
കോട്ടയം>>>മരണം തൊട്ടുമുന്നില്‍ നിന്ന് തിരിച്ചുപോയതിന്റെ അമ്പരപ്പിലാണ് വനംവകുപ്പ് വാച്ചറായ അറുമുഖം കണ്ണന്.കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാലിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അറുപത്തിയഞ്ചുകാരനായ അറുമുഖം കണ്ണന് ഇപ്പോഴും സംഭവിച്ചതെല്ലാം അത്ഭുതമായിട്ടാണ് തോന്നുന്നത്. വനംവകുപ്പിലെ സ്ഥിരം വാച്ചറാണ് കുമളി കൊച്ചുപറമ്പില്‍ അറുമുഖം കണ്ണന്.
ചൊവ്വാഴ്ച്ച വൈകിട്ടാണ് അറുമുഖം കണ്ണന് അടക്കമുള്ളവരെ കാട്ടാന ആക്രമിച്ചത്. കണ്ണനെയും ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ വിവേക്, താല്‍ക്കാലിക വാച്ചര്‍മാരായ സെന്തില്‍, ശോഭന്‍ എന്നിവരെയും പെരിയാര്‍ വന്യമൃഗ സങ്കേതത്തിലെ ഈറ്റപ്പന്തല്‍ ഭാഗത്ത് വെച്ചാണ് കാട്ടാന ആക്രമിച്ചത്.
സംഭവത്തെ കുറിച്ച് കണ്ണന് പറയുന്നത് ഇങ്ങനെ, കാട്ടില്‍ പതിവ് പരിശോധന കഴിഞ്ഞു വരികയായിരുന്നു. ഇതിനിടയില്‍ രണ്ട് തവണ കാട്ടാനക്കൂട്ടത്തെ കണ്ടിരുന്നു. പുല്‍മേട് കയറ്റം കയറി നേരെ ചെന്നത് കാട്ടാനക്കൂട്ടത്തിന്റെ മുന്നിലാണ്. നാല് പേരും നാല് വഴിക്ക് ഓടി.
ഓടുന്നതിനിടയില്‍ മരത്തിന്റെ വേരില്‍ തട്ടി കണ്ണന് വീണു. എഴുന്നേറ്റ് വീണ്ടും ഓടാന്‍ ശ്രമിക്കുന്നതിന് മുമ്ബ് കാട്ടാന കണ്ണന്റെ മുന്നിലെത്തി. ഓടാന്‍ ശ്രമിച്ച കണ്ണനെ ആദ്യം മസ്തകം കൊണ്ട് തള്ളി വീഴ്ത്തി. തുമ്ബിക്കൈ കൊണ്ട് അടിച്ചു.
മരണം കാട്ടാനയുടെ രൂപത്തില്‍ കണ്ണന്റെ മുന്നില്‍ വന്ന് നിന്ന നിമിഷങ്ങള്‍. കാട്ടാന കാലില്‍ ചവിട്ടിയതോടെ വേദന സഹിച്ച് കണ്ണുകള്‍ മുറുക്കിയടച്ചു. എല്ലൊടിയുന്ന ശബ്ദം കേട്ടു. കണ്ണ് തുറന്നപ്പോള്‍ കാണുന്നത് ആനയുടെ വയര്ഭാഗമാണ്. കണ്ണന്റെ തലയ്ക്ക് മുകളിലൂടെ കാട്ടാന കടന്നു പോയി.
ആന നടന്നു നീങ്ങിയപ്പോള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടണമെന്ന് തോന്നി. എന്നാല്‍ കിടന്നിടത്ത് നിന്ന് അനങ്ങാന്‍ പോലും കണ്ണന് സാധിച്ചില്ല. ആന ചവിട്ടിയ ഇടതുകാലിന്റെ കുഴ ഒടിഞ്ഞിരിക്കുകയായിരുന്നു. അപ്പോഴേക്കും കൂടെയുണ്ടായിരുന്നവര്‍ ഓടിയെത്തി ബഹളം വച്ച് ആനയുടെ ശ്രദ്ധ മാറ്റി.
കണ്ണനെ തോളിലെടുത്ത് തോളില്‍ എടുത്തുകൊണ്ട് 4 കിലോമീറ്റര്‍ നടന്നാണ് വാഹനം എത്തുന്ന ഐസി ടണല്‍ ഭാഗം വരെ എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനവുമായി ഇവിടെ കാത്തുനിന്നിരുന്നു. 1
8 വര്‍ഷമായി വനം വകുപ്പില്‍ വാച്ചറായി ജോലി ചെയ്യുന്ന കണ്ണന് മിക്ക ദിവസങ്ങളിലും കാട്ടാനക്കൂട്ടത്തെ അടുത്തു നിന്ന് കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു സംഭവം ആദ്യമായാണ്.
ജീവന് തിരിച്ചു കിട്ടിയെങ്കിലും ആനയുടെ ചവിട്ടിയ ഭാഗത്തെ പേശികള്‍ തകര്‍ന്നു. തൊലിക്കും ചതവ് പറ്റിയിട്ടുണ്ട്. ഒടിഞ്ഞ കാലിന്റെ അസ്ഥിക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് മെഡിക്കല്‍ കോളജ് ഓര്‍ത്തോ വിഭാഗം യൂണിറ്റ് ചീഫ് ഡോ. ജോര്‍ജ് തോമസ് പറയുന്നത്. കണ്ണന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ശസ്ത്രക്രിയ തീരുമാനിക്കും.

Follow us on