.

അന്ന് കസ്റ്റഡിയില്‍ ദിലീപിന് തല്ലു കിട്ടിയോ?

അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്തണമെന്ന് ദിലീപും സംഘവും പറയുന്ന ശബ്ദരേഖകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമ്‌ബോള്‍ വ്യക്തമാകുന്നത് ദിലീപിന് അന്വേഷണ ഉദ്യോഗസ്ഥരോട് കടുത്ത പകയുണ്ടെന്ന് ശബ്ദരേഖകളില്‍ നിന്ന് വ്യക്തമാണ്. കേസിന്റെ ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യലില്‍ പൊലീസ് മര്‍ദ്ദനമേറ്റതാണ് ദിലീപിന്റെ വൈരാഗ്യത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചനള്‍ ഉള്ളത്. തന്റെ ദേഹത്ത് കൈ വെച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ സുദര്‍ശന്റെ കൈ വെട്ടണം എന്ന് അന്വേഷണ സംഘത്തിന് ലഭിച്ച ഒരു ശബ്ദരേഖയില്‍ ദിലീപ് തന്നെ പറയുന്നതില്‍ കസ്റ്റഡിയില്‍ തല്ലു കിട്ടിയെന്ന സൂചനയുമുണ്ട്.

ദിലീപിന് പൊലീസ് മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് പള്‍സര്‍ സുനിയുടെതായി അടുത്തിടെ പുറത്തു വന്ന കത്തിലും പറയുന്നുണ്ടായിരുന്നു. ആ കത്തിലെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്:

‘സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ. എന്നെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ എനിക്കെല്ലാം പറയാമായിരുന്നു. മാര്‍പാപ്പ ബൈജു തുണിയില്ലാതെ നിര്‍ത്തി ചെകിടത്ത് രണ്ടെണ്ണം തന്നപ്പോള്‍ ചേട്ടന്‍ ഒരു വിധം എല്ലാം പറഞ്ഞില്ലേ. എന്നെയും വീജീഷിനെയും പൊലീസ് സല്‍ക്കാരത്തിന് വിളിച്ചതല്ല. വിജീഷിനും എനിക്കും ശരിക്കും കിട്ടിയിട്ടും ഒന്നും പറഞ്ഞില്ല. വിജീഷ് പറയുമോയെന്ന് എനിക്കും പേടിയുണ്ടായിരുന്നു. പക്ഷെ ചേട്ടനെ പറ്റി ഒന്നും പറഞ്ഞില്ല. വിജീഷ് എന്നോട് ചോദിച്ചു നമ്മളെ ദിലീപേട്ടന്‍ രക്ഷിക്കില്ലേയെന്ന്. നമുക്ക് ചേട്ടന്‍ ഒരു വഴി കാണിച്ചു തരും ചേട്ടന്റെ പേര് പറയരുതെന്ന് ഞാന്‍ പറഞ്ഞു. ചേട്ടന്‍ ഞങ്ങള്‍ക്കെതിരെ പരാതി കൊടുക്കുന്നത് വരെ വിജീഷ് ഒന്നും പൊലീസിനോട് പറഞ്ഞില്ല,’ കത്തില്‍ പറയുന്നു.

2018 മെയ് മാസത്തില്‍ എഴുതിയ കത്താണിത്. പള്‍സര്‍ സുനി ഈ ഈ കത്ത് തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തു വിടണമെന്ന് അമ്മയോട് പള്‍സര്‍ സുനി പറഞ്ഞിരുന്നു. ദിലീപ് പള്‍സര്‍ സുനിക്കെതിരെയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെയും വകവരുത്താന്‍ പദ്ധതിയിടുന്നെന്ന ശബ്ദരേഖ പുറത്തു വന്നതോടെയാണ് അമ്മ കത്ത് പുറത്തു വിടുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →