‘ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് മൂന്ന് തവണ തീ വീണു’; വൈദ്യുതി കണക്ഷന്‍ എടുത്തിട്ടില്ലെന്നും ആക്രിക്കട ഉടമ

-

തിരുവനന്തപുരം>>പിആര്‍എസ് ആശുപത്രിക്ക് സമീപം ഇന്നുണ്ടായ വന്‍ തീപിടിത്തത്തിന്റെ കാരണം ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് തീ വീണതാണെന്ന് ആക്രിക്കട ഉടമ നിഷാന്‍. രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായതെന്നും അച്ഛന്‍ സുല്‍ഫിയടക്കം മൂന്ന് പേര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും നിഷാന്‍ പറഞ്ഞു. ഇവരെല്ലാം തീ പടര്‍ന്നപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

‘ഇലക്ട്രിക് പോസ്റ്റില്‍ നിന്നാണ് തീപടര്‍ന്നത്. മൂന്ന് തവണ തീ താഴേക്ക് വീണു. 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സഥാപനമാണ്. ലക്ഷങ്ങളുടെ ആക്രി സാധനങ്ങള്‍ കത്തി നശിച്ചു. അച്ഛന്‍ സുല്‍ഫിയുടെ പേരിലാണ് കടയുടെ ലൈസന്‍സ്. സഥാപനത്തില്‍ വൈദ്യുതി കണക്ഷന്‍ എടുത്തിട്ടില്ല,’- എന്നും നിഷാന്‍ വ്യക്തമാക്കി.

തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. പിആര്‍എസ് ആശുപത്രിക്ക് സുരക്ഷാ പ്രശ്‌നമൊന്നും നേരിട്ടിട്ടില്ല. സ്ഥലത്ത് നിന്ന് ജനങ്ങളെ മാറ്റിയിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കളക്ടര്‍ അറിയിച്ചു. ഗോഡൗണില്‍ എണ്ണയുടെ അംശം ഉണ്ടായിരുന്നതാവും തീ പടരാന്‍ കാരണമെന്ന് കളക്ടര്‍ സംശയം പ്രകടിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള പാന്തര്‍ ഫയര്‍ ഫോഴ്‌സടക്കം എത്തിയാണ് ശക്തമായി വെള്ളം ചീറ്റിയത്. ഇതടക്കം 12 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. പൂന്തറ സ്വദേശി സുല്‍ഫിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. ഇന്നും ജീവനക്കാര്‍ ഇവിടെയെത്തി കട തുറന്നിരുന്നു. തീയാളി പടര്‍ന്ന ആക്രിക്കടയ്ക്ക് സമീപത്തെ വീടുകളിലേക്ക് തീപടരുന്നത് തടയാന്‍ ഫയര്‍ ഫോഴ്‌സിന് സാധിച്ചു. ഗോഡൗണിനകത്ത് ടാര്‍ നിറയ്ക്കാനുപയോഗിച്ച പാട്ട ഉണ്ടെന്നാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നല്‍കിയ സൂചന. അതിനിടെ തീ പിടിത്തമുണ്ടായ ആക്രിക്കടക്കെതിരെ നിരവധി തവണ പരാതിപ്പെട്ടെന്നും നഗരസഭ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും റസിഡന്‍സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →