നിങ്ങളൊരു ഭക്ഷണപ്രേമിയാണോ? ആണെങ്കില്‍ ഒരു സുവര്‍ണാവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഒരു കാട്ടി റോള്‍ 20 മിനിറ്റ് കൊണ്ട് നിങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കുമെങ്കില്‍ 20000 രൂപ നേടാം. വാര്‍ത്ത കേട്ട് കാട്ടി റോളിനെ നിസ്സാരമായി കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കാട്ടി റോളിന്റെ വിശേഷണങ്ങള്‍ കേട്ട ശേഷം മാത്രം ആ വെല്ലുവിളി സ്വീകരിക്കുന്നതായിരിക്കും നല്ലത്.
ഡല്‍ഹിയിലെ മോഡല്‍ ടൗണിലാണ് വിശിഷ്ടമായ ഈ കാട്ടി റോള്‍ ലഭിക്കുക. 10 കിലോയോളം വരുന്ന ഈ ഭീമന് കാട്ടി റോള്‍ 20 മിനിറ്റ് കൊണ്ടാണ് കഴിച്ചു തീര്‍ക്കേണ്ടത്. അത്രയും എളുപ്പമായി ഈ കാട്ടി റോളിനെ അകത്താക്കാന്‍ സാധിക്കില്ല എന്ന് ഭാരം കേട്ടപ്പോഴേ മനസിലായി കാണുമല്ലോ.
നൂഡില്‍സും ചീസും ചിക്കനും പനീറും സോയാബീനും മസാല സോസുകളും കൊണ്ട് സമ്പുഷ്ടമാണ് ഇത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ഭക്ഷണപ്രേമി പങ്കുവെച്ച വിഡിയോയിലൂടെയാണ് ഈ ഭീമന് കാട്ടി റോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഈ വീഡിയോയില്‍ കാട്ടി റോള്‍ ഉണ്ടാക്കുന്നത് വിശദമായി കാണിക്കുന്നുണ്ട്. പരത്തിയ ഗോതമ്ബ് മാവ് ഒരു വലിയ തവയില്‍ ചുട്ടെടുക്കുന്നു. അതിലേക്ക് 30 മുട്ടകള്‍ ചേര്‍ക്കുകയും ഒടുവില്‍ റോള്‍ ചെയ്യുന്നതിനായി നൂഡില്‍സ്, കബാബ്, സോയ ചാപ് എന്നിവ ചേര്‍ക്കുന്നത് കാണാം. കൂടെ വിവിധ മസാല സോസുകളും ഇതിനു മുകളിലായി ചേര്‍ക്കുന്നുണ്ട്.
ഭക്ഷണം കഴിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ തീര്‍ച്ചയായും പരീക്ഷിക്കാന്‍ പറ്റിയ ഒന്ന് തന്നെയാണ് ഈ ഭീമന് കാട്ടി റോള്‍.
ഭക്ഷണം കഴിക്കുന്ന വെല്ലുവിളികള്‍ നാം നിരവധി ടിവി ഷോകളില്‍ കണ്ടിട്ടുണ്ട്. വലിയ അളവില്‍ തരുന്ന ഭക്ഷണം നിശ്ചിത സമയത്തിനകം കഴിച്ചു തീര്‍ക്കുക എന്ന ചലഞ്ച് ആണ് കൂടുതലായി നാം കാണാറുള്ളത്. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു നിരവധി ഷോകള്‍ ഇന്ത്യയിലും തരംഗമായിരുന്നു. ടിവി ഷോകള്‍ വിട്ട് ഇപ്പോള്‍ പലതും സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലേക്ക് എത്തിയിരിക്കുകയാണ്.
ബാഹുബലി താലി പോലുള്ള നിരവധി ഭക്ഷണങ്ങള്‍ ഭക്ഷണ പ്രേമികളെ വെല്ലുവിളിക്കാന്‍ എത്തിയിരുന്നു. മോമോസ് ചലഞ്ച് ഒക്കെ അതില്‍ ഉള്‍പ്പെട്ടിരുന്നു. ഇത്പോലെ ലോകമെമ്പാടും വളരെ രസകരമായ ചലഞ്ചുകള്‍ ഉണ്ട്. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ നഗരത്തിലെ മിഷന് ബുറിറ്റോ റെസ്റ്റോറന്റ് ബുറിറ്റോ ഈറ്റിങ് ചലഞ്ച്, ഇംഗ്ലണ്ടിലെ ആഷ്വില്ലെ സ്റ്റീക്ക്ഹൗസിലാണ് രസകരമായ മറ്റൊരു ചലഞ്ച് ഉള്ളത്. നിരവധി ഭക്ഷണ പ്രേമികളാണ് ഈ ചലഞ്ചുകളെല്ലാം ഏറ്റെടുക്കാന്‍ തയ്യാറായി എത്താറുള്ളത്.
Follow us on