കണ്ണില്‍ വേദനയും നീരുമായെത്തിയ രോഗിയ പരിശോധിച്ച ഡോക്ടര്‍മാര്‍ കണ്ടത് അപൂര്‍വയിനം ജീവിയെ

-

വെള്ളറട>> കാരക്കോണം ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കണ്‍പോളയില്‍ നിന്ന് അപൂര്‍വയിനം പ്രാണിയായ പട്ടുണ്ണിയെ (ഹാര്‍ഡ് ടിക്ക് ) നീക്കം ചെയ്തു.

നേത്രരോഗ ചികിത്സാ വിഭാഗത്തിലെ ഡോക്ടര്‍മാരാണ് പ്രാണിയെ കണ്ടെത്തിയത്. കണ്ണിന് വേദനയും നീരുമായിട്ടാണ് രോഗി ചികിത്സയ്‌ക്കെത്തിയത്. വിശദമായ പരിശോധനയില്‍ ഒരുതരം ചെള്ള് കണ്‍പോളയില്‍ കടിച്ചിരിക്കുന്നത് കണ്ടു.

തൊലിപ്പുറത്ത് ശക്തിയായി കടിച്ചുതൂങ്ങിയിരുന്ന ജീവിയെ സസൂക്ഷ്മം നീക്കം ചെയ്യുകയായിരുന്നു. അശ്രദ്ധമായി നീക്കം ചെയ്താല്‍ പ്രാണിയുടെ വായ്ഭാഗം മുറിഞ്ഞ് രോഗിക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടായിരുന്നു. നേത്രരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സി.പി. ഷിംനയാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

നീക്കംചെയ്ത ജീവിയെ ത്വക്ക് രോഗം, കമ്മ്യൂണിറ്റി മെഡിസിന്‍, മൈക്രോ ബയോളജി വിഭാഗങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് പട്ടുണ്ണി അഥവാ വട്ടന്‍ വിഭാഗത്തില്‍പ്പെട്ട പ്രാണിയാണെന്ന് സ്ഥിരീകരിച്ചത്. പ്രധാനമായും മൃഗങ്ങള്‍ക്കാണ് പട്ടുണ്ണിയുടെ ശല്യമുണ്ടാകുന്നത്.

വനപ്രദേശങ്ങളിലെ മരങ്ങള്‍ക്കിടയിലാണ് സാധാരണയായി ഇവ കാണപ്പെടുന്നത്. ഹാര്‍ഡ് ടിക്ക് വിഭാഗത്തില്‍ പെട്ട ജീവികള്‍ക്ക് ലൈം ഡിസീസ്, കുരങ്ങു പനി, പുള്ളി പനി തുടങ്ങിയ രോഗങ്ങള്‍ പരത്താനുള്ള ശേഷിയുണ്ടെന്നും ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കുമെന്നും കാരക്കോണം മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ.ജെ. ബെനറ്റ് എബ്രഹാം അറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →