എറണാകുളം സ്ത്രീധന പീഡന കേസ് : ആരോപണ വിധേയനായ അന്വേഷണ ഉദ്യോഗസ്ഥന്‍ വനിതാ കമ്മീഷനു മുന്നില്‍ ഹാജരായി

രാജി ഇ ആർ -

കൊച്ചി>>> എറണാകുളം സ്ത്രീധന പീഡന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വനിതാ കമ്മീഷനു മുന്നില്‍ ഹാജരായി. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി ബി ടോമാണ് വനിതാ കമ്മീഷന് മുന്നില്‍ ഹാജറായി വിശദീകരണം നല്‍കിയത്.

പരാതിക്കാരിയായ യുവതിയെ സന്ദര്‍ശിച്ച കമ്മീഷന്‍ അംഗം ഷിജി ശിവജി പോലീസിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. ആദ്യ പരാതിയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമ വകുപ്പുകള്‍ ചേര്‍ക്കാത്ത നടപടിയെ അവര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥനോട് തിരുവനന്തപുരത്തെ വനിത കമ്മീഷന്‍ ഓഫീസിലെത്തി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കമ്മീഷന്‍ മുന്‍പാകെ ഹാജരായി ഉദ്യോഗസ്ഥന്‍ തന്റെ ഭാഗം വിശദികരിച്ചു.

ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ധിക്കുകയും പട്ടിണിക്കിടുകയും ചെയ്ത പച്ചാളം സ്വദേശി ജിപ്സണ്‍ പീറ്ററിനെതിരെയാണ് പരാതി. മകളുടെ ദുരവസ്ഥ ചോദ്യം ചെയ്ത ഭാര്യാപിതാവിന്റെ കാല്‍ ജിപ്‌സണ്‍ തല്ലി ഒടിക്കുകയും ചെയ്തിരുന്നു. ആദ്യ പരാതിയില്‍ നടപടി എടുക്കാത്ത പൊലീസ് പിന്നീട് കേസെടുത്തെങ്കിലും ഇരയായ പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല.

സ്ത്രീധന പീഡന പരാതിയില്‍ നടപടിയെടുക്കാത്ത പോലീസ് നിലപാടിനെതിരെ യുവതി രംഗത്ത് വന്നിരുന്നു. വിസ്മയയെ പോലെ താനും മരിക്കണമായിരുന്നു. എങ്കില്‍ കുറ്റവാളികളികളെ അറസ്റ്റു ചെയ്യുമായിരുന്നു ഇവിടെ ഒരു പെണ്‍കുട്ടിയും ഒന്നും തുറന്നു പറയാത്തത് ഇതുകൊണ്ടാണ്. ആര്‍ക്കും നീതി ലഭിക്കാത്ത സ്ഥിതിയാണെന്നും അവര്‍ പറഞ്ഞു.

പരാതിയില്‍ കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെ പോലീസ് പ്രതികളെ ചോദ്യം ചെയ്തട്ടില്ല. പ്രതികളുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്‍ കേസ് അട്ടിമറിക്കാന്‍ ഇടപെടുന്നതായും പീഡനത്തിനിരയായ പെണ്‍കുട്ടി ആരോപിച്ചു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ പോലീസ് ഒത്തുകളിക്കുന്നതായി ആക്ഷന്‍ കൗണ്‍സിലും ആരോപണമുന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ആദ്യ പരാതിയില്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രം ചുമത്തിയാണ് പച്ചാളം പനച്ചിക്കല്‍ വീട്ടില്‍ ജിപ്സ്ണ്‍ പീറ്ററിനെതിരെ കേസെടുത്തിരുന്നത്. കമ്മീഷണര്‍ ഓഫീസില്‍ പെണ്‍കുട്ടി നേരിട്ട് ചെന്ന് മൊഴി നല്‍കിയതിന് പിന്നാലെയാണ് പുതിയ കേസ് എടുത്തത്. കര്‍ശന നടപടിക്ക് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്.

ജിപ്സണെ കൂടാതെ, ഇയാളുടെ മാതാപിതാക്കളും പ്രതികളാകും. ക്രൂരമായ പീഡനത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പൊലീസ് നടപടിയും വേഗത്തിലായി. വിഷയത്തില്‍ ഇടപെട്ട വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും പിന്തുണയുമായി യുവതിയുടെ വീട്ടിലെത്തിയിരുന്നു. ശരിയായ രീതിയില്‍ പോലീസ് അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലും ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ ജിപ്‌സണും മാതാപിതാക്കളും മുന്‍കൂര്‍ ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഭര്‍തൃവീട്ടില്‍ ഒട്ടനവധി പീഡനങ്ങളാണ് മുപ്പത്തിയൊന്നുകാരിയായ യുവതിക്ക് അനുഭവിക്കേണ്ടി വന്നത്. രണ്ടുവര്‍ഷം മുമ്പാണ് പച്ചാളം സ്വദേശി ജിപ്സണുമായുള്ള ഇവരുടെ വിവാഹം നടക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.