ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് കാണാതായത് അഞ്ഞൂറിലധികം സുപ്രധാന ഫയലുകള്‍??ഫയലുകള്‍ അപ്രത്യക്ഷമായതില്‍ ദുരൂഹത

-

തിരുവനന്തപുരം>> ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകള്‍ കാണാതായി. മരുന്ന് വാങ്ങല്‍ ഇടപാടുകളുടേത് അടക്കമുള്ളവയാണ് കാണാതായത്.

സെക്ഷന്‍ ക്ലാര്‍ക്കുമാര്‍ തന്നെയാണ് ഫയലുകള്‍ കാണാനില്ലെന്ന വിവരം അധികാരികളെ അറിയിച്ചത്. ദിവസങ്ങളോളം ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ജീവനക്കാര്‍ കൂട്ടത്തിരച്ചില്‍ നടത്തിയെങ്കിലും ഒരെണ്ണംപോലും കണ്ടെത്താനായില്ല.

കോവിഡ് പശ്ചാത്തലത്തില്‍ ടെന്‍ഡര്‍ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍വഴി വാങ്ങിയത് വിവാദമായതിനു പിന്നാലെയാണ് ഫയലുകള്‍ അപ്രത്യക്ഷമായത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലും മരുന്നിടപാടുകളുടെ ഡിജിറ്റല്‍ ഫയലുകള്‍ പലതും നശിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. നഷ്ടമായ ഫയലുകള്‍ എത്രയെന്ന് കൃത്യമായ കണക്കില്ലെങ്കിലും അഞ്ഞൂറിലധികം വരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പോലീസിനെ അറിയിച്ചത്.

ഡയറക്ടറേറ്റിലെ ജീവനക്കാര്‍ അറിയാതെ ഫയലുകള്‍ കൂട്ടത്തോടെ എടുത്തുമാറ്റാനാവില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് വിജിലന്‍സ് വിഭാഗവും പ്രത്യേക അന്വേഷണം ആരംഭിച്ചു.

ആരോഗ്യവകുപ്പ് ആസ്ഥാനത്തുനടന്ന നവീകരണവുമായി ബന്ധപ്പെട്ട് പ്രധാന ഫയലുകള്‍ സൂക്ഷിച്ചിരുന്ന അലമാരകളും മറ്റും നേരത്തേ ഒരുഭാഗത്തേക്കു മാറ്റിയിരുന്നു. അപ്പോഴൊന്നും ഫയലുകള്‍ നഷ്ടമായിരുന്നില്ലെന്നാണ് ക്ലാര്‍ക്കുമാര്‍ പോലീസിനെ അറിയിച്ചത്. സുപ്രധാന ഫയലുകള്‍ സൂക്ഷിച്ച സ്ഥലങ്ങള്‍ അടിയന്തരമായി സി.സി.ടി.വി. നിരീക്ഷണത്തിലാക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഒരുവര്‍ഷം ആവശ്യമായ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴിയാണ് വാങ്ങുന്നത്. ഇതുകൂടാതെയാണ് കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്റ്റോര്‍ പര്‍ച്ചേസ് നിയമങ്ങള്‍ ഒഴിവാക്കി കോടികളുടെ മരുന്നും ഉപകരണങ്ങളും വാങ്ങിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും വാങ്ങാന്‍ തയ്യാറാക്കിയ ഇന്‍ഡന്റുമുതല്‍ ഓഡിറ്റ് നിരീക്ഷണങ്ങള്‍വരെ അടങ്ങിയ അഞ്ഞൂറിലധികം ഫയലുകള്‍ ആണ്‍ കാണാതായിരിക്കുന്നത്. ഇവ അലമാരകളും ഷെല്‍ഫുകളിലുമായിട്ടാണ് സൂക്ഷിച്ചിരുന്നത്.

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍നടന്ന ക്രമക്കേടുകളുമായി ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയല്‍ കാണാതായ സംഭവത്തിന് ബന്ധമുണ്ടോ എന്നതും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ആരോഗ്യവകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ആസ്ഥാനത്തും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലും വന്‍ റാക്കറ്റുതന്നെ പ്രവര്‍ത്തിക്കുന്നതായി കരുതേണ്ടിവരുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →