‘ഡിഡിസി യോഗത്തില്‍ ഇ ഓഫീസുകളുടെ അഭാവത്തെക്കുറിച്ച് ആഞ്ഞടിച്ച് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ’

web-desk -

പെരുമ്പാവൂര്‍ >>>എറണാകുളം ജില്ല കളക്ടര്‍ വിളിച്ചു ചേര്‍ത്ത ജില്ലാ വികസന സമിതി യോഗത്തില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനങ്ങള്‍ക്ക് വേണ്ടി സമീപിക്കുന്ന ആളുകള്‍ക്ക് വളരെ വേഗത്തില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ഇ ഓഫീസ് വഴി ലഭ്യമാക്കുന്നത് ഉറപ്പുവരുത്തണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ.

നിലവിലത്തെ സാഹചര്യത്തില്‍ തങ്ങളുടെ ഫയല്‍ മൂവ്‌മെന്റിന്റെ ഒരു വിവരങ്ങളും പൊതുജനത്തിന് അറിയുവാന്‍ സാധിക്കാത്തത് ഉദ്യോഗസ്ഥര്‍ക്ക് അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നതിന് അരങ്ങ് ഒരുക്കുന്നതാണെന്നും എംഎല്‍എ ആരോപിച്ചു.ഇത് മൂലം ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന റവന്യൂ വകുപ്പ് ഉള്‍പ്പെടുയുള്ള വകുപ്പുകളില്‍ അഴിമതിക്കാര്‍ കൂടുന്നതിന്റെ ഉദാഹരണമാണ് ഫോര്‍ട്ട് കൊച്ചി ആര്‍ ഡി ഒ ഓഫീസില്‍ സമീപകാലത്തുണ്ടായ സംഭവങ്ങള്‍ എന്നും എംഎല്‍എആരോപിച്ചു.

നിലവില്‍ കോടതികള്‍ പോലും നൂതന സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ഈ കാലഘട്ടത്തില്‍ വിവിധ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ സമീപിക്കുന്ന ജനങ്ങള്‍ക്ക് അവരവര്‍ നല്കുന്ന അപേക്ഷയുടെയും, പരാതികളുടെയും വിശദമായ വിവരങ്ങള്‍ സമയബന്ധിതമായി ഇഓഫീസ് വഴി അറിയുന്നതിനും, അപേക്ഷിക്കുന്ന ഫയലുകളുടെ നിലവിലെ സ്ഥിതിവിവരങ്ങള്‍ സ്വയം അറിയുന്നതിനും ആയി വളരെ കൃത്യതയോടെ കൂടിയും വേഗത്തില്‍ ലഭിക്കുന്നതിനും ഡിജിറ്റല്‍ സംവിധാനങ്ങളുടെ സഹായങ്ങള്‍ ഉറപ്പുവരുത്തുകയും, കാലതാമസം ഒഴിവാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ആവശ്യപ്പെട്ടു.