
തിരുവനന്തപുരം>>>വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വെച്ച അഞ്ച് കാശ്മീരി യുവാക്കള്‍ തിരുവനന്തപുരത്ത് അറസ്റ്റിലായി. കാശ്മീര്‍ രജൗരി സ്വദേശികളായ ഷൗക്കത്തലി(27), ഷുക്കൂര്‍ അഹമ്മദ് (23), ഗുല്‍സമന്‍(22), മുഷ്താഖ് ഹുസൈന്(22), മുഹമ്മദ് ജാവേദ് (24) എന്നിവരാണ് പിടിയിലായത്. എ.ടി.എമ്മില്‍ പണം നിറയ്ക്കുന്ന സിസ്കോയെന്ന സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ജീവനക്കാരാണിവര്‍. ഇവരില്‍ നിന്ന് 5 ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് ബുള്ളറ്റുകളും പിടിച്ചെടുത്തു.
മഹാരാഷ്ട്രയിലെ ഒരു റിക്രൂട്ടിംഗ് ഏജന്‍സി വഴിയാണ് ഇവര്‍ ആറുമാസം മുമ്ബ് കേരളത്തില്‍ എത്തിയതെന്ന് പൊലിസ് പറഞ്ഞു. വാടകയ്ക്ക് താമസിച്ചിരുന്ന നീറുമണ്കരയിലെ താമസസ്ഥലത്ത് നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളം,വി.എസ്.എസ് സി, ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്ബ്, വ്യോമസേനാ ആസ്ഥാനം തുടങ്ങിയ മേഖലകളിലെ എ.ടി.എമ്മുകളിലായിരുന്ന ഇവര്‍ പണം നിറച്ചിരുന്നത്.
പൊലീസ് നിരീക്ഷണം തിരഞ്ഞെടുപ്പ് കാലം മുതല്‍
നിയമസഭ തിരഞ്ഞെടുപ്പ് കാലം മുതല്‍ ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് കരമന പൊലീസ് പറഞ്ഞു.തിരഞ്ഞെടുപ്പ് കാലത്ത് സ്റ്റേഷന് പരിധിയിലെ തോക്കുകള്‍ ഹാജരാക്കണമെന്ന് എസ്.എച്ച്.ഒ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇവര്‍ ഹാജരാക്കിയിരുന്നില്ല.രണ്ട് പേര് സ്ഥലത്തില്ലെന്നും മറ്റുള്ളവര്‍ എ.ടി.എമ്മില്‍ സുരക്ഷയ്ക്ക് തോക്ക് നിര്‍ബന്ധമാണെന്ന റിപ്പോര്‍ട്ടും അന്ന് പൊലീസിന് നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ തന്നെ അഞ്ചുപേരുടേയും പക്കലുള്ള തോക്കിന്റെ ലൈസന്‍സ് പരിശോധനയ്ക്കായി കാശ്മീരിലെ രജൗരി ജില്ലയിലെ എ.ഡി.എമ്മിന് അയച്ചു കൊടുത്തു.
ഇത്തരത്തിലുള്ള ഒരു ലൈസന്‍സും അവിടെ നിന്ന് നല്‍കിയിട്ടില്ലെന്ന് എ.ഡി.എം കരമന പൊലീസിന് റിപ്പോര്‍ട്ട് നല്കി.തുടര്‍ന്നാണ് ലൈസന്‍സ് വ്യാജമാണെന്ന് തെളിഞ്ഞത്. ഇവരുടെ അറസ്റ്റ് ഇന്നലെ തന്നെ രേഖപ്പെടുത്തി.സംഭവം ഗൗരവമുള്ളതായതിനാല്‍ ഉന്നത പൊലീസ് സംഘമെത്തി ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും.മിലിട്ടറി ഇന്റലിജന്‍സും പൊലീസില്‍ നിന്ന് വിവരം ശേഖരിച്ചതായി സൂചനയുണ്ട്.

Follow us on