വിശുദ്ധ സമരണയില്‍ ഇന്ന് ബലിപെരുന്നാള്‍

രാജി ഇ ആർ -

കോഴിക്കോട്>>>ആത്മസമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും ഓര്‍മകളുമായി ഒരു ബലിപെരുന്നാള്‍ കൂടി. സൃഷ്ടാവിനു മുന്നില്‍ സര്‍വതും സമര്‍പ്പിച്ച ഇബ്രാഹീം നബിയുടെയും പുത്രന്‍ ഇസ്മായില്‍ നബിയുടെയും ഓര്‍മകളാണ് ഹജ്ജിലൂടെ ലോക മുസ്‌ലീങ്ങള്‍ അയവിറക്കുന്നത്. ദൈനംദിന ജീവിതത്തില്‍ പാലിക്കുന്ന നിയന്ത്രണങ്ങളുടെ പാതയില്‍തന്നെയാണ് ഓരോ വിശ്വാസിയും ഈ പെരുന്നാള്‍ ദിനത്തെയും അഭിമുഖീകരിക്കുന്നത്.

കോവിഡ് നിയന്ത്രണത്തില്‍ ഇളവുവരുത്തിയതോടെ 40 പേര്‍ക്ക് പള്ളികളില്‍ നമസ്‌കാരത്തിന് അനുമതിയുണ്ടാകും. ഒരു ഡോസെങ്കിലും വാക്സിന്‍ എടുത്തവര്‍ക്കാണ് അനുമതി. സാമൂഹ്യ അകലവും ആളുകളുടെ എണ്ണവും കൃത്യമായി പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ ഗര്‍ഫ് രാജ്യങ്ങളും ഇന്നലെയായിരുന്നു പെരുന്നാള്‍. ഹജ് അനുഷ്ഠാനത്തിലെ സുപ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ തീര്‍ഥാടകര്‍ നിറഞ്ഞമനസ്സോടെ ബലിപെരുന്നാള്‍ ആഘോഷിച്ചു. മക്കയിലെത്തിയ തീര്‍ഥാടകര്‍ കഅബ പ്രദക്ഷിണം, ബലിയര്‍പ്പണം, തലമുണ്ഡനം എന്നീ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് തീര്‍ഥാടന വസ്ത്രം (ഇഹ്‌റാം) മാറ്റി പുതുവേഷമണിഞ്ഞ് പെരുന്നാള്‍ ആഘോഷിച്ചു.